
പീഡന പരാതിയില്‍ പി സി ജോര്‍ജിന് ജാമ്യം; പ്രോസിക്യൂഷന് കനത്ത തിരിച്ചടി
തിരുവനന്തപുരം: പീഡന പരാതിയില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് ജാമ്യം. ജാമ്യ ഉത്തരവ് പുറത്തിറങ്ങിയത് വാദം കേട്ട് രണ്ട് മണിക്കൂറിന് ശേഷമാണ്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. മുന്‍ മുഖ്യമന്ത്രിക്കെതിരെ വരെ അവര്‍ പീഡന പരാതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണിതെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
മ്യൂസിയം പൊലീസാണ് ഇന്ന് ഉച്ചയോടെ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം. മൂന്ന് മാസത്തേക്ക് ഈ നടപടി തുടരണം. 25,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം. ഏതെങ്കിലും തരത്തില്‍ ജാമ്യ ഉപാധി ലംഘിച്ചാല്‍ റിമാന്‍ഡിലേക്ക് പോകേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, പി സി ജോര്‍ജിന്റെ ജാമ്യത്തെ എതിര്‍ത്ത് ശക്തമായ വാദങ്ങളാണ് കോടതി മുന്നോട്ടുവച്ചത്. പ്രതി മതസ്പര്‍ദ്ദയുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്നും പുറത്തിറങ്ങിയാല്‍ പ്രകോപന പ്രസംഗം നടത്തി ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നും ജാമ്യം അനുവദിച്ചാല്‍ സാക്ഷിയെ ഭീഷണിപ്പെടുത്തുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.