ലൗ ജിഹാദിലൂടെ മീനച്ചിലില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികള്‍: 24 വയസിനുള്ളില്‍ അവരെ കെട്ടിക്കണം; പിസി ജോര്‍ജ്
കോട്ടയം: വീണ്ടും വിദ്വേഷ പ്രസംഗവുമായി മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പിസി ജോര്‍ജ്. ചാനല്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷം നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ലൗ ജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെ നഷ്ടമായെന്ന് പിസി ജോര്‍ജ് ആരോപിച്ചു. ക്രിസ്ത്യാനികള്‍ അവരുടെ പെണ്‍മക്കളെ ഇരുപത്തിനാലു വയസിനുള്ളില്‍ വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ നടന്ന ലഹരി വിരുദ്ധ സമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം.
ലൗ ജിഹാദില്‍ ഉള്‍പ്പെട്ട നാനൂറോളം പെണ്‍കുട്ടികളില്‍ 41 പേരെ മാത്രമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. രക്ഷിതാക്കള്‍ യാഥാര്‍ഥ്യം മനസിലാക്കണം. രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ 24 വയസിന് മുമ്പ് കെട്ടിച്ചയക്കണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പി.സി. ജോര്‍ജിന്റെ വാക്കുകള്‍: 'നാനൂറോളം കുഞ്ഞുങ്ങളെയാണ് മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദില്‍ നമുക്ക് നഷ്ടമായത്. 41 എണ്ണത്തിനെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഭരണങ്ങാനത്ത് ഇന്നലെയും 25 വയസുള്ള ഒരു കൊച്ചിനെ കാണാതായി.
25 വയസു വരെ ആ പെണ്‍കുട്ടിയെ കെട്ടിച്ചുവിടാത്ത അപ്പനിട്ടാണ് അടികൊടുക്കേണ്ടത്. ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. എന്തിനാണ് ഇരുപത്തഞ്ചും മുപ്പതും വയസു വരെ പെണ്‍കുട്ടികളെ കെട്ടിക്കാതിരിക്കുന്നത്. 24 വയസാകുമ്പോഴേക്കും പെണ്‍കൊച്ചുങ്ങളെ കെട്ടിച്ചുവിടാനുള്ള മര്യാദ കാണിക്കണം. 25 വയസുള്ള പെണ്ണുങ്ങളെ കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നും. ആ പെണ്‍കുട്ടിക്ക് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നും. ഇത് റിയാലിറ്റിയാണ്. മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളാണ്. ഇതറിയാതെ പോയിട്ട് കാര്യമൊന്നുമില്ല.
'മുസ്ലിം പെണ്‍കുട്ടികള്‍ വഴിപിഴച്ച് പോകുന്നില്ല. എന്താ കാര്യം, അവരെ പതിനെട്ട് തികയുമ്പോഴെ പിടിച്ചുകെട്ടിക്കുകയാണ്. നമ്മളോ 28, 29 ആയാലും വല്ല ശമ്പളവും കിട്ടുന്നവരാണെങ്കില്‍ കെട്ടിക്കില്ല. ആ ശമ്പളം ഇങ്ങ് പോരട്ടെ എന്നാണ് നിലപാട്. അതാണ് പ്രശ്നം, അതുകൊണ്ട് ക്രിസ്ത്യാനികള്‍ നിര്‍ബന്ധമായും 24 വയസിനകം പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കണം, അതു കഴിഞ്ഞ് പഠിച്ചോട്ടെ. ഇക്കാര്യം ക്രൈസ്തവ സമൂഹം ശ്രദ്ധിക്കണം.
നാര്‍ക്കോട്ടിക് ജിഹാദിനെതിരെയും ലൗ ജിഹാദിനെതിരെയും ഒരുമിച്ച് നീങ്ങണം. ഇതിന് ഹൈന്ദവ സഹോദരങ്ങളെ കൂടെകൂട്ടണമെന്നും അതല്ലാതെ രാജ്യത്ത് രക്ഷയില്ലെന്നും പി.സി ജോര്‍ജ് പറയുന്നു.
അതേസമയം, വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പിസി ജോര്‍ജിനെതിരെ ഫ്രറ്റേണിറ്റി ഡിജിപിക്ക് പരാതി നല്‍കി. പിസി ജോര്‍ജിനെതിരെ കേസ് എടുക്കണമെന്നും നിലവിലുള്ള ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് അമീന്‍ റിയാസ് ഡിജിപിക്ക് പരാതി നല്‍കിയത്. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന ജാമ്യ വ്യവസ്ഥ ഉണ്ടായിരുന്നിട്ടും സമാനമായ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്ന പിസി ജോര്‍ജിനെ ഇനിയും ജയിലില്‍ അടക്കുന്നില്ലെങ്കില്‍ ശക്തമായ പോരാട്ടങ്ങളിലേക്ക് കടക്കുമെന്നും റിയാസ് വ്യക്തമാക്കി.












Click it and Unblock the Notifications