പെരിയ ഇരട്ടക്കൊലക്കേസ്; മുന്‍ എംഎല്‍എ ഉള്‍പ്പെടെ 14 പേർ കുറ്റക്കാർ: ശിക്ഷ വിധി ജനുവരി 3 ന്
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എം എല്‍ എ കെവി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാർ. ഒന്ന് മുതല്‍ എട്ട് വരേയുള്ള പ്രതികള്‍ക്കെതിരായ കൊലക്കുറ്റം തെളിഞ്ഞതായും എറണാകുളത്തെ സി ബി ഐ കോടതി വ്യക്തമാക്കി. പത്ത് പ്രതികളെ വെറുതെ വിട്ടു. ശിക്ഷപ്പെട്ട 14 പേരില്‍ ആറ് പേരും സി പി എമ്മിന്റെ പ്രധാന നേതാക്കളാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്കുള്ള ശിക്ഷ ജനുവരി ഒന്നിന് പ്രസ്താവിക്കും.
സി പി എം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍, സജിയെന്ന സജി സി ജോര്‍ജ് , കെ.എം. സുരേഷ്, അബു എന്ന കെ അനില്‍ കുമാര്‍, ജിജിന്‍, കുട്ടു എന്ന ആര്‍ ശ്രീരാഗ്, അപ്പു എന്ന എ അശ്വിന്‍, മണിയെന്ന സുബീഷ് എന്നിവരാണ് ഒന്ന് മുതല്‍ എട്ട് വരേയുള്ള പ്രതികള്‍. പീതാംബരന്‍ മുഖ്യസൂത്രധാരനും സജി കൃത്യത്തിന് നേതൃത്വം നല്‍കിയ വ്യക്തിയുമാണ്. ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ. സുരേന്ദ്രന്‍, കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എം എല്‍ എ, സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ വി ഭാസ്കരൻ എന്നിവരാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മറ്റ് പ്രതികള്‍.

2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തുന്നത്. കേസിലെ അന്വേഷണം സി ബി ഐക്ക് വിട്ട കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതി വരെ പോയെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. അന്വേഷണം ഏറ്റെടുത്ത സി ബി ഐ രണ്ട് വർഷത്തിന് ഒടുവില്‍ 2021 ഡിസംബർ 3 നാണ് സി ബി ഐ കോടതിയില്‍ കുറ്റപത്രം സമർപ്പിക്കുന്നത്.
കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം തന്നെ അന്ന് സി പി എം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ പിതാംബരനെയും സുഹൃത്തും സഹായിയുമായ സി ജെ സജിയെയും പൊലീസ് അറസ്റ്റ് ചെയ്തു.അന്വേഷണം സർക്കാർ ക്രൈബ്രാഞ്ചിന് വിട്ടു. ക്രൈബ്രാഞ്ച് അന്വേഷണം കാര്യക്ഷമല്ലെന്നും സി ബി ഐ അന്വേഷണം വേണമെന്നും തുടക്കം മുതല്‍ തന്നെ കൃപേഷിന്‍റെയും ശരത് ലാലിന്‍റേയും മാതാപിതാക്കൾ ആവശ്യപ്പെടുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.
2019 മെയ് 20 ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചപ്പോൾ ആകെ 14 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്. സി ബി ഐ അന്വേഷണം ഏറ്റെടുത്ത ശേഷമാണ് മുന്‍ എം എല്‍ എ അടക്കം പ്രതിപ്പട്ടികയിലേക്ക് വരുന്നത്. രണ്ടാം പ്രതിയെ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടുപോയി എന്നതാണ് കെവി കുഞ്ഞിരാമനെതിരായ കുറ്റം.












Click it and Unblock the Notifications