പിസി ജോർജിന്റെ അവസ്ഥ ദയനീയം; നടിയുടേയും ആ സ്ത്രീയുടെ കണ്ണീരിന്റെ ഫലം: ലുലുവിന് എതിരേയും: ആലപ്പി അഷ്റഫ്
ബിജെപി നേതാവും മുന്‍ പൂഞ്ഞാർ എംഎല്‍എയുമായ പിസി ജോർജിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകന്‍ ആലപ്പി അഷ്റഫ്. കേരളത്തിലെ പ്രമുഖ മുന്നണികളെയെല്ലാം വെല്ലുവിളിച്ച് പൂഞ്ഞാറില്‍ സ്വതന്ത്രനായി വിജയിച്ച പിസി ജോർജിന് മുന്നില്‍ വലിയ രാഷ്ട്രീയ ഭാവി തുറന്ന് കിടന്നിരുന്നു. ആ സമയത്ത് അദ്ദേഹം എല്ലാവർക്കും സർവ്വ സമ്മതായിരുന്നു. അന്ന് പിസി ജോർജ് നേരായ വഴിയില്‍, വന്ന വഴി മറക്കാതെ പോയിരുന്നെങ്കില്‍ മറ്റൊരു കെജ്രിവാളായി വരെ മാറാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു.
അസഹിഷ്ണുതയും നാക്കുപിഴവും മൂലം സ്വന്തം രാഷ്ട്രീയ ജീവിതം അദ്ദേഹം കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാലയാക്കി മാറ്റി. കെആർ ഗൗരിയമ്മക്ക് നേരെ നടത്തിയ ആക്രമണങ്ങളോടെയാണ് പിസി ജോർജിന്റെ വാക്കുപിഴ നാം ആദ്യമായി ശ്രദ്ധിക്കുന്നത്. തന്നെ കാണാന്‍ ഒരു സ്ത്രീ കൈക്കുഞ്ഞുമായി എത്തിയിരുന്നുവെന്നും ആ കുഞ്ഞ് പിസി ജോർജിന്റേതുമാണെന്ന് സത്യം ചെയ്ത് പറഞ്ഞെന്നുമായിരുന്നു ഗൗരിയമ്മ വെളിപ്പെടുത്തിയത്.

അങ്ങനെ ഒരു കാര്യത്തില്‍ കള്ളം പറയേണ്ട ആവശ്യം ഗൌരിയമ്മയ്ക്കില്ല. എന്നാല്‍ ആ വയോവൃദ്ധയ്ക്കെതിരെ വളരെ മോശമായ രീതിയിലാണ് പിസി ജോർജ് പ്രതികരിച്ചത്. ആ കിളവിക്ക് മുഴ പ്രാന്താണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അന്ന് വന്ന സ്ത്രീയുടെ കണ്ണീരിന്റെ ഫലമാണ് അദ്ദേഹം ഇന്ന് അനുഭവിക്കുന്നതെന്ന് ആർക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ?
താന്‍ ചെയ്തത് പോലെ മറ്റുള്ളവരും ചെയ്യണമെന്ന് പറയുന്നത് എങ്ങനെ ന്യായീകരിക്കാന്‍ പറ്റും. ജഗതി ശ്രീകുമാറിന് ജനിച്ച ശ്രീലക്ഷ്മിയെന്ന മകള്‍ സ്വന്തം പിതാവിനെ ഒരു നോക്കുകാണാനായി അടുത്തേക്ക് ചെന്നപ്പോള്‍ പൊതുവേദിയില്‍ വെച്ച് ആക്ഷേപിക്കുകയും അവളെ ബലമായി പിടിച്ച് ഇറക്കി വിട്ടതും നാം എല്ലാവരും കണ്ടതാണ്. ആ നിഷ്കളങ്കയായ പെണ്‍കുട്ടിയുടെ കണ്ണുനീരും ഒരു പക്ഷെ കണക്ക് ചോദിക്കുന്നുണ്ടാകും.
