ജോര്‍ജ്ജിനെ എണ്ണ തേച്ച് വളര്‍ത്തിയത് പോലീസല്ല
തിരുവനന്തപുരം: എല്ലാ സാധാരണ മനുഷ്യരേയും പോലെ പിസി ജോര്‍ജ്ജിനേയും എണ്ണ തേച്ച് വളര്‍ത്തിയത് പോലീസ് അല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പിന്നെന്തിനാണ് ജോര്‍ജ്ജ് ഇക്കാര്യം അടിവരയിട്ട് പറയുന്നത്.
കേരള നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലായിരുന്നു ജോര്‍ജ്ജ് ഇക്കാര്യം പറഞ്ഞത്. പോലീസ് എണ്ണ തേപ്പിച്ച് വളര്‍ത്താത്തതുകൊണ്ട് താന്‍ പോലീസിന്റെ അടിമയല്ലെന്നും ജോര്‍ജ്ജ് പറഞ്ഞുകളഞ്ഞു.

സംഭവം കെ മുരളീധരനും ഡിജിപി ബാലസുബ്രഹ്മണ്യത്തിനും ഉള്ള മറുപടിയാണ് കെട്ടോ. എന്നാല്‍ പേരൊന്നും പറയാതെയാണ് ജോര്‍ജ്ജ് കാര്യങ്ങള്‍ അവതരിപ്പിച്ചത്.
ഡിജിപിക്കെതിരെ ഉയര്‍ത്തിയ ആരോപണം പോലീസ് സേനയുടെ തന്നെ ആത്മവീര്യത്തെ കെടുത്തും എന്ന് കെ മുരളീധരന്‍ സഭയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ഇടപെട്ടു എന്ന പിസി ജോര്‍ജ്ജിന്റെ ആരോപണത്തെ ലക്ഷ്യമാക്കിയായിരുന്നു മുരളീധരന്റെ പ്രസംഗം.
ഇതിനിടെ പിസി ജോര്‍ജ്ജിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി ബാലസുബ്രഹ്മണ്യവും സൂചന നല്‍കി. ഇതിനായി സര്‍ക്കാരില്‍ നിന്ന് അനുമതി തേടിയിട്ടുണ്ട്.
ഇതിന് രണ്ടിനും ചേര്‍ത്ത് പിസി ജോര്‍ജ്ജ് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു. ഡിജിപിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നും ജോര്‍ജ്ജ് ആവര്‍ത്തിച്ചു.












Click it and Unblock the Notifications