ക്ഷേമ പെന്‍ഷന്‍ കൈയ്യില്‍ തന്നെ കിട്ടും; ഓണം ആഘോഷം നിറം മങ്ങില്ല, തിടുക്കത്തില്‍ മാറ്റമില്ല
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ ക്ഷേമ പെന്‍ഷന്‍ ബാങ്കു വഴി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും തിടുക്കത്തില്‍ മാറ്റമുണ്ടാകില്ല. എല്ലാ ഗുണഭോക്താക്കള്‍ക്കും ബാങ്ക് അക്കൗണ്ട് എടുക്കാനുള്ള സമയം നല്‍കുന്നതിന്റെ ഭാഗമായി പദ്ധതി നടപ്പാക്കാന്‍ കാലതാമസം എടുക്കും. എങ്കിലും ഏറെ കാലം നിലവിലെ രീതി തുടരില്ല.
സഹകരണ സ്ഥാപനങ്ങളുടെ ഏജന്റുമാര്‍ മുഖേന ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ കൈയ്യിലെത്തിക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതില്‍ പല പാളിച്ചകളുമുണ്ട് എന്ന് സര്‍ക്കാര്‍ മനസിലാക്കുന്നു. തുടര്‍ന്നാണ് കുറ്റമറ്റ രീതിയില്‍ ബാങ്ക് വഴി പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇത് പല ഗുണഭോക്താക്കളിലും ആശങ്ക പടര്‍ത്തിയിരിക്കെയാണ് പുതിയ വിവരം.

ക്ഷേമ പെന്‍ഷന്‍ വിതരണം ബാങ്ക് വഴി നല്‍കുന്ന രീതിയിലേക്ക് മാറ്റും. എന്നാല്‍ തിടുക്കത്തില്‍ മാറ്റില്ല. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് തയ്യാറായി എന്ന് ഉറപ്പാക്കുന്നതിന് സമയം അനുവദിക്കും. ഏതെങ്കിലും ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ മുടങ്ങി എന്ന ആക്ഷേപം ഉയരാത്ത തരത്തില്‍ കുറ്റമറ്റ രീതിയില്‍ പദ്ധതി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കിടപ്പു രോഗികള്‍ ഉള്‍പ്പെടെ അവശരായവര്‍ക്ക് നേരിട്ട് പണം കൈയ്യിലെത്തിക്കുന്നത് തുടരും.
ഈ മാസം ഓണാഘോഷത്തിന് ഒരുങ്ങവെ ലഭിക്കുന്ന ക്ഷേമ പെന്‍ഷന്‍ കൈയ്യില്‍ തന്നെയാകും കിട്ടുക. പുതിയ മാറ്റം തിടുക്കത്തില്‍ നടപ്പാക്കില്ല എന്നാണ് നിയമ വകുപ്പില്‍ നിന്നുള്ള വിവരം. തിടുക്കത്തില്‍ പദ്ധതി നടപ്പാക്കിയാല്‍ ക്ഷേമ പെന്‍ഷന്‍ പലര്‍ക്കും കിട്ടാതെ വരികയും പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്യും. ഇതൊഴിവാക്കാനാണ് മതിയായ സമയം അനുവദിക്കുന്നത്.
ഏജന്റുമാര്‍ വഴി വിതരണം ചെയ്യുന്ന വേളയില്‍ ഡാറ്റകളുടെ കൈമാറ്റത്തിന് സമയമെടുക്കുന്നു എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വിതരണം ചെയ്യാത്ത പെന്‍ഷന്റെ കണക്കുകള്‍ സര്‍ക്കാരിന് ലഭ്യമാകാന്‍ സമയമെടുക്കുന്നുണ്ട്. മാത്രമല്ല, വിതരണം ചെയ്യുന്നതിന് അധിക ചെലവും വരുന്നു. ബാങ്ക് വഴിയാക്കി പെന്‍ഷന്‍ വിതരണം മാറ്റിയാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
അതേസമയം, പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിലാണ്. പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് അവര്‍ സംശയം പ്രകടിപ്പിക്കുന്നു. മാത്രമല്ല, പ്രായമായ പല ഗുണഭോക്താക്കള്‍ക്കും പുതിയ തീരുമാനം തിരിച്ചടിയാകാനുള്ള സാധ്യതയുണ്ട്. ബാങ്ക് വഴിയുള്ള ഇടപാട് ആകുമ്പോള്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടത് ഗുണഭോക്താക്കള്‍ക്ക് വിപരീത ഫലം ചെയ്യുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.





Click it and Unblock the Notifications