'പഴയ സ്വർണം മാറ്റി വാങ്ങുന്നുമില്ല, പകരം ചെയ്യുന്നത് ഇങ്ങനെ, മഹായുദ്ധമുണ്ടായാൽ ചിന്തിക്കുന്നതിനുമപ്പുറം വില'
ഇറാനുമായുളള പ്രശ്നങ്ങൾ അമേരിക്ക ചർച്ചയിലൂടെ പരിഹരിച്ചേക്കും എന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് പശ്ചിമേഷ്യ സംഘർഷഭരിതമായിരിക്കുകയാണ്. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിന് ഇറാൻ തിരിച്ചടിച്ച് തുടങ്ങി.
യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ഇന്ന് തന്നെ രണ്ട് തവണ വില ഉയർന്ന് കഴിഞ്ഞു. പവൻ വില ഒന്നര ലക്ഷത്തിലേക്ക് വൈകാതെ തന്നെ എത്തുമെന്ന് പറയുകയാണ് സ്വർണ വ്യാപാരിയായ അരുൺ മാർക്കോസ്.
''സ്വര്‍ണം വാങ്ങാനായി നിരവധി ആളുകള്‍ ഈയടുത്തായി അന്വേഷിക്കുന്നുണ്ടായിരുന്നു. അവരോട് പറഞ്ഞിരുന്നത് ഒന്നോ രണ്ടോ മാസത്തേക്ക് വിലയില്‍ വലിയ വര്‍ധനവ് ഉണ്ടാകില്ല എന്നായിരുന്നു. മാര്‍ച്ചിന് ശേഷം മാത്രമേ വിലയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യത കാണുന്നുളളൂ എന്നായിരുന്നു. പക്ഷേ അപ്രതീക്ഷിതമായി ഉണ്ടായ ഈ യുദ്ധ സാഹചര്യം വിലയില്‍ വലിയ വര്‍ധനവുണ്ടാക്കും. അത് വ്യാപാരത്തെ മോശമായി ബാധിക്കും.

ഇത്ര വലിയ വിലയിലേക്ക് പോകുന്നത് കാണുമ്പോള്‍ സാധാരണക്കാര്‍ വാങ്ങാന്‍ മടിക്കും. മലയാളികള്‍ ആഭരണമായിട്ട് മാത്രമല്ല സ്വത്ത് ആയും നിക്ഷേപമായും സ്വര്‍ണം വാങ്ങുന്നവരാണ്. അതുകൊണ്ട് സ്വര്‍ണത്തോടുളള താല്‍പര്യമൊന്നും കുറയില്ല. പക്ഷേ സാമ്പത്തിക സാഹചര്യങ്ങള്‍ കൂടി അനുകൂലമായാലേ വാങ്ങാനൊക്കൂ.
യുദ്ധം അടുത്ത കാലത്തൊന്നും അവസാനിക്കാനുളള സാധ്യത കാണുന്നില്ല. ട്രംപ് തീരുമാനിക്കുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോവുകയാണ്. ഇത് വലിയ പരിണിതഫലങ്ങളുണ്ടാക്കും, അവശ്യ സാധനങ്ങളുടെ വില വര്‍ധനവ് അടക്കമുണ്ടാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ വീണ്ടും വ്യാപാരമാന്ദ്യം ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധി ഇപ്പോള്‍ തന്നെ ഉണ്ട്. അത് വലിയ തരത്തിലേക്ക് ഉയരും, ആളുകളെ ബാധിക്കും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണവില പവന് ഒന്നരലക്ഷത്തിലേക്ക് പെട്ടെന്ന് തന്നെ കുതിച്ചെത്തും. 2 ലക്ഷം എന്നുളളത് ഉടനെ തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷേ അത് അപ്രാപ്യമൊന്നും അല്ല. വിവിധ രാജ്യങ്ങള്‍ അണി ചേര്‍ന്ന് മഹായുദ്ധമായി മാറിയാല്‍ ചിന്തിക്കുന്നതിനും അപ്പുറത്തേക്ക് സ്വര്‍ണവില പോകും.
കോയിനുകളും ബാറുകളും വാങ്ങുന്നത് സ്വര്‍ണം നിക്ഷേപമായി മാത്രം കാണുന്നവരാണ്. അത്തരക്കാര്‍ അതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. പഴയ സ്വര്‍ണം വില്‍ക്കാന്‍ വരുന്നവരുണ്ട്. പഴയ സ്വര്‍ണമായി തന്നെ നല്‍കാമോ എന്ന് ചോദിച്ച് വരുന്നവരുണ്ട്, പണിക്കൂലിയില്‍ നിന്ന് അതിലൂടെ രക്ഷപ്പെടാം എന്ന് കരുതുന്നവരുണ്ട്. കല്യാണമൊക്കെ വരുമ്പോള്‍ പഴയ സ്വര്‍ണം മാറ്റി വാങ്ങാതെ അത് തന്നെ മക്കള്‍ക്ക് കൊടുക്കുന്നവരുമുണ്ട്. ഇതെല്ലാം വ്യാപാരികളെയാണ് ബാധിക്കുന്നത്''.












Click it and Unblock the Notifications