ജോര്‍ജ്ജിന്റെ കൂട്ടയോട്ടവും വിവാദമാകുന്നു
തിരുവനന്തപുരം: ചിലരങ്ങനെയാണ്, എന്ത് ചെയ്താലും അത് വിവാദമാകും. അതിന് കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെക്കാള്‍ നല്ലൊരു ഉദാഹരണം വേറെ കിട്ടാനുണ്ടാകില്ല. നരേന്ദ്ര മോഡിയുടെ യൂണിറ്റി പ്രതിമയ്ക്ക് വേണ്ടി കൂട്ടയോട്ടം നടത്താന്‍ പോയതാണ് പി സി ജോര്‍ജ്ജിന് ഒടുവില്‍ കിട്ടിയ പണി. യു ഡ് എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നു എന്ന പേരില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ജോര്‍ജ്ജിനെതിരെ രംഗത്തുവന്നതോടെ വിവാദം കൊഴുക്കുകയാണ്.
കോട്ടയത്ത് ബി ജെ പി ഒരുക്കിയ കൂട്ടയോട്ടത്തില്‍ പി സി ജോര്‍ജ്ജ് പങ്കെടുത്തതിനെതിരെ കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല തന്നെ രംഗത്തുവന്നിട്ടുണ്ട്. കൂട്ടയോട്ടത്തില്‍ ജോര്‍ജ്ജ് പങ്കെടുത്തത് തെറ്റായിപ്പോയി. ഇത് സംബന്ധിച്ച് കോണ്‍ഗ്രസിനുള്ള പരാതി കെ എം മാണിയെ അറിയിച്ചിട്ടുണ്ട്. വെറുതെ അനാവശ്യ വിവാദങ്ങളില്‍ ചെന്ന് തലയിടുന്നത് ഒഴിവാക്കണമെന്നും ചെന്നിത്തല ജോര്‍ജ്ജിനെ ഉപദേശിക്കുന്നുണ്ട്.

എന്നാല്‍ ജോര്‍ജ്ജിനോട് വേണ്ട ഇത്തരം നമ്പരുകള്‍ എന്നാണ് ചീഫ് വിപ്പിന്റെ പക്ഷം. നരേന്ദ്ര മോഡിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് ഉയര്‍ത്തിക്കാട്ടിയതിലോ കൂട്ടയോട്ടത്തില്‍ പങ്കെടുത്തതിലോ പി സി ജോര്‍ജ്ജിന് തെല്ലുമില്ല കുറ്റബോധം. മാത്രമല്ല, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയോട് തനിക്ക് അയിത്തമൊന്നുമില്ലെന്ന് തുറന്നു പറയാനും പി സി ജോര്‍ജ്ജിന് പേടിയില്ല.
എന്താണ് നരേന്ദ്ര മോഡിക്ക് കുഴപ്പം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് മോഡി. മോഡിയെ തനിക്ക് പേടിയില്ല. പേടിയുള്ളവരാണ് മോഡിയോട് പ്രശ്‌നമുള്ളത്. ടീ ഷര്‍ട്ട് ആരോ വില്‍ക്കാന്‍ കൊണ്ടുവച്ചതാണ്. ആദ്യ വില്‍പന നടത്തണം എന്ന് പറഞ്ഞപ്പോള്‍ ചെയ്തു. അത്രയേ ഉള്ളൂ - ഇതാണ് ജോര്‍ജ്ജിന്റെ വിശദീകരണം. കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള തിരഞ്ഞെടുപ്പ് ധാരണയാണ് ജോര്‍ജ്ജ് കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ കാരണമെന്ന ആരോപണവുമായി സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications