പിണറായിയെ വാതോരാതെ പുകഴ്ത്തി പിസി ജോർജ് പ്രളയകാലത്ത് മുഖ്യമന്ത്രി ചെയ്തത് മറക്കാനില്ല
തിരുവനന്തപുരം: പ്രളയാനന്തര കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്ത നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഞെട്ടിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. നിയമസഭയില്‍ ഒരു ബ്ലോക്കായിരിക്കുന്ന ഒ രാജഗോപാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചു എന്ന് ആരോപിക്കുമ്പോഴാണ് മുഖ്യമന്ത്രിയെ വാതോരാതെ പിസി ജോര്‍ജ് പുകഴ്ത്തിയിരിക്കുന്നത്.
പിണറായി വിജയന്‍ പ്രളയകാലത്ത് കേരളത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ മറന്ന് കൊണ്ട് രാഷ്ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ല എന്നാണ് പിസി തുറന്നടിച്ചത്. ഒ രാജഗോപാല്‍ മാത്രമല്ല, ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അന്തംവിട്ടു പിസി ജോര്‍ജിന്റെ വാക്കുകള്‍ കേട്ട്.

സഭയിൽ ബിജെപിക്കൊപ്പം
അടുത്തിടെയാണ് പ്രദേശിക തലത്തില്‍ സിപിഎമ്മുമായി ഉണ്ടായിരുന്ന ബന്ധം ഉപേക്ഷിച്ച് ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുളള തീരുമാനം പിസി ജോര്‍ജ് പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന പിസി ജോര്‍ജ് നിയമസഭയില്‍ ഒ രാജഗോപാലിനോട് സഹകരിക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോഴാണ് രാജഗോപാലും പിസി ജോര്‍ജും രണ്ട് തട്ടിലായത്.

പുകഴ്ത്തി പിസി
ദുരിതാശ്വാസത്തില്‍ വിവേചനം കാട്ടി എന്നാണ് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ആരോപിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയെ പുകഴ്ത്തുകയാണ് പിസി ചെയ്തത്. സ്വന്തം ആരോഗ്യം പോലും മറന്നാണ് പ്രളയകാലത്ത് മുഖ്യമന്ത്രി പ്രവര്‍ത്തിച്ചതെന്ന് പിസി ജോര്‍ജ് പറഞ്ഞു. ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി പിണറായി ചെയ്തു. പ്രളയകാലത്ത് മുഖ്യമന്ത്രി ചെയ്ത കാര്യങ്ങള്‍ മറക്കാന്‍ സാധിക്കില്ല.

ചികിത്സയ്ക്ക് പോലും പോയില്ല
കേരളത്തിലെ ജനങ്ങള്‍ക്ക് താങ്കളുടെ ജീവന്‍ വിലപ്പെട്ടതാണ് എന്നും അതുകൊണ്ട് ചികിത്സ തുടരണമെന്നും അക്കാലത്ത് താന്‍ പോലും പിണറായിയോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ അദ്ദേഹം ചികിത്സിക്കാന്‍ പോയില്ല. ഓപ്പറേഷന് അമേരിക്കയില്‍ പോലും പോകാതെ അദ്ദേഹം തന്റെ ഓഫീസിലിരുന്ന് പ്രളയ രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ് ചെയ്തത് എന്നും പിസി ജോര്‍ജ് ചൂണ്ടിക്കാണിച്ചു.

ഇതൊന്നും കണ്ടില്ലെന്ന് നടിക്കാനാവില്ല
ഇതൊന്നും കണ്ടില്ല എന്ന് നടിച്ച് രാഷ്ട്രീയം പറയാന്‍ തനിക്കാവില്ല. പിണറായുടെ കരങ്ങള്‍ ശക്തി പകരുകയാണ് നമ്മള്‍ ചെയ്യേണ്ടത് എന്നും പിസി ജോര്‍ജ് പറഞ്ഞു. സജി ചെറിയാനെയും പിസി പുക്‌ഴ്ത്തി. ചെങ്ങന്നൂരിലെ പതിനായിരങ്ങളെ രക്ഷിക്കാന്‍ അവിടുത്തെ എംഎല്‍എ കരഞ്ഞതും കാണാതെ പോകരുതെന്ന് പിസി പറഞ്ഞു. സര്‍ക്കാര്‍ എന്ത് ചെയ്തു എന്നത് പരിശോധിക്കുന്നതിന് പകരം എല്ലാവര്‍ക്കും കൂടി എന്ത് ചെയ്യാനാകും എന്ന് പരിശോധിക്കണം.

രാഷ്ട്രീയം നോക്കരുത്
ഇക്കാര്യത്തില്‍ രാഷ്ട്രീയം നോക്കരുതെന്നും അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവേ പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തും. തന്റെ മണ്ഡലമായ പൂഞ്ഞാര്‍ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നാണ്. 7 പേരാണ് പ്രളയത്തില്‍ മരിച്ചത്. ഒറ്റപ്പെട്ട പല പ്രദേശത്തും ഹെലികോപ്റ്റര്‍ വഴിയാണ് ഭക്ഷണം എത്തിച്ചതെന്നും പിസി പറഞ്ഞു. പ്രതിപക്ഷം ഒന്നാകെ സര്‍ക്കാരിനെ കടന്നാക്രമിച്ചപ്പോള്‍ പിസി ജോര്‍ജിന്റെ വ്യത്യസ്ത പ്രതികരണം എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications