'ആന്റണി പരിശുദ്ധന്‍, കരുണാകരന്‍ നല്ല ഭരണാധികാരി, ഉമ്മന്‍ചാണ്ടി ജനകീയന്‍..'; പിണറായിയോ? പിസിയുടെ മറുപടി
കോട്ടയം: എകെ ആന്റണിയെ പോലൊരു പരിശുദ്ധനായ വ്യക്തി രാഷ്ട്രീയത്തില്‍ ഇല്ലെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. എല്ലാ സത്യങ്ങളും ഇങ്ങനെ വെട്ടിത്തുറന്ന് പറയരുത് എന്ന് തന്നോട് എകെ ആന്റണി പറഞ്ഞിട്ടുണ്ട് എന്ന് പിസി ജോര്‍ജ് പറഞ്ഞു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കരുണാകന്‍ മികച്ച ഭരണാധികാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് താനൊന്നും പറയുന്നില്ലെന്നും അത് ആരെ പറ്റിയും മോശം പറയുന്നത് ശരിയല്ല എന്നുള്ളത് കൊണ്ടാണ് എന്നും പി സി ജോര്‍ജ് പറഞ്ഞു. ഉമ്മന്‍ ചാണ്ടി, ഇ കെ നായനാര്‍ എന്നിവരെ പറ്റിയും പി സി ജോര്‍ജ് തന്റെ അഭിപ്രായം പറയുന്നുണ്ട്. പിസി ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'രാഷ്ട്രീയത്തില്‍ എല്ലാം സത്യം മാത്രം പറയണം എന്ന നിര്‍ബന്ധം പിടിക്കരുതെന്ന് എകെ ആന്റണി എന്നോട് പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ വൈരാഗ്യം ഉണ്ടാക്കുന്നത്. മിണ്ടാതിരുന്നേക്കണം എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞത് ന്യായമാണ്, ശ്രദ്ധിക്കണം രാഷ്ട്രീയത്തില്‍. എന്നോട് അങ്ങനെ പറഞ്ഞ് തന്ന ഏക വ്യക്തി എകെ ആന്റണിയാണ്. എകെ ആന്റണിയെ പോലൊരു പരിശുദ്ധനായ മനുഷ്യന്‍ വേറെയില്ല.
അഞ്ച് പൈസയുടെ അഴിമതിയില്ലാത്ത സത്യസന്ധനായ മനുഷ്യന്‍. അദ്ദേഹം ഇന്ത്യയെ സ്വന്തം രാജ്യമായി കണ്ട മനുഷ്യനാണ്. പുള്ളിക്ക് വേണമെങ്കില്‍ സ്വന്തം നാടായ ചേര്‍ത്തലക്ക് വേണ്ടി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമായിരുന്നു. പുള്ളി അത് ചെയ്തിട്ടില്ല. ഏത് രാഷ്ട്രീയക്കാരനും അത് ചെയ്യും, പുള്ളി അത് ചെയ്തിട്ടില്ല. കേരളത്തിലെ രാഷ്ട്രീയക്കാരില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും നല്ല ഭരണാധികാരി കെ കരുണാകരനാണ്.
കരുണാകരന്‍ കഴിഞ്ഞൊരു ഭരണാധികാരിയില്ല. പിന്നെ എനിക്ക് ഏറ്റവും ഉള്ളില്‍ കൊണ്ടിട്ടുള്ള മുഖ്യമന്ത്രി എന്ന് പറയുന്നത് ഇകെ നായനാരാണ്. അങ്ങേര് തമാശരൂപത്തില്‍ തന്നെ കാര്യങ്ങള്‍ പറയും. പുള്ളി പറയുന്നത് തമാശയാണ് എന്ന് പറയും. പക്ഷെ അത് കാര്യമാണ്. മിടുമിടുക്കനാണ്, വളരെ നല്ല മനുഷ്യനാണ്. മുഖ്യമന്ത്രിമാരില്‍ കരുണാകരന്‍ കഴിഞ്ഞാല്‍ എനിക്ക് ഇഷ്ടം ഇദ്ദേഹമാണ്.
ഉമ്മന്‍ചാണ്ടി വലിയ ജനകീയനായിരുന്നു. നിഷേധിക്കാന്‍ പറ്റില്ല. ഏറ്റവും വലിയ ജനകീയനായ മുഖ്യമന്ത്രി എന്ന് പറയുന്നത് ഉമ്മന്‍ചാണ്ടിയാണ്. അതില്‍ ഒരു തര്‍ക്കവുമില്ല. പിന്നെ നിലവിലിരിക്കുന്ന പിണറായി വിജയനെ പറ്റി ഞാനൊന്നും പറയുന്നില്ല. ആരെ പറ്റിയും മോശം പറയുന്നത് ശരിയല്ല. അതുകൊണ്ട് ഒന്നും പറയുന്നില്ല. ഉമ്മന്‍ചാണ്ടി ഏറ്റവും നല്ല ഭരണമല്ലായിരുന്നോ. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഞാന്‍ കയറി ഇടപെടാന്‍ ഒക്കെ ഇടയുണ്ടായി.

അന്ന് ഞാന്‍ ചെറിയ കാര്യത്തിനാണ് രാജി വെച്ചത്. ഇപ്പോഴത്തെ രാഷ്ട്രീയക്കാരെ പോലെ രാജിക്ക് മടിക്കുകയൊന്നും ചെയ്തില്ല. ചീഫ് വിപ്പാകുന്നില്ല എന്ന് പറഞ്ഞപ്പോള്‍ പാണക്കാട് തങ്ങള്‍ പറഞ്ഞിട്ടാണ് പിന്നെ ആ സ്ഥാനം ഏറ്റെടുത്തത്. സര്‍ക്കാരിന്റെ അഭിപ്രായം ചീഫ് വിപ്പാണ് പറയേണ്ടത്. ഞാന്‍ സഭയില്‍ അഭിപ്രായം പറഞ്ഞപ്പോള്‍ അന്ന് ഞാനും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.
ജോര്‍ജ് പറഞ്ഞത് ജോര്‍ജിന്റെ അഭിപ്രായമാണ് സര്‍ക്കാരിന്റെ അഭിപ്രായമല്ല എന്ന് ഉമ്മന്‍ചാണ്ടി മാറ്റി പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടാതെ രാജിക്കത്ത് കൊടുത്ത് ഇറങ്ങി. ആ മാന്യത എല്ലാ രാഷ്ട്രീയക്കാരും കാണിക്കണം. ഇത് മന്ത്രിയായാല്‍ ചത്താലും മാറില്ല. എന്തൊരു കാലമാണ്. മോഷ്ടിക്കുന്നത് എനിക്ക് ഭയങ്കര ദേഷ്യമാണ്. അതുപോലെ പെമ്പിള്ളോരോട് മോശമായി പെരുമാറുന്നവര്‍ക്ക് ഒരു ക്ഷമയും കൊടുക്കാറില്ല.
ഒരു പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ അവരോട് മോശമായി സംസാരിക്കുന്നത് പോലും ശരിയല്ല. അങ്ങനെയുള്ളവരോട് ഭയങ്കരമായി ശത്രുതയോടെ പെരുമാറാറുണ്ട്. കുഞ്ഞുങ്ങളോട് മോശമായി പെരുമാറുന്നത് ഏറ്റവും പുച്ഛമാണ് എനിക്ക്. അവര്‍ക്ക് രണ്ടിടി വെച്ച് കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. വാഹനമോടിക്കുമ്പോള്‍ നിയമം പാലിക്കാത്തവരോടും അരിശമാണ്.'












Click it and Unblock the Notifications