കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെജി സെന്ററിനോട് ജനങ്ങൾക്ക് വൈകാരികമായ അടുപ്പം: സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ എകെ ബാലന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കെപി അനില്‍കുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെ സിപിഎം പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി എകെ ബാലന്‍. കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും കെ മുരളീധരനും എകെജി സെൻ്ററിനെ കുറിച്ച് നടത്തിയ ഹീനമായ പരാമർശം ജനാധിപത്യ ബോധമുള്ള ഏവരെയും വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ആധുനിക കേരളത്തിൻ്റെ ശിൽപികളിൽ പ്രമുഖനായ എ കെ ജി പാവങ്ങളുടെ പടത്തലവൻ എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള തിരുവനന്തപുരത്തെ എ കെ ജി സെന്റർ പുതിയ കേരളത്തെ രൂപപ്പെടുത്തുന്നതിൽ വിപ്ലവകരമായ പങ്ക് വഹിക്കുന്നു. ആ നിലയിൽ കേരളത്തിൻ്റെ വിപ്ലവ കേന്ദ്രമായി എകെജി സെൻ്ററിനെ വിശേഷിപ്പിക്കാം. കേരളത്തിലെ ജനങ്ങളുടെ ആശാകേന്ദ്രമായ എ കെ ജി സെന്റർ മതനിരപേക്ഷതയുടെയും വിശ്വമാനവികതയുടെയും സംരക്ഷണകേന്ദ്രവുമാണ്. പുരോഗമന ആശയങ്ങളുടെ പ്രഭവകേന്ദ്രമാണത്. എകെജിയോടും എ കെ ജി സെന്ററിനോടും ജനങ്ങൾക്ക് വൈകാരികമായ അടുപ്പമാണുള്ളതെന്നും എകെ ബാലന്‍ പ്രസ്താവനയില്‍ പറയുന്നു.

ആ പറഞ്ഞത് ശരിയായില്ല: കോണ്‍ഗ്രസിനെതിരെ യുഡിഎഫില്‍ പരാതിപ്പെടാന്‍ ജോസഫ്ആ പറഞ്ഞത് ശരിയായില്ല: കോണ്‍ഗ്രസിനെതിരെ യുഡിഎഫില്‍ പരാതിപ്പെടാന്‍ ജോസഫ്

എ കെ ജി സെന്റര്‍

കോൺഗ്രസ്സിന്റെ തെറ്റായ പോക്കിൽ മനംമടുത്തവർ ബി ജെപിയിലേക്ക് പോകാതെ സിപിഐ എമ്മിലേക്ക് വരുന്നതാകാം എ കെ ജി സെന്ററിനെ കുറിച്ച് മോശമായ പരാമർശം നടത്താൻ അവരെ പ്രേരിപ്പിച്ചത്. വേണ്ടിവന്നാൽ ബി ജെപിയിൽ പോകുമെന്ന് ഒരു മടിയുമില്ലാതെ പറഞ്ഞയാളാണല്ലോ ഇപ്പോൾ കെ പി സി സി പ്രസിഡന്റായി ഇരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ എ കെ ജി സെൻ്ററിൽ വന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ചതായി പ്രഖ്യാപിക്കുകയും സിപിഐഎമ്മുമായി യോജിച്ച് പ്രവർത്തിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കൊല്ലത്തു നിന്നുള്ള മറ്റൊരു കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ എ കെ ജി സെന്ററിൽ വന്ന് സിപിഐഎമ്മുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ സംഭവങ്ങളാണ് കെപിസിസി പ്രസിഡണ്ടിനെ ചൊടിപ്പിച്ചതെന്ന് വ്യക്തം.

