ജോര്‍ജിന് കൂറ് പ്രതിപക്ഷത്തോട്: തിരുവഞ്ചൂര്‍
തിരുവനന്തപുരം: ഡേറ്റ സെന്റര്‍ കൈമാറ്റം സംബന്ധിച്ച് യുഡിഎഫില്‍ ആഭ്യന്തര കലഹം രൂക്ഷമാകുകയാണ്. സര്‍ക്കാര്‍ സിബിഐ അന്വേഷണത്തില്‍ നിന്ന് പിന്നോട്ട് പോയതാണ് ചിലരുടെ അതൃപ്തിക്ക് കാരണം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം നടത്തിയ പരസ്യ പ്രസ്താവന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ചൊടിപ്പിച്ചിരിക്കുകയാണ്. പിസി ജോര്‍ജിന് കൂറ് പ്രതിപക്ഷത്തോടാണെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്.
ഡേറ്റ സെന്റര്‍ കൈമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തില്‍ നിന്ന് പിന്നോട്ട് നില്‍ക്കുന്ന കാര്യം വിവാദ ദല്ലാള്‍ ടിജി നന്ദകുമാറിന് മന്ത്രിസഭയില്‍ നിന്ന ഒരു മന്ത്രി ചാരപ്പണി ചെയ്ത് അറിയിച്ചുകൊടുത്തെന്ന് പിസി ജോര്‍ജ് പറഞ്ഞിരുന്നു. മന്ത്രിസഭയിലെ മൂന്നാമത്തെ നിലയിലിരിക്കുന്ന മന്ത്രിയാണ് ആ ചാരനെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. അപ്പോഴാണ് നന്ദകുമാറിന്റെ ഫോണിലൂടെയുള്ള പ്രതികരണം, ജോര്‍ജ് ഉദ്ദേശിച്ചത് തിരുവഞ്ചൂരിനെയാണെന്ന്.

പിന്നാലെ തിരുവഞ്ചൂരുമെത്തി. സര്‍ക്കാറിനെതിരെ രണ്ട് വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് പിസി ജോര്‍ജാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്ത് വിവാദങ്ങളുണ്ടാക്കുന്നതാരാണെന്നും ചാരപ്പണി ചെയ്യുന്നതാരാണെന്നും ജനങ്ങള്‍ക്കറിയാം. പിസി ജോര്‍ജിനെ പാര്‍ട്ടി നിയന്ത്രിക്കണം. ഡേറ്റ സെന്റര്‍ കൈമാറ്റകേസില്‍ സര്‍ക്കാറിന് തെറ്റ് പറ്റിയിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.












Click it and Unblock the Notifications