Peringottukurissi Election Result: കോണ്‍ഗ്രസിനോട് ഇടഞ്ഞു, എവി ഗോപിനാഥിന് കനത്ത തോല്‍വി
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റും എം എല്‍ എയുമായിരുന്ന എ വി ഗോപിനാഥിന് വന്‍ തോല്‍വി. കോണ്‍ഗ്രസ് വിട്ട് ഇടതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്ന എ വി ഗോപിനാഥ് 100 വോട്ടുകള്‍ക്കാണ് തോറ്റത്. പെരുങ്ങോട്ടുകുറിശ്ശിയിലെ ഏഴാം വാര്‍ഡില്‍ നിന്നായിരുന്നു എ വി ഗോപിനാഥ് ജനവിധി തേടിയത്. കോണ്‍ഗ്രസ് വിട്ട ശേഷം ഗോപിനാഥ് സ്വതന്ത്ര ജനാധിപത്യ മുന്നണി (ഐഡിഎഫ്) രൂപീകരിച്ചിരുന്നു.
ഈ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ഗോപിനാഥിന് പിന്തുണയും കൊടുത്തിരുന്നു. എന്നാല്‍ ഗോപിനാഥിന്റെ സ്വതന്ത്ര ജനാധിപത്യ മുന്നണി മത്സരിപ്പിച്ച ആറ് സ്ഥാനാര്‍ത്ഥികളും ദയനീയമായി പരാജയപ്പെട്ടു. 50 വര്‍ഷമായി കോണ്‍ഗ്രസ് ആണ് പെരുങ്ങോട്ടുകുറിശ്ശിയില്‍ അധികാരത്തിലുള്ളത്. കോണ്‍ഗ്രസ് ഭരണത്തിന് അവസാനം കുറിക്കുമെന്ന് പറഞ്ഞായിരുന്നു ഗോപിനാഥ് മത്സരിക്കാന്‍ ഇറങ്ങിയത്.

2009 മുതല്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വവുമായി ഗോപിനാഥ് അകലം പാലിച്ച് വരികയായിരുന്നു. എന്നാല്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ഗോപിനാഥ് കോണ്‍ഗ്രസിനെ പൂര്‍ണമായി കൈയൊഴിഞ്ഞത്. എന്നാല്‍ 2023 ല്‍ നവകേരള സദസില്‍ പങ്കെടുത്തതോടെ പാര്‍ട്ടിയില്‍ നിന്നും ഔദ്യോഗികമായി പുറത്താക്കി. 25 വര്‍ഷക്കാലം പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച ആളാണ് ഗോപിനാഥ്.
1991 ല്‍ ആലത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ 338 വോട്ടിന്റെ അട്ടിമറി വിജയം നേടി എം എല്‍ എയായി. പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസിന്റെ ഐ ഗ്രൂപ്പിന്റെ മുഖമായിരുന്നു എ വി ഗോപിനാഥ്. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിയതോടെ ഗോപിനാഥിന്റെ സ്വാധീനം നഷ്ടപ്പെട്ടു എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് വ്യക്തമാകുന്നത്. കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന ആളാണ് ഗോപിനാഥ്.
പരുത്തിപ്പുള്ളി ക്ഷീരോത്പാദന സഹകരണ സംഘം ഡയറക്ടര്‍, പെരുങ്ങോട്ടുകുറിശ്ശി സഹകരണ ബാങ്ക് പ്രസിഡന്റ്, പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് (1979-95, 2000-05, 2015-2020), പാലക്കാട് ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ (2007-2009), പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി (2002-2007), തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് - മാരിക്കോ, കാംക്കോ, റുബ്ഫില്ല. കഞ്ചിക്കോട് (2002-2015) എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് (1984-1988), പാലക്കാട് ജില്ലാ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി (1979-1984), കെഎസ് യു ആലത്തൂര്‍ താലൂക്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നിലവില്‍ ആറാം വാര്‍ഡ് മെമ്പറായിരുന്നു.












Click it and Unblock the Notifications