കേരളത്തില്‍ നിന്ന് അഞ്ചില്‍ കുറയാത്ത ബിജെപി എംപിമാരുണ്ടാകുമെന്ന് പിസി ജോര്‍ജ്; ജയിക്കാന്‍ പോരാടും
കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്ന പിന്നാലെ വന്‍ പ്രഖ്യാപനം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബിജെപിക്ക് അഞ്ചില്‍ കുറയാത്ത എംപിമാരുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. താനുള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ ഇനി ജയിക്കാന്‍ വേണ്ടി മല്‍സരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലെത്തിയ പിസി ജോര്‍ജ്, മകന്‍ ഷോണ്‍ ജോര്‍ജ് എന്നിവര്‍ ബിജെപി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് മാധ്യമങ്ങളെ കണ്ട് ബിജെപിയില്‍ അംഗത്വമെടുത്ത കാര്യം അറിയിച്ചത്. ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയാണെന്നും അറിയിച്ചു. കേരളത്തില്‍ വലിയ ലയന സമ്മേളനം നടത്തുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

തന്നെ പോലുള്ള പൊതുപ്രവര്‍ത്തകന് കേരള ജനതയെ സഹായിക്കാന്‍ സാധിക്കുന്ന ഏക കാര്യം ബിജെപിയില്‍ ചേരുക എന്നതാണ്. പ്രധാനമന്ത്രിയോടൊപ്പം ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുക എന്നതാണ്. ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്ന് പറയുന്ന എല്‍ഡിഎഫിനെയും യുഡിഎഫിനെയും പരാജയപ്പെടുത്തി ബിജെപി എംപിമാര്‍ പാര്‍ലമെന്റിലുണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ ബിജെപിയുടെ നേതൃത്വത്തിലുള്ള ശക്തമായ പ്രവര്‍ത്തനമുണ്ടാകും. താമസിയാതെ കേരളവും ബിജെപി നേതൃത്വത്തെ അംഗീകരിക്കുന്ന സംസ്ഥാനമായി മാറും. ഒരു വിട്ടുവീഴ്ചയും ഇനിയുണ്ടാകില്ല. കേരളവും ബിജെപിയോടൊപ്പമെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്ന സാഹചര്യമുണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
ബിജെപി നേതൃത്വം പറഞ്ഞാല്‍ മല്‍സരിക്കുമെന്നാണ് പിസി ജോര്‍ജിന്റെ പ്രതികരണം. ബിജെപി ഓഫീസിലെ പ്യൂണിന്റെ ജോലി ചെയ്യണമെന്നാണ് പറയുന്നതെങ്കില്‍ താനതും ചെയ്യുമെന്നും പിസി ജോര്‍ജ് പ്രതികരിച്ചു. അതേസമയം, പത്തനംതിട്ട ലോക്‌സഭാ സീറ്റ് പിസി ജോര്‍ജ് ലക്ഷ്യമിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പുതിയ നീക്കങ്ങള്‍.
കേരളത്തില്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലങ്ങള്‍ അഞ്ചെണ്ണമാണ്. തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, ആറ്റിങ്ങല്‍, തിരുവനന്തപുരം. പത്തനംതിട്ടയില്‍ പിസി ജോര്‍ജ് മല്‍സരിക്കുകയോ അദ്ദേഹം നിര്‍ദേശിക്കുന്ന വ്യക്തിയെ മല്‍സരിപ്പിക്കുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ എന്‍ഡിഎയുടെ ഭാഗമാകാന്‍ പിസി ജോര്‍ജ് ആലോചിച്ചിരുന്നു. ഇതിനോട് ബിജെപി നേതൃത്വം മുഖംതിരിക്കുകയും പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ദേശിക്കുകയുമായിരുന്നുവത്രെ.
ക്രൈസ്തവ സഭാ നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് പിസി ജോര്‍ജ് പറഞ്ഞു. മകന്‍ ഷോണ്‍ ജോര്‍ജും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. അനില്‍ ആന്റണി, നിര്‍മാതാവ് സുരേഷ് കുമാര്‍, സംവിധായകന്‍ മേജര്‍ രവി, നടന്‍ ദേവന്‍ തുടങ്ങിയവരെല്ലാം അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.












Click it and Unblock the Notifications