തിരുവഞ്ചൂര്‍ - കേരളം കണ്ട മോശം ആഭ്യന്തരമന്ത്രി
കോട്ടയം: കേരളം കണ്ട ഏറ്റവും മോശം ആഭ്യന്തരമന്ത്രി ആര് എന്നാര്‍ക്കെങ്കിലും സംശയമുണ്ടോ? അടിയന്തരാവസ്ഥക്കാലത്തെ കരുണാകരനാണ് എന്നോ മറ്റോ ആരെങ്കിലും പറയാന്‍ തുടങ്ങുന്നെങ്കില്‍ ഒരു നിമിഷം ഒന്ന് നോക്കൂ, ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന് മറിച്ചൊരു അഭിപ്രായമുണ്ട്. ഇപ്പോഴത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കേരളം കണ്ട ഏറ്റവും മോശം ആഭ്യന്തര മന്ത്രി എന്നാണ് പി സി പറയുന്നത്.
നാട്ടില്‍ നടക്കുന്ന എല്ലാ തെറ്റുകളുടെയും വിളനിലം എന്നാണ് പി സി ജോര്‍ജ്ജ് രാധാകൃഷ്ണനെ വിളിക്കുന്നത്. പ്രതിപക്ഷക്കാര്‍ ആരെങ്കിലുമാണെങ്കില്‍ പോട്ടെ എന്ന് വെക്കാം. ഇത് സ്വന്തം മുന്നണിയുടെ ചീഫ് വിപ്പ് തന്നെ പറയുമ്പോള്‍ നാട്ടുകാര്‍ എന്താണ് കരുതുക. വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട നന്ദകുമാറിനെ ഔദ്യോഗിക വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത് എന്തിനെന്ന് ആഭ്യന്തരമന്ത്രി പറയണം എന്നും ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

എന്നാല്‍ നന്ദകുമാറിനെ കണ്ടത് മറ്റ് പലരെയും പോലെ മാത്രമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വെറും രാഷ്ട്രീയദൂതനായിട്ടാണ് നന്ദകുമാര്‍ തനിക്കരികില്‍ വന്നത്. പി സി ജോര്‍ജ്ജ് തനിക്കെതിരെ നടത്തുന്ന ആരോപണം ശരിയല്ല. വ്യക്തിപരമായി ഒരിക്കലും താന്‍ നന്ദകുമാറിനെ കണ്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വെറുതെ വിടാനുള്ള ഉദ്ദേശമില്ലെന്ന സൂചനയാണ് പി സി ജോര്‍ജ്ജ് ഈ വിശദീകരണത്തിന് ശേഷവും നല്‍കുന്നത്. ഊതിവീര്‍പ്പിച്ച ബലൂണാണ് തിരുവഞ്ചൂര്‍. താനൊരു കുത്ത് വെച്ചുകൊടുത്താല്‍ പൊട്ടിപ്പോകാനുള്ളതേയുള്ളൂ അത് - ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചുകൊണ്ട് പി സി ജോര്‍ജ്ജ് പറഞ്ഞു.












Click it and Unblock the Notifications