സുന്ദരിയായ പെണ്‍കുട്ടി വന്ന് പാടുമ്പോള്‍ രസം തോന്നും; കറുത്ത പെണ്ണ് മേക്കപ്പിട്ടാല്‍ മതി- പിസി ജോര്‍ജ്
കോഴിക്കോട്: കലാമണ്ഡലം സത്യഭാമ കറുത്തവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരിക്കെ, വിചിത്രമായ പ്രതികരണവുമായി ബിജെപി നേതാവ് പിസി ജോര്‍ജ്. വെളുത്തവര്‍ പാടുന്നത് കാണാന്‍ രസമാണെന്നും കറുത്തവര്‍ മേക്കപ്പിട്ട് പാടിയാല്‍ മതിയെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ നിറം നോക്കി കലയെ അളക്കരുതെന്നും പിസി ജോര്‍ജ് പറഞ്ഞു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നിശ്ചയിക്കുന്ന മുഖ്യമന്ത്രിയുണ്ടാകുമെന്നും പിസി ജോര്‍ജ് പറയുന്നു. 2029ല്‍ ബിജെപി നേതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ഏറ്റവും നല്ല സ്ഥാനാര്‍ഥിയായ എംടി രമേശിന് വോട്ട് ചെയ്യണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

കലാമണ്ഡലം സത്യഭാമയോട് അരിശം തോന്നുന്നില്ല. അവര്‍ പറഞ്ഞതില്‍ അല്‍പ്പം സത്യമുണ്ട്. എന്നാല്‍ നിറത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്റെ കഴിവുകളെ വിലയിരുത്തുന്നത് ശുദ്ധ അബദ്ധമാണ്. സ്ത്രീ-പുരുഷ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ കലയെ വിലയിരുത്തുന്നതും തെറ്റാണ്. ഡാന്‍സ് സ്ത്രീകളുടെ കുത്തകയല്ല. നടന്‍ വിനീതിന് മുമ്പില്‍ സ്ത്രീകളായ നര്‍ത്തകര്‍ പോലും പരാജയപ്പെടുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
മനുഷ്യന്റെ ഉള്ളിലുള്ള കലയെ നിറം, ജാതി, സംസ്‌കാരം എന്നിവ അടിസ്ഥാനമാക്കി വിലയിരുത്താതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ സുന്ദരനായ ആണ്‍കുട്ടിയോ സുന്ദരിയായ പെണ്‍കുട്ടിയോ പാടുമ്പോള്‍ രസം തോന്നും. കറുത്ത പെണ്‍കുട്ടി പാടുന്നുണ്ടേല്‍ നല്ലവണ്ണം മേക്കപ്പിട്ട് നിര്‍ത്തിയാല്‍ മതി. കുഴപ്പം തീര്‍ന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.
ഇനി അല്‍പ്പം രാഷ്ട്രീയം
കോഴിക്കോട് ബിജെപി സ്ഥാനാര്‍ഥിയായ എംടി രമേശിനെ കുറിച്ച് ആര്‍ക്കെങ്കിലും കുറ്റം പറയാന്‍ സാധിക്കുമോ. അദ്ദേഹം ജയിച്ചാല്‍ കഴിഞ്ഞ 15 വര്‍ഷം കൊണ്ടുണ്ടായ നഷ്ടം നികത്താന്‍ മോദിയുടെ ഗ്യാരണ്ടിയുണ്ടാകും. ഇത്തവണ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നിശ്ചയിക്കുന്ന മുഖ്യമന്ത്രിയുണ്ടാകും. 2029ല്‍ ഒറ്റ തിരഞ്ഞെടുപ്പ് നടക്കും. അന്ന് ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
അതേസമയം, പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കാത്തതില്‍ പിസി ജോര്‍ജിന് നീരസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനപക്ഷം പിരിച്ചുവിട്ട് ബിജെപിയില്‍ ചേര്‍ന്നത് ഈ ഉപാധിയോടെയായിരുന്നുവത്രെ. സീറ്റ് ലഭിക്കാത്തതിലുള്ള നീരസം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. സ്ഥാനാര്‍ഥിയായ അനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ ആര്‍ക്കുമറിയില്ലെന്നും പരിചയപ്പെടുത്തി എടുക്കേണ്ടി വരുമെന്നുമായിരുന്നു പിസി ജോര്‍ജിന്റെ അന്നത്തെ പ്രതികരണം.












Click it and Unblock the Notifications