'ജഗതി എന്നെ വിളിച്ചു.. ഞാനവനോട് ചോദിക്കാം എന്ന് പറഞ്ഞു'; ഷോണ്‍-പാര്‍വതി പ്രണയത്തെ കുറിച്ച് പിസി ജോര്‍ജ്
രാഷ്ട്രീയും സിനിമയും മലയാളികള്‍ അത്രയേറെ ശ്രദ്ധിക്കുന്ന മേഖലകളാണ്. രാഷ്ട്രീയക്കാരായ സിനിമാക്കാരും സിനിമാക്കാരായ രാഷ്ട്രീയക്കാരും കേരളത്തിലുണ്ട്. അതിനാല്‍ തന്നെ ഈ രണ്ട് മേഖലയും ഒന്നിച്ച് വരുന്ന സന്ദര്‍ഭങ്ങളിലെ വിശേഷങ്ങള്‍ അറിയാനും മലയാളികള്‍ക്ക് പ്രത്യേക താല്‍പര്യമാണ്. ഇത്തരത്തില്‍ മലയാളികള്‍ ഏറെ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന ഒരു കുടുംബമാണ് പി സി ജോര്‍ജിന്റേത്.
പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് വിവാഹം കഴിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയെ ആണ്. ഇവരുടെ കുടുംബങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 2007 ല്‍ ആയിരുന്നു പാര്‍വതിയും ഷോണ്‍ ജോര്‍ജും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.

ഇപ്പോഴിതാ ഇരുവരുടേയും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പിസി ജോര്‍ജ് തുറന്ന് പറയുകയാണ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. ഇരുവരുടേയും പ്രണയം അറിഞ്ഞയുടന്‍ താനും ജഗതിയും വിവാഹം നിശ്ചയിക്കുകയായിരുന്നു എന്ന് പിസി ജോര്‍ജ് പറയുന്നു. പിസി ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'പാര്‍വതി ഇപ്പോള്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. പാലയില്‍ ആണ് പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹം എന്ന് തോന്നുന്നു. അത് അവള്‍ക്ക് ഇഷ്ടമുള്ളിടത്ത് ചെയ്യട്ടെ. പാര്‍വതി വന്നപ്പോള്‍ എനിക്ക് വലിയ ടെന്‍ഷനായിരുന്നു. കാരണം തിരുവനന്തപുരത്ത് നിന്ന് വന്നിട്ട് ആ കൊച്ചെങ്ങനെ ഇവിടെ മുന്നോട്ട് പോകുമെന്ന് അറിയില്ലല്ലോ. പക്ഷെ ഇപ്പോള്‍ എനിക്കതില്‍പരം ഒരു മനസമാധാനവും സന്തോഷവും വേറെയില്ല.
അവള്‍ ഈ കുടുംബത്തിലെ അംഗമാണ്. അവളുടെ ജീവിതരീതിയും എല്ലാം അത് തന്നെയാണ്. ഞാന്‍ എം എല്‍ എ ക്വാര്‍ട്ടേഴ്‌സില്‍ നില്‍ക്കുമ്പോള്‍ തന്നെ പാറുവും അവളുടെ കൂട്ടുകാര്‍ 10-15 പിള്ളേരും വന്നിട്ടുണ്ടായിരുന്നു. അന്ന് എനിക്ക് ചെറിയ സംശയമൊക്കെ തോന്നിയിരുന്നു, പക്ഷെ ഉറപ്പില്ലായിരുന്നു. റോസ് മില്‍ക്ക് വേണം എന്ന് പറഞ്ഞ്, പിള്ളേര്‍ക്കൊക്കെ റോസ് മില്‍ക്ക് വാങ്ങി കൊടുത്ത് ഞാന്‍ വിട്ടു.
ഇത് കഴിഞ്ഞ് ജഗതി ശ്രീകുമാര്‍ എന്നെ വിളിക്കുകയാണ്. ഇങ്ങനെ ഒരു സംഭവമുണ്ട് എന്ന് എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞു എനിക്കറിയാം, എന്ത് വേണമെന്ന് അവനോട് ചോദിക്കാം എന്ന്. അങ്ങനെ ഷോണിനോട് ഞാന്‍ കാര്യം തിരക്കിയപ്പോള്‍ അവന്‍ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ കല്യാണം തീരുമാനിച്ചു. പിന്നെ വെറുതെ ആലോചിക്കാന്‍ നില്‍ക്കേണ്ട കാര്യമില്ലല്ലോ'.












Click it and Unblock the Notifications