സ്കൂൾ കലോത്സവത്തിൽ നോൺ വെജ് വിളമ്പണോ? പഴയിടം പറയുന്നു..പക്ഷേ..
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നോൺ വെജ് വിളമ്പണമെന്നത് സംബന്ധിച്ചുള്ള ചർച്ചകളും വിവാദങ്ങളും പുകയവെ വിഷയത്തിൽ പ്രതികരിച്ച് പഴയിടം മോഹനൻ നമ്പൂതിരി. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കായിക മേളയ്ക്ക് നോൺ വെജ് വിളമ്പാറുണ്ടെന്നും എന്നാൽ കലോത്സ സമയത്ത് നോൺ വെജ് വിളമ്പുക പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

'കലോത്സവത്തിൽ മത്സ്യ മാംസങ്ങൾ വിളമ്പണോയെന്നത് തീരുമാനിക്കുന്നത് സർക്കാരാണ്. കായിക മേളയ്ക്ക് നമ്മൾ നോൺ വെജ് കൊടുക്കുന്നുണ്ട്. ഞാൻ അല്ല തയ്യാറാക്കുന്നത്, നോൺ വെജ് തയ്യാറാക്കുന്ന നല്ലൊരു ടീം ഒപ്പമുണ്ട്. അവർ ചെയ്യുന്നത് മേൽനോട്ടം വഹിക്കുകയാണ് എന്റെ ഉത്തരവാദിത്തം. കലോത്സവത്തിന് നോൺ വെജ് വിളമ്പണമെന്ന് സർക്കാർ പറഞ്ഞാൽ വിളമ്പും. പക്ഷേ അതിന് പല പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ട്.

കായിക മേളയ്ക്ക് പങ്കെടുക്കാൻ എത്തുന്നവരുടെ എണ്ണം ഏറെ കുറെ കൃത്യമായിരിക്കും. പക്ഷേ കലാമേളയ്ക്ക് അങ്ങനെയല്ല, പറയുന്നതിന്റെ ഇരട്ടി ആളുകളാണ് വരിക. ഇന്നലെ ഒൻപതിനായിരത്തോളമാണ് മത്സരാർത്ഥികളുടെ എണ്ണം. പക്ഷേ ഭക്ഷണം കഴിക്കാനെത്തിയത് ഇരുപതിനായിരത്തിലധികമാണ്. അപ്പോൾ എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് നോൺ വെജ് ഉണ്ടാക്കുന്നത്? നോൺ വെച്ചിട്ട് കൃത്യമായി എല്ലാവർക്കും കിട്ടിയില്ലെങ്കിൽ അതിന്റെ പുകില അതിനെക്കാൾ ഏറെയായിരിക്കും.അതുകൊണ്ടായിരിക്കും സർക്കാരും നോൺ വെജ് വിളമ്പണമെന്ന് ആവശ്യപ്പെടാത്തത്.

വെജിറ്റേറിയൻ ഭക്ഷണങ്ങൾ തീർന്നാൽ നമ്മുക്ക് പെട്ടെന്ന് തന്നെ ഭക്ഷണം ഉണ്ടാക്കാൻ സാധിക്കും. അതിനൊന്നും അധികം സമയം ആവശ്യമില്ല. അടുത്ത വർഷം നോൺ വിളമ്പാൻ സർക്കാർ ആവശ്യപ്പെട്ടാൽ അപ്പോൾ ആലോചിക്കാം. അപ്പോഴും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടും. വെജ് ഭക്ഷണമൊക്കെ എത്രനേരം കേട് കൂടാതെ ഇരിക്കുമെന്നതിനെ കുറിച്ചൊക്കെ എനിക്ക് അറിയാം. മറ്റേത് പക്ഷെ അങ്ങനെയല്ല'.

കലോത്സവ അടുക്കളപ്പുരയിൽ ബ്രാഹ്മണ ഹെജിമണിയെന്നൊക്കെ ചിലർ പറയുന്നുണ്ട്. അതിൽ എത്രമാത്രം യുക്തിയുണ്ട്, സത്യമുണ്ടെന്ന് എനിക്ക് അറിയില്ല. കാരണം പേപ്പറിൽ പരസ്യമായി ടെന്റർ ചെയ്ത് കൊണ്ട് തന്നെയാണ് പാചകപ്പുരയുടെ ക്രമീകരണം സർക്കാർ ഏൽപ്പിക്കുന്നത്. കുറഞ്ഞ ക്വട്ടേഷൻ ആര് കൊടുക്കുന്നോ അവരെയാണ് ജോലി ഏൽപ്പിക്കുന്നത്. ഇത്തവണയും എനിക്ക് അങ്ങനെ തന്നെയാണ് ക്വട്ടേഷൻ കിട്ടിയത്.

വിവാദങ്ങൾക്ക് മറുപടി പറയാൻ ഇല്ല. കാരണം ഞാൻ അത്തരമൊരു ആളല്ല. എല്ലാവരോടും സമചിത്തതയോടെയും ഒരുപോലെയും പരിഗണിക്കുന്നയാളാണ് ഞാൻ. എനിക്ക് അങ്ങനെ കാണാനേ സാധിക്കൂ. സോഷ്യൽ മീഡിയ നോക്കുന്ന ആള് തന്നെയാണ്. പക്ഷേ ജോലിക്കിടയിൽ നോക്കാറില്ല. ഇന്ന് പക്ഷേ ഒരാൾ വിളിച്ച് പറഞ്ഞു തിരുമേനി തുറന്ന് നോക്ക് വല്ലാത്ത പുകില് കാണാമെന്ന് പറഞ്ഞു.അങ്ങനെ നോക്കിയപ്പോഴാണ് ചർച്ചയും കമന്റുകളുമൊക്കെ കാണുന്നത്. ഒരുകാര്യത്തിൽ സന്തോഷമുണ്ട് നിരവധി പേർ അനുകൂലച്ച് സംസാരിച്ചിട്ടുണ്ട്', പഴയിടം പറഞ്ഞു.












Click it and Unblock the Notifications