ഇക്കാലയളവിൽ കോൺഗ്രസ്സിൽ നിന്ന് ആദ്യം രാജി സമർപ്പിച്ചത് പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ വി ഗോപിനാഥാണ്. അദ്ദേഹത്തിന്റെ രാജിക്കത്ത് ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതാണോ സെമി കേഡർ? രാജി സമർപ്പിച്ചതുകൊണ്ടാണ് എ വി ഗോപിനാഥിന്റെ പേരിൽ നടപടിയെടുക്കാൻ കഴിയാത്തത്. വരും ദിവസങ്ങളിൽ കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക്, പ്രത്യേകിച്ച് സിപിഐ എമ്മിലേക്കുള്ള ഒഴുക്ക് ശക്തിപ്പെടാനാണ് പോകുന്നത്. അത് കേരളത്തിലെ അവശേഷിക്കുന്ന കോൺഗ്രസിന് കനത്ത ആഘാതമായി മാറുകയും ചെയ്യും. കെപിസിസി പ്രസിഡൻറ് പ്രഖ്യാപിച്ച സെമി കേഡർ സംവിധാനം കൊണ്ടൊന്നും ഇതിനെ തടഞ്ഞുനിർത്താനാവില്ല. സെമി കേഡർ സംവിധാനത്തിലേക്ക് പോകുന്നതിനേക്കാൾ നല്ലത് പൂർണ്ണ കേഡർ സംവിധാനത്തിലേക്ക് പോകുന്നതായിരിക്കുമെന്ന് കോൺഗ്രസുകാർ ചിന്തിക്കുന്നുവെങ്കിൽ കുറ്റം പറയാനാവില്ലല്ലോ.

 പൂർണസ്വാതന്ത്ര്യം

കോൺഗ്രസിൽ ഉണ്ടെന്നു പറയപ്പെടുന്ന പൂർണസ്വാതന്ത്ര്യം അനുവദിച്ചു കഴിഞ്ഞാൽ അവരുടെ പ്രസ്ഥാനം ഉണ്ടാകില്ല എന്നതാണ് സത്യം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാ തത്വത്തിലേക്ക് കോൺഗ്രസ് വരണമെന്നാണ് സുധാകരൻ പറയുന്നത്. അത് ഒരിക്കലും സാധ്യമല്ല. ഒരു കേഡർ പാർട്ടിക്ക് ശക്തമായ ഒരു പ്രത്യയശാസ്ത്രം വേണം, നയം വേണം. അതില്ലാത്തിടത്തോളം സെമി കേഡർ നയമെന്ന് പറയുന്നത് തനിക്ക് ഇഷ്ടപ്പെട്ട ആളുകളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനും ഇഷ്ടമില്ലാത്തവരെ പറഞ്ഞയക്കാനുമുള്ള അടവ് മാത്രമായേ കാണാൻ കഴിയൂ.

എകെജി സെൻ്ററിനെ കുപ്പത്തൊട്ടി എന്നാണ് കെ സുധാകരനും കെ മുരളീധരനും വിശേഷിപ്പിച്ചത്. അങ്ങനെയാണെങ്കിൽ ഈ കുപ്പത്തൊട്ടിയിൽ വീഴാത്തവരായി കോൺഗ്രസിൽ ആരാണുള്ളത്? കോൺഗ്രസിലെ ശക്തമായ ഗ്രൂപ്പുകളായ ഐ, എ എന്നീ രണ്ടു വിഭാഗക്കാരും എ കെ ജി സെന്ററിൽ എത്തിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ എൽ ഡി എഫുമായി ചേർന്ന് കോൺഗ്രസ്സിലെ ഒരു വിഭാഗം കേരള ഭരണത്തിൽ പങ്കാളികളായിട്ടുണ്ട്. കേരളത്തിലെ സമുന്നത കോൺഗ്രസ് നേതാവായ ആയ കെ കരുണാകരനും മകനും ഡിഐസി എന്ന വേഷത്തിൽ സിപിഐഎമ്മുമായി ആയി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. സിപിഐഎമ്മുമായുള്ള സമ്പർക്കത്തിന്റെ ഫലമായി കേരളത്തിൽ മാർക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് നിലനിൽപ്പില്ലെന്ന് അവർ മനസ്സിലാക്കിയിട്ടുമുണ്ട്. -എകെ ബാലന്‍ തുടരുന്നു