ഫ്രാങ്കോ കേസ് വിഷയത്തിലെ കന്യാസ്ത്രീകളെ അപമാനിച്ചപ്പോള്‍ അവർ ഒഴുക്കിയ കണ്ണുനീരും കണക്ക് പുസ്തകത്തില്‍ ഉണ്ടാകും. നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയെ നിരന്തരം ചാനലിലൂടേയും അല്ലാതെയും ആക്ഷേപിച്ചു. അവള്‍ വിദേശത്ത് ഒരു പരിപാടിക്ക് പോയപ്പോള്‍ അവള്‍ അഴിഞ്ഞാടാന്‍ പോയിരിക്കുകയാണെന്ന് പിസി ജോർജ് ചാനലിലൂടെ ഗർജ്ജിച്ചത് നാം കേട്ടതല്ലേ. അവളുടെ കണ്ണുനീരും ഈ കണക്കില്‍ ചേർക്കാവുന്നതാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.
ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിനെതിരേയും വളരെ മ്ലേച്ചമായ രീതിയില്‍ അദ്ദേഹം അവഹേളിച്ചു. ജീവിക്കാന്‍ വേണ്ടി എച്ചില്‍ പാത്രം എടുക്കുന്ന ഹോട്ടല്‍ ജീവനക്കാരനെ ഭക്ഷണം താമസിച്ചുവെന്ന പേരില്‍ മുഖത്ത് അടിച്ചപ്പോല്‍ കണ്ണില്‍ നിന്നും പൊന്നീച്ച മാത്രമല്ല കണ്ണുനീരും വന്നിട്ടുണ്ടാകും. തന്നെ ജയിപ്പിച്ചു വിട്ട വോട്ടർമാർക്കെതിരെ നിറയൊറിക്കാന്‍ തോക്കെടുത്ത ഒരേയൊരു എംഎല്‍എയാണ് പിസി ജോർജ്.
നമ്പി നാരായണന് 10 ലക്ഷം രൂപ വീട്ടില്‍ കൊണ്ടുപോയി കൊടുത്തുവെന്ന് വീമ്പിളക്കിയിരുന്നു. അതേ ചാനലില്‍ ഇരുന്ന് അങ്ങനെ ഒരു കാര്യം ഉണ്ടായിട്ടില്ലെന്ന് നമ്പി നരായണന്‍ തന്നെ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി വിഷയത്തില്‍ അദ്ദേഹം പാലുകൊടുത്ത കൈക്ക് തന്നെ കൊത്തുകയായിരുന്നു. സരിത ഉമ്മന്‍ ചാണ്ടിയുടെ മുറിയില്‍ നിന്ന് ഇറങ്ങി വരുന്നത് കണ്ടുവെന്ന കല്ലുവെച്ച നുണ അദ്ദേഹം പ്രചരിപ്പിച്ചു. ഉമ്മന്‍ചാണ്ടിക്കും കുടുംബത്തിനും ഉണ്ടായ മനോവേദന എത്ര മാപ്പ് പറഞ്ഞാലും തീരില്ല.
സ്വന്തം പ്രവർത്തി കാരണം അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ വൈരം ഒരു സമുദായത്തിന് നേരെ തിരിയുകയാണുണ്ടായത്. പിന്നീട് അങ്ങോട് വർഗീയ വിഷം തുപ്പുന്ന വാക്കുകള്‍ കൊണ്ട് അദ്ദേഹം സ്വയം അപഹാസ്യനായി. യൂസഫിലിയുടെ ലുലു മാളില്‍ ആരും കയറരുതെന്ന് ആഹ്വാനം ചെയ്തു, എന്നാല്‍ പ്രശ്നം ഗുരുതരമാണെന്ന് അറിഞ്ഞപ്പോള്‍ അതും പിന്‍വലിച്ചു. യുപിയിലുള്ള തീവ്രനിലപാടുകാർ പറയാത്ത തോതിലുള്ള വർഗ്ഗീയ പ്രസ്താവനകളാണ് അദ്ദേഹം നടത്തിയത്. പിസി ജോർജിന് ഇനിയും സമയമുണ്ട്. ചെയ്ത തെറ്റുകള്‍ മനസ്സിലാക്കി മനുഷ്യസ്നേഹം കൈവിടാതെ നോക്കണമെന്നാണ് പറയാനുള്ളതെന്നും ആലപ്പി അഷ്റഫ് പറയുന്നു.












Click it and Unblock the Notifications