പിസി ജോര്‍ജ് റെഡി, പക്ഷേ ബിജെപി സീറ്റ് കൊടുത്തേക്കില്ല; ബദല്‍ പദവി വാഗ്ദാനം ഇങ്ങനെ
കൊച്ചി: 1996 മുതല്‍ തുടര്‍ച്ചയായി പിസി ജോര്‍ജ് ജയിച്ചുവന്ന മണ്ഡലമാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍. 2011 വരെ കേരള കോണ്‍ഗ്രസിന്റെ ഭാഗമായി മല്‍സരിച്ച അദ്ദേഹം ഇടതും വലതും കൈവിട്ടപ്പോള്‍ 2016ല്‍ സ്വതന്ത്രനായി മല്‍സരിച്ചു. 27000ത്തില്‍ അധികം വോട്ട് നേടി ഇരുപക്ഷത്തെയും ഞെട്ടിച്ചായിരുന്നു പിസി ജോര്‍ജിന്റെ വിജയം. ആ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ട വിജയവും പിസി ജോര്‍ജിന്റേതായിരുന്നു.
2021ല്‍ എത്തിയപ്പോള്‍ രാഷ്ട്രീയ ചിത്രം മാറി. കേരള ജനപക്ഷം സെക്യുലര്‍ എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട പിസി ജോര്‍ജ് പക്ഷേ, 16000 വോട്ടിന് തോറ്റു. എല്‍ഡിഎഫിന്റെ ഭാഗമായ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ ആണ് ജയിച്ചത്. 2016ല്‍ പിസി ജോര്‍ജിന് ഒപ്പമുണ്ടായിരുന്ന എസ്ഡിപിഐ എതിരായതാണ് തിരിച്ചടിച്ചത് എന്നായിരുന്നു വിലയിരുത്തല്‍. പിന്നീട് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു.

നിരന്തരമായി മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതും പിസി ജോര്‍ജിന് തിരഞ്ഞെടുപ്പില്‍ മങ്ങലേല്‍ക്കാന്‍ കാരണമായി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പിസി ജോര്‍ജ് തയ്യാറാണ്. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്. പിസി ജോര്‍ജിന് ബിജെപി സീറ്റ് കൊടുക്കാന്‍ സാധ്യത കുറവാണ് എന്നാണ് വിവരം.
ഗവര്‍ണര്‍ പദവി നല്‍കാമെന്ന് നേരത്തെ ബിജെപി പിസി ജോര്‍ജിനോട് പറഞ്ഞിരുന്നു. അദ്ദേഹം നിരസിക്കുകയായിരുന്നു. കേരളത്തിന് പുറത്തുള്ള പദവികളോട് അദ്ദേഹത്തിന് അത്ര യോജിപ്പില്ല. അതേസമയം, പിസി ജോര്‍ജിന് പൂഞ്ഞാര്‍ മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പ്പര്യം. ഈ സീറ്റ് നേരത്തെ ബിഡിജെഎസിന് നല്‍കിയിരുന്നതാണ്. പിസി ജോര്‍ജിന് കൂടി താല്‍പ്പര്യമുള്ള വ്യക്തി ആകും ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തുക.
പിസി ജോര്‍ജിന് മറ്റൊരു പദവി നല്‍കിയേക്കും
ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ സുപ്രധാന പദവി പിസി ജോര്‍ജിന് ബിജെപി വാഗ്ദാനം ചെയ്യുമെന്നാണ് കരുതുന്നത്. എന്നാല്‍ പിസി ജോര്‍ജ് അത് സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. പിസി ജോര്‍ജിനെ പിണക്കാന്‍ ബിജെപി തയ്യാറാകില്ല. കാരണം പൂഞ്ഞാര്‍ മണ്ഡലത്തില്‍ മികച്ച സ്വാധീനമുള്ള നേതാവ് തന്നെയാണ് പിസി ജോര്‍ജ്.
പിസി ജോര്‍ജിന്റെ മകനും ബിജെപി സംസ്ഥാന ഭാരവാഹിയുമായ ഷോണ്‍ ജോര്‍ജ് ഇത്തവണ പാലാ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ ഒരുങ്ങിയിട്ടുണ്ട്. മതനേതാക്കളെയും അല്ലാത്തവരെയും ഷോണ്‍ കാണാന്‍ ആരംഭിച്ചു. എല്ലാവരെയും മല്‍സരിക്കുന്ന കാര്യം അറിയിക്കുകയും പിന്തുണ തേടുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം കൂടി സൂചിപ്പിച്ചാകും പിസി ജോര്‍ജിന് ബിജെപി സീറ്റ് തടയുക.
പിതാവും മകനും മല്‍സരിക്കുന്നത് ഉചിതമാകില്ല എന്ന നിലപാടിലാണ് ബിജെപി. അത് തെറ്റായ സന്ദേശം നല്‍കുമെന്നും അവര്‍ വിലയിരുത്തുന്നു. അതേസമയം, മധ്യകേരളത്തില്‍ പിസി ജോര്‍ജിനെ പ്രചാരണ രംഗത്ത് ബിജെപി ഉപയോഗപ്പെടുത്തും. കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പിസി ജോര്‍ജിന് നല്ല ബന്ധങ്ങളുണ്ട്.












Click it and Unblock the Notifications