'ഒരു വര്‍ഷം കൊണ്ട് തീരാവുന്ന കേസ് 14 വര്‍ഷത്തിലെത്തി, ഇനിയും നീളും'; മദനി കേരളത്തില്‍
കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനി കേരളത്തിലെത്തി. കേരളത്തില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും നീതി നിഷേധത്തിന് എതിരായ പോരാട്ടത്തില്‍ എല്ലാവരുടെയും സഹായമുണ്ടെന്നും മദനി കൂട്ടിച്ചേര്‍ത്തു. അതാണ് തനിക്ക് കരുത്ത് പകരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ചുമത്തിയിട്ടുള്ളത് ഒരു വര്‍ഷം കൊണ്ട് വിധി പറയാവുന്ന കേസാണ് എന്നും മദനി പറഞ്ഞു.
ആ കേസാണ് ഇപ്പോള്‍ 14 വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നത് എന്നും എന്നിട്ടും വിചാരണ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാഴ്ച കൂടുമ്പോള്‍ അര മണിക്കൂറോ ഒരു മണിക്കൂറോ കേസിന്റെ വിചാരണ നടക്കും. ഇപ്പോള്‍ നടക്കുന്നത് പോലെയാണ് കേസ് പോകുന്നതെങ്കില്‍ പോയാല്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കും എന്നും മദനി പറഞ്ഞു. തന്റെ പേരിലുള്ളത് കള്ളക്കേസാണ് എന്ന് ഉറപ്പുണ്ടെന്നും മദനി വ്യക്തമാക്കി.

വിരോധം തോന്നുന്ന ആളെ ഏതെങ്കിലും കേസില്‍പ്പെടുത്തി ജയിലിടുകയാണ് ചെയ്യുന്നത് എന്നും മദനി പറഞ്ഞു.നിലവിലുള്ള തടവുകാരുടെ കാര്യത്തില്‍ നീതിന്യായ വ്യവസ്ഥയില്‍ പുനഃപരിശോധന വേണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്ക് മേല്‍ ചുമത്തിയത് കള്ളക്കേസാണ് എന്ന് കേരളീയ പൊതു സമൂഹത്തിനും ബോധ്യമുണ്ട് എന്ന് മദനി പറഞ്ഞു. ഇതുപോലെ നിരവധി പേരാണ് കള്ളക്കേസുകള്‍ ചുമത്തപ്പെട്ട് രാജ്യത്തിന്റെ വിവിധ ജയിലുകളില്‍ കിടക്കുന്നത്.
ജയിലില്‍ പോയതിന് ശേഷം തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കൂടി എന്നും ഇനിയുള്ള പ്രതീക്ഷ കേരളീയ സമൂഹത്തിന്റെ പിന്തുണയും പ്രാര്‍ത്ഥനയിലുമാണ് എന്നും മദനി പറഞ്ഞു. കര്‍ണാടകയിലെ ഭരണമാറ്റം കൊണ്ട് വലിയ സഹായം ഉണ്ടായിട്ടില്ലെങ്കിലും ദ്രോഹം ഉണ്ടായിട്ടില്ലെന്നും മദനി വ്യക്തമാക്കി. ഇന്ന് വൈകുന്നേരം ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട മദനി രാത്രി ഏഴരയോടെയാണ് കൊച്ചിയിലെത്തിയത്.
രോഗബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദര്‍ശിക്കുമെന്നും മദനി ബെംഗളൂരുവില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മദനിയെ പി ഡി പി പ്രവര്‍ത്തകര്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പി ഡി പി സംസ്ഥാന നേതാക്കളായ അഡ്വ. മുട്ടം നാസര്‍, വര്‍ക്കല രാജ്, വി എം അലിയാര്‍, മുഹമ്മദ് ബിലാല്‍ മുജീബുറഹ്‌മാന്‍ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു.
ഭാര്യ സൂഫിയ മദനി, പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, നേതാക്കളായ നൗഷാദ് തിക്കോടി, സലിം ബാബു, ഷാംനവാസ്, അഷ്‌റഫ് കാക്കനാട്, ഹസന്‍, മുബഷിര്‍ തുടങ്ങിയവരാണ് മദനിക്കൊപ്പം ബെംഗളൂരുവില്‍ നിന്ന് വന്നത്. അതേസമയം വിമാനമിറങ്ങിയതിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍ തങ്ങാന്‍ 12 ദിവസമാണ് മദനിക്ക് അനുവദിച്ചിരിക്കുന്നത്. ഇതിന് മുമ്പ് 2018 ല്‍ ആണ് മദനി കേരളത്തിലെത്തിയത്.












Click it and Unblock the Notifications