പിണറായിക്ക് മാനസിക രോഗമെന്ന് അധിക്ഷേപം.. വിവാദമായപ്പോൾ മാപ്പുമായി തടിയൂരി പിസി ജോർജ്
പാല: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ രാഹുല്‍ ഈശ്വറിനൊപ്പം പ്രതിഷേധിക്കാന്‍ തെരുവിലേക്ക് ഇറങ്ങിയ ജനപ്രതിനിധിയാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എരുമേലിയിലൂടെ ഒരു സ്ത്രീയെ പോലും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പിസി ജോര്‍ജ് വെല്ലുവിളിക്കുക വരെ ചെയ്തിട്ടുണ്ട്.
സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് നിലപാടെടുത്ത സര്‍ക്കാരിനേയും പിണറായി വിജയനേയും തരംകിട്ടുമ്പോഴെല്ലാം പിസി ജോര്‍ജ്ജ് ഭള്ള് പറയാറുമുണ്ട്. എന്നാല്‍ ഒടുക്കം പിസി ജോര്‍ജ് സംഘികളുടെ വഴിയേ ആണ്. പിണറായിയോട് മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് പൂഞ്ഞാര്‍ എംഎല്‍എ.

മാപ്പിന്റെ വഴിയേ
ഫേസ്ബുക്കില്‍ വന്ന് തെറിവിളിക്കുകയും അവസാനം കേസാകുമെന്ന് വരുമ്പോള്‍ വീണ്ടും ഫേസ്ബുക്കില്‍ തന്നെ വന്ന് മാപ്പ് പറയുകയും ചെയ്യുന്നതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറുകാര്‍ ട്രോള്‍ ചെയ്യപ്പെടുന്നത് പതിവാണ്. പിണറായി വിജയനെ അധിക്ഷേപിച്ച പിസി ജോര്‍ജ് എംഎല്‍എയും മാപ്പിന്റെ വഴിയിലാണ്. പിണറായിക്ക് മാനസിക രോഗമാണ് എന്നും ഭ്രാന്താശുപത്രിയില്‍ ചികിത്സിക്കണം എന്നുമായിരുന്നു പിസി ജോര്‍ജ് നേരത്തെ അധിക്ഷേപിച്ചത്.

പിണറായിക്ക് മാനസിക രോഗം
പമ്പയില്‍ വെച്ച് ജനം ടിവിയോട് ആയിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. എന്നാല്‍ പിണറായിയെ വ്യക്തിപരമായി അധിക്ഷേപിച്ചത് ശരിയായില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നു എന്നുമാണ് മാനസാന്തരം വന്ന ശേഷമുളള പിസി ജോര്‍ജിന്റെ വാക്കുകള്‍. എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ശബരിമലയിൽ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിധിവന്നപ്പോൾ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം വിശ്വാസ സമൂഹത്തെ മറന്ന് വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് കൈക്കൊണ്ടത്.

വിശ്വാസ സമൂഹത്തോടൊപ്പം
ഒരു വിശ്വാസി എന്ന നിലക്ക് അന്നുമുതൽ ഇന്നുവരെയും വിശ്വാസ സമൂഹത്തോടൊപ്പം വിശ്വാസങ്ങളും, ആചാരങ്ങളും സംരക്ഷിക്കപെടെണമെന്ന ഉറച്ച നിലപാടാണ് ഈ വിഷയത്തിൽ ഞാൻ സ്വീകരിച്ചിട്ടുള്ളത്. തങ്ങളുടെ ആചാരങ്ങളും, പൈതൃകങ്ങളും, സംസ്കാരവും സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി വിശ്വാസികൾ പന്തളത്ത് തെരുവിൽ ഇറങ്ങിയപ്പോൾ രാഷ്ട്രീയം മാറ്റി വെച്ച് വിശ്വാസ സമൂഹത്തിന്റെ വികാരമെന്തെന്നറിയുന്ന ജനപ്രതിനിധി എന്ന നിലക്കാണ് അവിടെയെത്തിയതും, അവർക്കൊപ്പം നിലകൊണ്ടതും.

രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം
എന്നാൽ സമരം ശക്തമായതോടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി വിശ്വാസ സമൂഹത്തെ സവർണ്ണനെന്നും, അവർണ്ണനെന്നും വേർതിരിച്ച് അവരെ രണ്ടുതട്ടിലാക്കി രാഷ്ട്രീയ മുതലെടുപ്പിനായുള്ള ബോധപൂർവ്വമുള്ള ശ്രമങ്ങൾ ഉണ്ടാകുകയും പരസ്പരം രാഷ്ട്രീയ ചേരി തിരിഞ്ഞ് ശബരിമലയെ രാഷ്ട്രീയ വിഷയമാക്കി മാറ്റുകയും ചെയ്തു. മതമൈത്രിയുടെ പ്രതീകമായ ശബരിമലയുടെ കവാടമായ എരുമേലിയിൽ വിശ്വാസം സംരക്ഷിക്കപെടെണമെന്ന ആവശ്യവുമായി ഞാനുൾപ്പടെ നൂറു കണക്കിനാളുകൾ ഉപവാസമിരുന്നപ്പോൾ സർവ്വമത വിശ്വാസികളും അയ്യപ്പ വിശ്വാസികൾക്കൊപ്പം അണിനിരന്നു.

വിശ്വാസസമൂഹത്തോട് വെല്ലുവിളി
വളരെ ചെറിയ ശതമാനം മാത്രമുള്ള നിരീശ്വരവാദികളും, ആക്റ്റിവിസ്റ്റെന്ന പേരിൽ കുറച്ച് അഴിഞ്ഞാട്ടക്കാരും ചേർന്ന് മൂന്നര കോടിയിൽ പരം വരുന്ന വിശ്വാസ സമൂഹത്തോട് വെല്ലുവിളി പ്രഖ്യാപിച്ച് ശബരിമല കയറാൻ കയറാൻ വന്നപ്പോൾ ഈ വിഷയത്തിൽ എനിക്ക് തോന്നിയ അമർഷവും, പ്രതിഷേധവും പരസ്സ്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കഴിഞ്ഞ ദിവസം പൂജകൾക്കായി ശബരിമയിൽ നടതുറന്നപ്പോൾ ആയിരകണക്കിന് വരുന്ന പോലീസിനെ അണിനിരത്തി നിയന്ത്രണങ്ങളുടെ പേരിൽ അയ്യപ്പ ദർശനത്തിനു എത്തിയ ഭക്തരെ വഴിയിൽ തടയുന്നതിനും മറ്റും നേരിൽ മനസിലാക്കാൻ പമ്പയിൽ ചെന്നിരുന്നു.

ഒരു വാക്ക് മാത്രം അടർത്തിയെടുത്തു
അവിടെ വച്ച് ഈ നടപടികളെ കുറിച്ച് ഒരു ചാനൽ പ്രവർത്തകന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ നിന്ന് മുഖ്യമന്ത്രിയെ കുറിച്ചുള്ള പരാമർശത്തിൽ ഒരു വാക്കുമാത്രം അടർത്തിയെടുത്തു അദ്ദേഹത്തിന്റെ എതിരാളികൾ വളരെ മോശമായ രീതിയിൽ പകപോക്കലിനായി വ്യാപകമായി പ്രചരിപ്പിക്കുന്നത് കാണാനിടയായി. നിലപാടുകളിൽ വിയോജിപ്പുകൾ ഉണ്ടെങ്കിലും എന്റെ പരമാർശം തികച്ചും വ്യക്തിപരമായി പോയി എന്ന തോന്നലുള്ളതിനാൽ അദ്ദേഹത്തോട് എന്റെ ഖേദം ഞാൻ പ്രകടിപ്പിക്കുന്നു.

അനുകൂല വിധിക്ക് കാക്കുന്നു
ഞാൻ നൽകിയത് ഉൾപ്പടെയുള്ള റിവ്യൂ ഹര്ജികളിന്മേൽ ബഹുമാനപെട്ട കോടതിയെ കാര്യങ്ങൾ മനസിലാക്കിക്കാൻ കഴിയുമെന്നും കോടതിയിൽ നിന്നും അനുകൂല വിധി നേടാൻ സാധിക്കുമെന്നും വിശ്വാസ സമൂഹത്തോടൊപ്പം ഞാനും കരുതുന്നു. അങ്ങനെ അയ്യപ്പ സന്നിധാനം അഴിഞ്ഞാട്ടക്കാർക്കുള്ള വേദി ആകാതിരിക്കാൻ നമുക്ക് പ്രാർത്ഥന പൂർവം കാത്തിരിക്കാം എന്നാണ് പിസി ജോർജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
പിസി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications