പിസി ജോര്‍ജ് ജയിലിലേക്കോ? ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍, ഹൈക്കോടതി നോട്ടീസ് അയച്ചു
കൊച്ചി: ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പിസി ജോര്‍ജ് കോടതിയുടെ വ്യവസ്ഥകള്‍ ലംഘിച്ചു എന്നാണ് പറയപ്പെടുന്നത്. ഇത്തരം വിവാദ പ്രസ്താവനകള്‍ ആവര്‍ത്തിക്കരുത് എന്ന് ജാമ്യം അനുവദിക്കുന്ന വേളയില്‍ കോടതി പിസി ജോര്‍ജിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പിസി ജോര്‍ജ് നിരന്തരം വിദ്വേഷ പ്രസംഗം നടത്തുന്നു എന്നാണ് സര്‍ക്കാരിന് വേണ്ടി പാലാരിവട്ടം പോലീസ് കോടതിയെ ബോധിപ്പിച്ചത്. വെണ്ണല ക്ഷേത്രത്തിലെ പരിപാടിയില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് 2022ല്‍ പിസി ജോര്‍ജിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തിരുന്നു. ഇതില്‍ ജാമ്യം നേടിയ ശേഷം കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലും സമാനമായ രീതിയില്‍ പ്രസംഗിച്ചു എന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.

2022 മെയ് മാസത്തിലാണ് വെണ്ണലയില്‍ പിസി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയത്. ഇതിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. തിരുവനന്തപുരത്ത് വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ജാമ്യം നേടിയ ശേഷമായിരുന്നു ഈ സംഭവം. തുടര്‍ന്ന് ജില്ലാ സെഷന്‍സ് കോടതി പിസി ജോര്‍ജിന് ജാമ്യം നല്‍കാന്‍ തയ്യാറായിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്.
ഈ വര്‍ഷം ജനുവരിയില്‍ കോട്ടയം ജില്ലയില്‍ വീണ്ടും പിസി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതികളും ഉയര്‍ന്നു. ഇക്കാര്യമാണ് പാലാരിവട്ടം പോലീസ് ഹൈക്കോടതിയില്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കഴിഞ്ഞ മാസം ഇടുക്കി ജില്ലയിലും പിസി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തി എന്ന് പരാതിയുണ്ടായിരുന്നു. നിരന്തരം പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹൈക്കോടതി പിസി ജോര്‍ജിന്റെ പ്രതികരണം തേടി നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി എടുക്കുന്ന നിലപാട് നിര്‍ണായകമാകും. പിസി ജോര്‍ജ് എന്താണ് കോടതിയെ ബോധിപ്പിക്കുക എന്നതും പ്രധാനമാണ്. നിരന്തരം വിദ്വേഷ പ്രസംഗം നടത്തുന്നത് പിസി ജോര്‍ജിന് കുരുക്കാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതി പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയാല്‍ അറസ്റ്റിന് സാധ്യത തെളിയും. നേരത്തെ തിരുവനന്തപുരം പോലീസ് പിസി ജോര്‍ജിനെ സമാനമായ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു എങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിലപാട് കടുപ്പിച്ചാല്‍ പിസി ജോര്‍ജിന് നിയമക്കുരുക്ക് മുറുകും. പിന്നീട് സുപ്രീംകോടതിയെ സമീപിക്കുകയാകും പിസി ജോര്‍ജിന്റെ മുന്നിലുള്ള വഴി.
കഴിഞ്ഞ മാസം ഇടുക്കിയില്‍ വിദ്വേഷ പ്രസംഗം നടത്തവെ, കേസെടുത്താല്‍ കോടതിയില്‍ നോക്കാം എന്ന് പിസി ജോര്‍ജ് പറഞ്ഞിരുന്നു. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ് എന്നാണ് ഉയരുന്ന അഭിപ്രായം. ഇടുക്കിയിലെ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് നേതാക്കളും എറണാകുളം സ്വദേശിയുമാണ് പിസി ജോര്‍ജിനെതിരെ ഏറ്റവും ഒടുവില്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ഈ പരാതിയില്‍ നിയമ വശം ആലോചിച്ച ശേഷം നടപടിയെടുക്കാമെന്നാണ് പോലീസ് തീരുമാനിച്ചത്.












Click it and Unblock the Notifications