ഇപ്പോൾ വീണുകിടക്കുന്നത്

സംഘടനാ കോൺഗ്രസിൽ പ്രവർത്തിച്ച്, അവിടെനിന്ന് ജനതാപാർട്ടിയിൽ ചേർന്ന് പിന്നീട് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ സുധാകരന്റെ രാഷ്ട്രീയ യാത്രയിൽ അദ്ദേഹത്തിന്റെ മുൻകാല നേതാക്കളിൽ പലരും എ കെ ജി സെന്ററിൽ വന്നു. അന്ന് അവരോടൊപ്പം തലയിൽ മുണ്ടിട്ട് ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. എ കെ ജി സെന്ററിലേക്ക് വരാത്തവരായി അധികം പേരൊന്നും കോൺഗ്രസ്സിലില്ല. രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളി രാമചന്ദ്രനെയും ഒഴിവാക്കാം. ചിലർ പ്രകടമായി വന്നു; മറ്റു ചിലർ തലയിൽ മുണ്ടിട്ടു വന്നു. അവരൊക്കെ ചണ്ടികളായിരുന്നോ? എ കെ ജി സെന്ററിൽ എത്രയോ മുമ്പ് തന്നെ വരേണ്ടതായിരുന്നുവെന്നാണ് കെ പി അനിൽകുമാർ പറഞ്ഞത്. എ കെ ജി സെന്ററിനെ കുപ്പത്തൊട്ടിയെന്ന് പറഞ്ഞാൽ അത് കോൺഗ്രസ്സുകാർ പോലും അംഗീകരിക്കില്ല.

എ കെ ജിയെ അപമാനിക്കാൻ ശ്രമിച്ചയാളാണ് ഇപ്പോൾ വീണുകിടക്കുന്നത് എന്നും ഓർക്കാവുന്നതാണ്.
കോൺഗ്രസിലുള്ള അസംതൃപ്തിയും പൊട്ടിത്തെറിയും മൂലം ബിജെപിയിലേക്ക് നല്ലൊരു ഒഴുക്ക് ഉണ്ടാവേണ്ടതാണ്. അത് നടക്കാത്തതിന് കാരണം ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ സിപിഐ എം നടത്തിയ പ്രത്യയശാസ്ത്ര, രാഷ്ട്രീയ ആക്രമണമാണ്. അല്ലെങ്കിൽ ഇപ്പോൾ ഈ കോൺഗ്രസ്സ് ഉണ്ടാവില്ല. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് ഒരു കേഡർ പാർട്ടി ആയി ബിജെപി-സംഘ പരിവാർ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം എന്ന് തിരിച്ചറിയുന്നവരാണ് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോകാതെ സിപിഐ എമ്മിലേക്ക് വരുന്നത്. ഇന്ത്യയിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ്സിന് കഴിയുമെന്ന് ആ പാർട്ടിയിലുള്ളവർ പോലും വിശ്വസിക്കുന്നില്ലെന്നും എകെ ബാലന്‍ ചൂണ്ടിക്കാണിക്കുന്നു.

ചെറിയ പാർട്ടിയാണ്

ഇന്ത്യയിൽ സിപിഐ എം ഒരു ചെറിയ പാർട്ടിയാണ്. എന്നാൽ ശക്തമായ ആശയം ഉയർത്തിപ്പിടിച്ച് ഒട്ടും ഇടർച്ചയില്ലാതെ ബി ജെ പിക്കെതിരായും ജനങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടിയും പോരാടുന്ന പ്രസ്ഥാനമാണ് സിപിഐ എം. പുകഞ്ഞ കൊള്ളി പുറത്തെന്നാണ് അവർ പറയുന്നത്. പുകയാത്ത കൊള്ളികളും പുറത്തുവരാൻ പോവുകയാണ്. പുകഞ്ഞതേ അവർ കാണുന്നുള്ളൂ. കോൺഗ്രസിനുള്ളിൽ അമർന്നുകത്തുന്നത് അവർ കാണുന്നില്ല. ഡിസിസി പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ അതൊരു വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങും. അപ്പോഴായിരിക്കും കോൺഗ്രസ് നേതൃത്വം ഞെട്ടിവിറയ്ക്കുക. പാത്രത്തിൽ വെള്ളം കൂടിയാൽ അത് പുറത്തുപോകുമെന്നും ഞങ്ങളുടെ ടാങ്ക് ഫുൾ ആണെന്നുമാണ് കെ മുരളീധരൻ പറയുന്നത്.

അദ്ദേഹം സ്വപ്നാടനത്തിൽ പറയുന്നതാണിത്. യഥാർത്ഥത്തിൽ ടാങ്ക് കാലിയാണ്. നേതാക്കളുടെ ശരീരഭാഷയെയും സംസാരത്തെയും പരിഹസിക്കുന്ന മുരളീധരൻ ഒന്ന് കണ്ണാടിയിൽ നോക്കുന്നത് നന്നായിരിക്കും. സിപിഐഎമ്മിലേക്ക് വരുന്നവരെല്ലാം വഞ്ചകരാണ് ചണ്ടികളാണ് എന്നൊക്കെയാണ് പറയുന്നത്. അത് അവരുടെ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നതാണ്. തൻ്റെ പിതാവിനോടൊപ്പം പ്രണാബ് മുഖർജിയുടെ കയ്യും കാലും പിടിച്ചാണ് മുരളീധരൻ കോൺഗ്രസ്സിലേക്ക് തിരിച്ചുവന്നതെന്ന് എല്ലാവർക്കും അറിയുന്നതാണ്.

മുണ്ടഴിച്ചവരും മുണ്ട് നഷ്ടപ്പെട്ടവരും

മുണ്ടഴിച്ചവരും മുണ്ട് നഷ്ടപ്പെട്ടവരും ഒക്കെ ഇന്ന് ഒരു ചേരിയിലാണ് എന്നതുകൊണ്ട് ഇനി മുണ്ട് അഴിയില്ലെന്ന് ധരിക്കരുത്. എപ്പോഴാണ് ഇനിയും മുണ്ടഴിക്കൽ ആവർത്തിക്കുന്നതെന്ന് കേരളം കാണാൻ പോവുകയാണ്. കോൺഗ്രസ്സ് സർവ നാശത്തിലേക്കാണ് സഞ്ചരിക്കുന്നത്. ആർക്കും ഇനി കോൺഗ്രസിനെ രക്ഷിക്കാനാവില്ല.
മനുഷ്യത്വം ദുഃഖത്തിന്റെ മുന്നിൽ വാചാലമാകുമെന്ന് സ്വാമി വിവേകാനന്ദൻ തന്റെ ചിക്കാഗോ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ നിശബ്ദമാവുകയും ചെയ്തേക്കാം. വാചാലമാകുന്നതാണ് മാറ്റത്തെ ഉൾക്കൊള്ളുന്നത്. സാമൂഹ്യ മാറ്റത്തിന് നേതൃത്വം കൊടുക്കുന്നവർ ഒരിക്കലും നിശ്ശബ്ദരായിരിക്കില്ല. അവരെ നിശ്ശബ്ദരാക്കാൻ ആര് വിചാരിച്ചാലും കഴിയുകയുമില്ലെന്നും എകെ ബാലന്‍ കൂട്ടിച്ചേര്‍ക്കുന്നു.

 ജാഗ്രതയുണ്ടെങ്കില്‍ പെരിന്തല്‍മണ്ണ പിടിക്കാമായിരുന്നു; പൊന്നാനി ഞെട്ടിച്ചു; വിശദീകരണം തേടി സിപിഎം ജാഗ്രതയുണ്ടെങ്കില്‍ പെരിന്തല്‍മണ്ണ പിടിക്കാമായിരുന്നു; പൊന്നാനി ഞെട്ടിച്ചു; വിശദീകരണം തേടി സിപിഎം

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

English summary
People's emotional closeness to AKG Center: AK Balan against k Sudhakaran's statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X