പെരിയ കേസ്; കെ.വി കുഞ്ഞിരാമൻ ഉൾപ്പടെയുള്ളവർക്ക് കോടതി നോട്ടീസയച്ചു
കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ പ്രതി ചേർത്ത മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ ഉൾപ്പടെയുള്ളവരോട് സിബിഐ കോടതിയിൽ ഹാജരാകാൻ നിർദേശം. ഡിസംബർ 15ന് കൊച്ചി സിബിഐ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നോട്ടീസ് നൽകിയിരിക്കുന്നത്. 24 പ്രതികളുള്ള കേസിൽ 19 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
പെരിയ കേസിൽ സിബിഐ പ്രതി ചേർത്ത മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, കെ.വി ഭാസ്കരൻ, ഗോപൻ വെളുത്തോളി, സന്ദീപ്, കെ മണികണ്ഠൻ, ബാലകൃഷ്ണൻ, മണി എന്നിവർക്കാണ് കൊച്ചി എസിജെഎം കോടതി നോട്ടീസ് നൽകിയത്. ഇതിൽ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റാണ് കെ മണികണ്ഠൻ.ബാലകൃഷ്ണനും മണിയും കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗവുമാണ്. ഇവർ നിലവിൽ ജാമ്യത്തിലാണ്.

സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സിപിഎം എച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറി രാജു, എച്ചിലടുക്കം സ്വദേശികളായ വിഷ്ണുസുര, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് സിബിഐ കോടതിയില്‍ വാദിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.
അതേസമയം, പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കെ.വി കുഞ്ഞിരാമൻ കേസിലെ ഇരുപതാം പ്രതിയാണ്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പ്രതിയായ സന്ദീപ് ഇപ്പോൾ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സിബിഐ അന്വേഷണ സംഘം.
ഇതു കൂടാതെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉൾപ്പെടെയുള്ളവരെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തത്. 2019 ഫെബ്രുവരി 17 നാണ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ടി പി അനന്തകൃഷ്ണനാണ് കൊച്ചി സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുക്കുന്നത്. വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പരസ്പരമുള്ള ഏറ്റുമുട്ടലിനും കേസ് വഴിവച്ചിരുന്നു.












Click it and Unblock the Notifications