'13ാം തവണ പീഡിപ്പിച്ച പിറ്റേന്ന് കന്യാസ്ത്രീ ഫ്രാങ്കോ പിതാവിന് ചിക്കൻ വിളമ്പി'; വീണ്ടും ഇരയെ അപമാനിച്ച് പിസി
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ കേസിൽ ഇരയായ കന്യാസ്ത്രീയെ വീണ്ടും അപമാനിച്ച് പി സി ജോർജ്. 12 പ്രാവശ്യം ബലാത്സംഗം ചെയ്യപ്പെടുമ്പോൾ ആരോപണം ഉന്നയിച്ച കന്യാസ്ത്രീ നോക്കി നിൽക്കുകയായിരുന്നോ എന്നായിരുന്നു പിസി ജോർജിന്റെ ആക്ഷേപം.
സ്ത്രീകളുടെ സംരക്ഷണത്തിന് ചുമതലക്കാർ പുരുഷൻമാർ ആണെന്ന് പറഞ്ഞ പിസി തന്നെ സ്ത്രീ വിരുദ്ധൻ ആക്കാനുള്ള ശ്രമം ചില രാഷ്ട്രീയക്കളിയുടെ ഭാഗമായിട്ടാണെന്നും ആരോപിച്ചു. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു പിസിയുടെ വാക്കുകൾ.

'എന്റെ ഭാര്യയും സഹോദരിമാരും മരുക്കളും കൊച്ചുമകളുമൊക്കെ സ്ത്രീകളല്ലേ? ഒരു കുറ്റവും എന്റെ പേരിൽ കാണിക്കാനില്ല, അപ്പോൾ സ്ത്രീ വിരുദ്ധനാക്കുകയാണ്. കഴിഞ്ഞ തവണ മുസ്ലീം വിരുദ്ധനാക്കി,എന്നെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചു, ഇതൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഞാൻ സ്ത്രീ വിരുദ്ധനല്ല, എന്ന് വെച്ച് സ്ത്രീ ദൈവമാണെന്ന് പറഞ്ഞ് നടക്കാനും ഇല്ല.സ്ത്രീയും പുരുഷനും ഇല്ലാതെ സമൂഹം ഇല്ല'.

പുരുഷൻ ഇല്ലാതെ ഒരു സ്ത്രീ മാത്രം ഉണ്ടായാൽ സമൂഹം നിൽക്കുമോ? രണ്ടും വേണം, എന്നിരുന്നാലും സ്വൽപം മേൽക്കോയ്മ പുരുഷനാണെന്നാണ് ഞാൻ ചിന്തിക്കുന്നത്. ആവശ്യമില്ലാത്ത നിയമങ്ങൾ ഉണ്ടാക്കി ഇന്ത്യയിൽ സ്ത്രീകൾക്ക് സുരക്ഷിത ബോധം ഇല്ലാത്ത അവസ്ഥ ആക്കി വെച്ചിരിക്കുകയാണ്. കേരളത്തിൽ എന്തെങ്കിലും മിണ്ടിയാൽ അപ്പോൾ സ്ത്രീ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ് ചാടും'.

'ഒരിക്കലും സ്ത്രീയും പുരുഷനും തുല്യരല്ല, പക്ഷേ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. തുല്യമാണെന്ന് പറഞ്ഞാൽ പുരുഷൻ ചെയ്യുന്നതൊക്കെ സ്ത്രീക്ക് ചെയ്യാൻ പറ്റുമോ? അപ്പോൾ ചോദിക്കും സ്ത്രീ പ്രസവിക്കും പുരുഷൻ പ്രസവിക്കുമോയെന്ന്? അപ്പോൾ പുരുഷൻ വേണ്ടേ സ്ത്രീ തന്നെ പ്രസവിക്കുമോ? അപ്പോൾ രണ്ടും വേണം, സ്ത്രീകളുടെ സംരക്ഷണത്തിന് ചുമതലക്കാർ പുരുഷൻമാരാണെന്നാണ് എന്റെ വിശ്വാസം. സ്ത്രീ സ്വയം സംരക്ഷിക്കുമെന്നൊക്കെ ചുമ്മാ അബദ്ധവും വിവരക്കേടും പറയുകയാണ്. സ്ത്രീവിമോചകർ എന്ന് പറഞ്ഞ് ഇറങ്ങിയവരെല്ലാം സ്ത്രീകൾക്ക് പാരയാണ്'.

'ഫ്രാങ്കോ കേസിൽ ഞാൻ പറഞ്ഞത് ശരിയാണെന്ന് കോടതി പറഞ്ഞപ്പോൾ തെളിഞ്ഞില്ലേ.പച്ചക്ക് ഞാൻ പറയാം, ആ കേസ് കളവാണ് ഫ്രാങ്കോ നിരപരാധിയാണെന്ന് ഞാൻ പറഞ്ഞു, എന്ത് കൊണ്ട് പറഞ്ഞു? ഫ്രാങ്കോ കേസിൽ 12 പ്രാവശ്യം ബലാത്സംഗം ചെയ്തു ,13ാമത്തെ പ്രാവശ്യമാണ് പരാതി. അതെന്താ 12 പ്രാവശ്യം നോക്കിയിരിക്കുകയായിരുന്നോ? 13ാമത്തെ തവണ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പറയപ്പെടുന്ന ദിവസത്തിന്റെ പിറ്റേന്ന് ഈ പറയുന്ന കന്യാസ്ത്രീ ഫ്രാങ്കോ പിതാവിന് കോഴിയിറച്ചി വിളമ്പിക്കൊടുത്ത പടം എന്റെടുത്തുണ്ട്'.

ഇവിടെ ക്രിസത്യൻ സമൂഹത്തിനെതിരെ ലോകവ്യാപകമായി വലിയ മൂവ്മെന്റ് നടക്കുന്നുണ്ടെന്നും പിസി ജോർജ് ആരോപിച്ചു.' ഞാൻ പറയുന്നത് സത്യമായ കാര്യങ്ങളാണ്. എനിക്ക് എതെങ്കിലും വിഷയത്തിൽ തെറ്റ് പറ്റിയെന്ന് തോന്നിയാൽ ഞാൻ പരസ്യമായി ക്ഷമ പറയും',പിസി ജോർജ് പറഞ്ഞു.

അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയം നിശ്ചയിക്കുമെന്നും പിസി ജോർജ് വ്യക്തമാക്കി. 'അതുവരെ ഞാൻ ജനപക്ഷം സെക്കുലറിൽ തന്നെ നിക്കും. ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുമോയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. പ്രാദേശിക തലത്തിൽ ബി ജെ പിയുമായി സഹകരിച്ചാണ് പോകുന്നത്. പ്രാദേശിക തലത്തിൽ കോൺഗ്രസ് പ്രവർത്തകരുമായും യാതൊരു തർക്കവുമില്ല, അവരുമായും സഹകരിച്ചാണ് പോകുന്നത്', പിസി ജോർജ് പറഞ്ഞു.












Click it and Unblock the Notifications