Peravoor Election Results LIVE: പേരാവൂരിൽ സണ്ണി ജോസഫിന് നേരിയ ലീഡ് മാത്രം, ചരിത്രം തിരുത്തുമോ കെകെ ശൈലജ
ഗ്ലാമർ പോരാട്ടം നടക്കുന്ന പേരാവൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന് നേരിയ ലീഡ്. വോട്ടിങ് മെഷീനുകൾ എണ്ണി തുടങ്ങിയപ്പോൾ വെറും 300 ഓളം വോട്ടുകളുടെ ലീഡ് മാത്രമാണ് മണ്ഡലത്തിൽ സണ്ണി ജോസഫിനുള്ളത്. ഇതോടെ ഇത്തവണ മണ്ഡലത്തിൽ കെകെ ശൈലജയിലൂടെ സി പി എം അട്ടിമറി ഉണ്ടാക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്.
2011 മുതൽ പേരാവൂർ സണ്ണി ജോസഫിനൊപ്പമാണ്. ആദ്യ പോരാട്ടത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായ പി ജയരാജനെ 3440 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫ് പരാജയപ്പെടുത്തിയത്. 2016ൽ എൽ ഡി എഫ് തരംഗം സംസ്ഥാനത്താകെ ആഞ്ഞടിച്ചപ്പോഴും സണ്ണി ജോസഫിനൊപ്പമായിരുന്നു മണ്ഡലം. 7989 വോട്ടിന്റെ വമ്പിച്ച ലീഡോടെയാണ് അന്ന് സണ്ണി ജോസഫ് പേരാവൂരിൽ വീണ്ടും ജയിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥിയായ അഡ്വ ബിനോയ് കുര്യനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2021 ൽ പക്ഷെ സണ്ണി ജോസഫ് മണ്ഡലത്തിൽ കിതച്ചു, ഭൂരിപക്ഷം കുറഞ്ഞു. 47.06 ശതമാനം വോട്ടാണ് സണ്ണി ജോസഫ് നേടിയത്, അതായത് 66706 വോട്ടുകള്‍. എൽ ഡി എഫ് സ്ഥാനാർഥി സക്കീർ ഹുസൈൻ 44.83 ശതമാനം വോട്ടും (63534 വോട്ടുകള്‍) നേടി.

2006 ൽ പേരാവൂരിൽ നേടിയ അട്ടിമറി വിജയം ആത്മവിശ്വാസമാക്കിയതാണ് ഇത്തവണ കെകെ ശൈലജയെ സി പി എം മണ്ഡലത്തിലിറക്കിയത്. 2006 ൽ പേരാവൂരിൽ മത്സരിച്ച കെകെ ശൈലജ മത്സരിച്ചപ്പോൾ കോൺഗ്രസിന്റെ സിറ്റിങ് എം എൽ എയായിരുന്ന എഡി മുസ്തഫയെ 9,099 വോട്ടുകൾക്കായിരുന്നു പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ കിതച്ച സണ്ണി ജോസഫിനെ ശൈലജയ്ക്ക് എളുപ്പം പരാജയപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സി പി എം അത്തരമൊരു നീക്കം നടത്തിയത്. ഉറച്ച പാർട്ടി വോട്ടുകൾക്കൊപ്പം ശൈലജയുടെ ജനപ്രീതിയും കൂടി വോട്ടാകുമ്പോൾ മണ്ഡലം കൂടെ പോരുമെന്നാണ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ. എന്തായാലും കോണ്‍ഗ്രസിനും സണ്ണി ജോസഫിനും ആശ്വസിക്കാനുള്ള കണക്കല്ല ആദ്യ മണിക്കൂറിൽ പുറത്തുവരുന്നത്.
അതേസമയം സംസ്ഥാനത്ത് ഇത്തവണ യുഡിഎഫ് തരംഗം ഉണ്ടെന്ന സൂചനയാണ് ആദ്യ മണിക്കൂറിൽ പുറത്തുവരുന്നത്. നിലവിൽ 95 സീറ്റുകളിലാണ് യു ഡി എഫ് സംസ്ഥാനത്ത് ലീഡ് ചെയ്യുന്നത്. എൽ ഡി എഫ് 41 ഇടത്തും. എൻ ഡി എ 4 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications