പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് സി.കെ.ശ്രീധരന്‍
കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.പി.എം. നേതാക്കൾ ഉൾപ്പെടെയുള്ള പ്രതികൾക്കുവേണ്ടി വാദിക്കുന്നത് അഡ്വ. സി.കെ. ശ്രീധരൻ. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ എറണാകുളം സി.ബി.ഐ (രണ്ട്) കോടതിയിൽ ശ്രീധരൻ ഹാജരായി.
മുൻ കെ.പി.സി.സി. വൈസ് പ്രസിഡന്റായ സി.കെ. ശ്രീധരൻ ആഴ്ചകൾക്ക് മുൻപാണ് സിപിഎമ്മിൽ ചേർന്നത്. ഇതിനു ശേഷം ഇദ്ദേഹം ഏറ്റെടുക്കുന്ന ആദ്യ രാഷ്ട്രീയ കൊലപാതക കേസ് കൂടിയാണിത്.

മുൻ എംഎൽഎയും സിപിഎം. ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി. കുഞ്ഞിരാമൻ, സി.പി.എം. മുൻ ഉദുമ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠൻ, പാർട്ടി പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, പാക്കം ലോക്കൽ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറിയുമായ രാഘവൻ വെളുത്തോളി, കേസിലെ ഒന്നാം പ്രതി മുൻ പെരിയ ലോക്കൽ കമ്മിറ്റിയംഗം എ. പീതംബരൻ എന്നിവരുൾപ്പെടെ ഒൻപത് പ്രതികൾക്കു വേണ്ടിയാണ് സി.കെ. ശ്രീധരൻ വിചാരണക്കോടതിയിൽ ഹാജരാകുക. 24 പ്രതികളാണുള്ളത്. മറ്റ് പ്രതികൾക്കായി മൂന്ന് അഭിഭാഷകർ വാദിക്കും. ഫെബ്രുവരി രണ്ടുമുതൽ മാർച്ച് എട്ടുവരെയാണ് വിചാരണ.
2019 ഫെബ്രുവരി 17-നാണ് ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കൽ പോലീസും പിന്നീട് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചുമാണ് 14 പ്രതികളെ അറസ്റ്റുചെയ്തത്. കെ.വി. കുഞ്ഞിരാമനുൾപ്പെടെ പത്തുപേരെ അറസ്റ്റുചെയ്തത് സി.ബി.ഐയാണ്. 24 പേരിൽ കെ.വി. കുഞ്ഞിരാമനും മണികണ്ഠനും ബാലകൃഷ്ണനും രാഘവൻ വെളുത്തോളിയുമുൾപ്പെടെ എട്ടുപേർക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 16 പേർ ജയിലിലാണ്. സി.ബി.ഐ. അന്വേഷണത്തെ എതിർക്കാൻ സുപ്രീംകോടതി അഭിഭാഷകരെ നിയോഗിച്ച് ഒരു കോടി രൂപയോളമാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചിരുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനാണ് കേസിൽ കെ വി കുഞ്ഞിരാമൻ, പനയാൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.വി.ഭാസ്‌ക്കരൻ, ഗോപൻ വെളുത്തോളി രാഘവൻ വെളുത്തോളി, സന്ദീപ് എന്നിവരെ പ്രതിചേർത്ത് സി ബി ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.












Click it and Unblock the Notifications