മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ജോര്‍ജ്ജിന്റെ വെല്ലുവിളി
തിരുവനന്തപുരം: പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണം എന്ന കെഎം മാണിയുടെ ആവശ്യത്തില്‍ സമവായ ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ഒരു തരത്തിലും വിട്ടുവീഴ്ചയക്ക് തയ്യാറല്ലെന്ന നിലപാടാണ് ഇരുകൂട്ടരും പ്രകടിപ്പിച്ചിട്ടുള്ളത്.
ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് രാജി വക്കണമെങ്കില്‍ തന്നെ കേരള കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കണം എന്നാണ് പിസി ജോര്‍ജ്ജിന്റെ ആവശ്യം. ചീഫ് വിപ്പ് സഥാനത്ത് നിന്ന് തന്നെ പുറത്താക്കുകയാണെങ്കില്‍ മുന്നണിയില്‍ നിന്ന് തന്നെ പുറത്താക്കണം എന്നാണ് ജോര്‍ജ്ജിന്റെ മറ്റൊരാവശ്യം.

മാണിയേയും ജോര്‍ജ്ജിനേയും കൈവിടാന്‍ കഴിയാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയും യുഡിഎഫും. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കുന്നുണ്ട്.
മാണിയേയും ജോര്‍ജ്ജിനേയും സംരക്ഷിക്കാന്‍ മുഖ്യമന്ത്രി കാണിക്കുന്ന വ്യഗ്രത കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പിസി ജോര്‍ജ്ജിനെ ഏത് വിധേനയും നിഷ്പ്രഭനാക്കുക എന്നതാണ് മാണിയുടെ ലക്ഷ്യം. കൂറുമാറ്റ നിരോധന നിയമത്തില്‍ ജോര്‍ജ്ജിനെ കുടുക്കുകയാണ് ലക്ഷ്യം. എന്നാല്‍ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് തനിക്കും കൂടെ നില്‍ക്കുന്നവര്‍ക്കും സംരക്ഷണം വേണം എന്നാണ് ജോര്‍ജ്ജ് ആവശ്യപ്പെടുന്നത്.
വിഷയത്തില്‍ രണ്ടാംവട്ട ചര്‍ച്ചക്കായി കെഎം മാണി വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications