പിതാവിന്റെ ആരോഗ്യ സ്ഥിതി മോശം; അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക്
ബെംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക്. ചികിത്സയിലുള്ള പിതാവിനെ കാണാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. തിങ്കളാഴ്ച്ച വൈകീട്ട് ബെംഗളൂരുവില്‍ നിന്നുള്ള വിമാനത്തില്‍ അദ്ദേഹം യാത്ര തിരിക്കും. ജൂലായ് ഏഴിനാണ് മടക്കം. കൊല്ലത്താണ് പിതാവ് ചികിത്സയില്‍ കഴിയുന്നത്.
നേരത്തെ കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നെങ്കിലും ചെലവ് വഹിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു. സര്‍ക്കാര്‍ മഅദനിയുടെ യാത്രാ ചെലവുകളില്‍ ഇളവ് നല്‍കിയേക്കുമെന്നാണ് സൂചന. ബെംഗളൂരു കമ്മീഷണര്‍ ഓഫീസില്‍ നിന്ന് യാത്രാ അനുമതിക്കുള്ള അറിയിപ്പ് ലഭിച്ചതായി മഅദനിയുടെ കുടുംബം അറിയിച്ചു.

അതേസമയം തിങ്കളാഴ്ച്ച രാവിലെ യാത്രയുടെ ചെലവിനായി എത്ര പണം നല്‍കണമെന്ന് പോലീസ് അറിയിക്കും. നേരത്തെ സുപ്രീം കോടതി വിധിയില്‍ കര്‍ണാടക പോലീസ് മഅദനിക്ക് സുരക്ഷയൊരുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സുരക്ഷയ്ക്കുള്ള ചെലവ് മഅദനി തന്നെ വഹിക്കണമെന്നും നിര്‍ദേശിചിരുന്നു.
ഇതുപ്രകാരം 54.63 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് കര്‍ണാടക പോലീസ് നിര്‍ദേശിച്ചിരുന്നു. ഈ തുക കുറയ്ക്കണമെന്ന് കാണിച്ച് മഅദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പക്ഷേ ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് കേരളത്തിലേക്ക് വരുന്നില്ലെന്ന് മഅദനി അറിയിച്ചത്.












Click it and Unblock the Notifications