വീട്ടിലേക്കുള്ള യാത്രക്കിടെ മദനിക്ക് ദേഹാസ്വാസ്ഥ്യം, ആംബുലന്‍സില്‍ ഛര്‍ദ്ദിച്ചു; ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് കേരളത്തിലെത്തിയ പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസിര്‍ മദനിക്ക് ദേഹാസ്വാസ്ഥ്യം. വൈകീട്ട് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഏഴ് മണിയോടെയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ഇവിടെ നിന്ന് കൊല്ലം മൈനാകപള്ളിയിലുള്ള വീട്ടിലേക്കുള്ള യാത്രക്കിടെയാണ് മദനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ഇതോടെ ചികിത്സയ്ക്കായി മദനിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കൊച്ചിയില്‍ വിമാനമിറങ്ങിയപ്പോള്‍ തന്നെ ഏറെ ക്ഷീണിതനായിരുന്നു മദനി. എങ്കിലും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് മദനി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അതിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. യാത്രാമധ്യേ ആലുവയില്‍ വെച്ചാണ് മദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. നിലവില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് മദനി. ഇന്ന് ആശുപത്രിയില്‍ തങ്ങണം എന്നാണ് മദനിയോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അസുഖബാധിതനായതിനാല്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് ആംബുലന്‍സിലായിരുന്നു അന്‍വാര്‍ശ്ശേരിയിലേക്കുള്ള മദനിയുടെ യാത്ര.
ഡോക്ടറും ഒരു ആരോഗ്യ പ്രവര്‍ത്തകനും ആംബുലന്‍സില്‍ മദനി അനുഗമിച്ചിരുന്നു. ഇതിനിടെ ആംബുലന്‍സില്‍ വെച്ച് അദ്ദേഹം ഛര്‍ദിച്ചു. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ മദനിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. 12 ദിവസം കേരളത്തില്‍ തങ്ങാനാണ് മദനിക്ക് കോടതിയില്‍ നിന്ന് അനുമതി ലഭിച്ചത്. ഇതിന് മുമ്പ് 2018 ലായിരുന്നു മദനി കേരളത്തിലെത്തിയത്.
അതേസമയം രോഗബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദര്‍ശിക്കുമെന്നും അദ്ദേഹം ബെംഗളൂരുവില്‍ വെച്ച് പറഞ്ഞിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മദനിയെ പി ഡി പി പ്രവര്‍ത്തകര്‍ ഹര്‍ഷാരവത്തോടെയും മുദ്രാവാക്യം വിളികളോടെയുമാണ് എതിരേറ്റത്. ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പി ഡി പി സംസ്ഥാന നേതാക്കളായ അഡ്വ. മുട്ടം നാസര്‍, വര്‍ക്കല രാജ്, വി എം അലിയാര്‍, മുഹമ്മദ് ബിലാല്‍ മുജീബുറഹ്‌മാന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഭാര്യ സൂഫിയ മദനി, പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, നേതാക്കളായ നൗഷാദ് തിക്കോടി, സലിം ബാബു, ഷാംനവാസ്, അഷ്റഫ് കാക്കനാട്, ഹസന്‍, മുബഷിര്‍ തുടങ്ങിയവര്‍ക്കൊപപ്പമാണ് അബ്ദുള്‍ നാസര്‍ മദനി നെടുമ്പാശ്ശേരിയില്‍ എത്തിയത്. അതേസമയം തനിക്കെതിരെ കള്ളക്കേസാണ് ചുമത്തിയിരിക്കുന്നത് എന്ന് മദനി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications