പെരിയയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ ദുരൂഹത! രണ്ട് വിരലടയാളം തേടി പോലീസ്..
Recommended Video

പെരിയ: കാസര്‍കോട് പെരിയയിലെ വീട്ടമ്മയുടെ അതിദാരുണമായ കൊലപാതകത്തില്‍ ദുരൂഹതയേറുന്നു. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സുബൈദയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. തൊട്ടടുത്ത് വീടുകളുണ്ടായിട്ട് പോലും സുബൈദയുടെ നിലവിളി ശബ്ദമോ മറ്റെന്തെങ്കിലും അസാധാരണമായോ അയൽക്കാർ ആരും കേൾക്കുകയോ കാണുകയോ ഉണ്ടായിട്ടില്ല.
മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്നാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. സുബൈദയ്ക്ക് പരിചയമുള്ള ആളുകള്‍ തന്നെയാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസിന്റെ നിഗമനം. സുബൈദയെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആളുകൾ. അതുകൊണ്ട് തന്നെ സുബൈദയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

ക്രൂരമായ കൊലപാതകം
ചെക്കിപ്പള്ളത് താമസിക്കുന്ന പള്ളിക്കര പാക്കം സ്വദേശിനി സുബൈദയുടെ കൊലപാതകം നാടിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സുബൈദ വീട്ടില്‍ മരിച്ച് കിടക്കുന്നതായി അയല്‍ക്കാര്‍ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. വീടിന്റെ മുന്‍വശത്തുള്ള വാതിലിന് സമീപത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്.

മരണമറിഞ്ഞത് അന്വേഷിച്ച് ചെന്നപ്പോൾ
രക്തം കട്ടപിടിച്ച നിലയിലായിരുന്നു ഇവിടം. സുബൈദയെക്കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് ബന്ധുവായ ഹാരിസ് വെള്ളിയാഴ്ച അന്വേഷിച്ച് എത്തിയിരുന്നു. എന്നാല്‍ വീട് പൂട്ടിയ നിലയില്‍ ആയിരുന്നതിനാല്‍ ഫോണില്‍ വിളിച്ചു. ഫോണ്‍ അകത്ത് നിന്ന് റിംഗ് ചെയ്തുവെങ്കിലും ആരും എടുക്കാത്തതെ വന്നതോടെ ഹാരിസിന് സംശയമായി.

വാതിൽ തകർത്ത് അകത്തേക്ക്
ഹാരിസ് അയല്‍ക്കാരെ വിളിച്ച് വിവരം പറയുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. വീടിന് പിറകിലെ വാതില്‍ തകര്‍ത്താണ് പോലീസ് അകത്ത് കടന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുന്‍വാതിലിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. പോലീസ് നായ വീടിന് ചുറ്റും ഓടി നടക്കുക മാത്രമാണ് ചെയ്തത്.

കാരണമറിയാതെ പോലീസ്
മോഷണശ്രമത്തിനിടെയാവാം കൊലപാതകം നടന്നത് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ യഥാര്‍ത്ഥ കാരണം എന്തെന്ന് സംബന്ധിച്ച് പോലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. വീട്ടില്‍ നിന്നും പണമോ സ്വര്‍ണാഭരണങ്ങളോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല. സുബൈദക്ക് സ്വന്തമായി സ്വര്‍ണവും സമ്പാദ്യവും ഉണ്ടെന്നാണ് അറിയുന്നത്.

കൊല നടത്തിയത് പരിചയക്കാർ
പള്ളിക്കരയിലെ മുസ്ലീം കുടുംബങ്ങളില്‍ ജോലി ചെയ്തായിരുന്നു സുബൈദ ജീവിച്ചിരുന്നത്. ഇവര്‍ 25 വര്‍ഷം മുന്‍പാണ് ഇസ്സാം മതം സ്വീകരിച്ചത്. സുബൈദയുമായി അടുത്ത പരിചയം ഉള്ളവരാണ് കൊല നടത്തിയത് എന്ന് പോലീസ് കരുതുന്നു. മാത്രമല്ല കുറ്റവാളികള്‍ സുബൈദയുടെ അറിവോടെയാണ് വീടിനകത്ത് കയറിയത് എന്നും പോലീസ് വിശ്വസിക്കുന്നു.

പിന്നിൽ രണ്ട് പേരെന്ന്
രണ്ട് പേരാണ് സുബൈദയുടെ കൊലപാതകത്തിന് പിന്നിലുള്ളത് എന്നാണ് പോലീസിന്റെ നിഗമനം. വീടിന്റെ വാതിലില്‍ നിന്ന് രണ്ട് വിരലടയാളങ്ങള്‍ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കൊല നടത്തിയ ശേഷം വാതില്‍ പുറത്ത് നിന്ന് പൂട്ടി. ഇവര്‍ സുബൈദയുടെ വീടും പരിസരവും നാളുകളോളം നിരീക്ഷിച്ച ശേഷമാണ് കൃത്യം നടപ്പാക്കിയതെന്ന് പോലീസ് കരുതുന്നു.

മുൻവശത്തെ വാതിൽ പൂട്ടി കടന്ന് കളഞ്ഞു
കൊല നടത്തിയ ശേഷം സംഘം വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ടിയാണ് കടന്ന് കളഞ്ഞത്. അടുക്കള വാതില്‍ അകത്ത് നിന്നുമാണ് പൂട്ടിയത്. സുബൈദ സ്ഥലത്തില്ല എന്ന് അയല്‍ക്കാര്‍ക്കടക്കം തോന്നുന്നതിന് വേണ്ടിയാവാം ഇങ്ങനെ ചെയ്തത് എന്നാണ് പോലീസ് കരുതുന്നത്. വീട് പൂട്ടിയത് കൊണ്ട് തന്നെ സുബൈദ സ്ഥലത്തില്ലെന്ന് കരുതി അയല്‍ക്കാര്‍ അങ്ങോട്ടേക്ക് ശ്രദ്ധിക്കുകയുമുണ്ടായില്ല.

മോഷണമാണെന്ന് ഉറപ്പില്ല
സുബൈദ സാധാരണയായി ആഭരണങ്ങള്‍ ധരിക്കാറുള്ളതാണ്. എന്നാല്‍ മൃതദേഹത്തില്‍ ആഭരണങ്ങളില്ലായിരുന്നു. ആഭരണങ്ങള്‍ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയാണോ എന്നുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. അലമാര തുറന്ന് പരിശോധിച്ചാല്‍ മാത്രമേ ആഭരണങ്ങളും പണവും അടക്കം വിലപിടിപ്പുള്ളത് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പോലീസിന് സ്ഥിരീകരിക്കാന്‍ സാധിക്കൂ.

ഫോൺ കോളുകൾ പരിശോധിക്കുന്നു
സുബൈദയുടെ ഫോണിലെ ചില നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സുബൈദയുടെ ഫോണിലേക്ക് വന്ന കോളുകളാണ് പോലീസ് പരിശോധിക്കുന്നത്. സുബൈദ വിളിച്ച നമ്പറുകളും ഫോണില്‍ സേവ് ചെയ്തിരിക്കുന്ന ചില നമ്പറുകളുമാണ് പോലീസ് നിരീക്ഷിക്കുന്നത്.

കൊലപാതകം തുടർക്കഥ
മോഷണം അല്ലെങ്കില്‍ മറ്റെന്താവാം കൊലപാതകത്തിനുള്ള കാരണം എന്നത് സംബന്ധിച്ച് പോലീസിന് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. സുബൈദയുടെ വീടിന് സമീപത്ത് മൂന്ന് വീടുകളോളം ഉണ്ട്. അയല്‍ക്കാരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നേരത്തെ ചീമേനിയില്‍ ജാനകി, ഉദുമയില്‍ ദേവകി എന്നീ വീട്ടമ്മമാരും ഇത്തരത്തില്‍ ജില്ലയില്‍ കൊല ചെയ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications