പെരിയ വിധി: സിപിഎമ്മിന്റെ മസ്തിഷ്കത്തിനേറ്റ അടി; സർക്കാർ രാജിവെച്ച് ജനവിധി തേടണം: കെകെ രമ
കോഴിക്കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സി പി എമ്മിന്റെ മസ്തിഷ്കത്തിന് കിട്ടിയ അടിയാണെന്ന് കെ കെ രമ എം എല്‍ എ. വിധിയുടെ പശ്ചാത്തലത്തില്‍ സർക്കാർ രാജിവെച്ച് ജനവിധി തേടണമെന്നും ആർ എം പി നേതാവ് ആവശ്യപ്പെട്ടു. 'പെരിയ ഇരട്ടക്കൊലക്കേസിലെ കോടതി വിധിയിലൂടെ സി പി എമ്മിന്റെ മസ്‌തിഷ്കത്തിനു വീണ്ടും കനത്ത പ്രഹരമേറ്റു. ഭരണകൂട ഭീകരതയ്ക്കെതിരായ ജനാധിപത്യത്തിന്റെ വിജയം. സർക്കാർ രാജിവെച്ച് ജനവിധി തേടണം.' കെ കെ രമ ഫേസ്ബുക്കില്‍ കുറിച്ചു.
കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ ഉദുമ മുൻ എം എൽ എ, കെ വി കുഞ്ഞിരാമനും മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയുമടക്കമുള്ളവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. സിപിഎമ്മിന്റെ എല്ലാ വാദങ്ങളും കള്ളമെന്ന് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുന്നു.

ഇതൊരു സാധാരണ കേസ് ആയിരുന്നില്ല. ഭരണം ഉണ്ടെന്ന ഹുങ്കുകൊണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമാണ്. എല്ലാ കൊലക്കേസുകളിലും സർക്കാരാണ് വാദി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സമാശ്വാസവും കരുത്തും പകരേണ്ടതും അവർക്കുവേണ്ടി നിയമ യുദ്ധം നടത്താനുമുള്ള ബാധ്യത സർക്കാരിലുണ്ട്. എന്നാൽ എൽ ഡി എഫ് സർക്കാർ അത് നിർവഹിച്ചില്ല എന്ന് മാത്രമല്ല, സി ബി ഐ അന്വേഷണം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി വരെ ചോദ്യം ചെയ്തതും അതിനുവേണ്ടി പൊതു ഖജനാവിൽ നിന്ന് കോടികൾ മുടക്കിയ നിയമ യുദ്ധത്തിലേക്ക് കുടുംബത്തെ തള്ളി വിട്ടതും സർക്കാരാണെന്നും കെകെ രമ അഭിപ്രായപ്പെടുന്നു.
അങ്ങനെ സർക്കാരിന് കൂടി പരോക്ഷ പങ്കാളിത്തമുള്ള കുറ്റകൃത്യമായി മാറി ഈ ദാരുണസംഭവം. അതുകൊണ്ടുതന്നെ ഈ കോടതി വിധി വാസ്തവത്തിൽ സർക്കാരിനെതിരായ കോടതി വിധി കൂടിയാണ്. സംരക്ഷണം നൽകേണ്ട പൗരന്മാരെ തന്നെ ഇല്ലായ്മ ചെയ്യുന്ന ഭരണകൂട ഭീകരതക്കെതിരായ ജനാധിപത്യത്തിന്റെ വിജയമാണ് ഈ കോടതിവിധി. ഭരണഘടന മൂല്യങ്ങളോട് എന്തെങ്കിലും ധാർമിക ബാധ്യതയുണ്ടെങ്കിൽ സർക്കാർ രാജിവച്ചൊഴിഞ്ഞു ജനവിധി തേടണം.
രാഷ്ട്രീയ വിയോജിപ്പുകളെ വെട്ടിയരിഞ്ഞും കൊലപ്പെടുത്തിയും ഇല്ലാതാക്കാമെന്ന വ്യാമോഹങ്ങൾക്കെതിരായ ജനാധിപത്യബോധത്തിലേക്ക് സംഘടിത പ്രസ്ഥാനങ്ങളെ നയിക്കാൻ ഈ കോടതി വിധി ഒരു പ്രേരണശക്തിയാവട്ടെ. അകാലത്തിൽ പൊലിഞ്ഞ, ഇനിയുമേറെക്കാലം നാടിന് നന്മകൾ പകർന്നു ജീവിക്കേണ്ടിയിരുന്ന ശരത്ത് ലാലിനും കൃപേഷിനും ഒരിക്കൽക്കൂടി ഹൃദയാഞ്ജലികൾ - എന്നും കെകെ രമ കുറിച്ചു.
അതേസമയം, ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എം എല്‍ എ കെവി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ശിക്ഷപ്പെട്ട 14 പേരില്‍ ആറ് പേരും സി പി എമ്മിന്റെ പ്രധാന നേതാക്കളാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്കുള്ള ശിക്ഷ ജനുവരി ഒന്നിന് പ്രസ്താവിക്കും.
സി പി എം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍, സജിയെന്ന സജി സി ജോര്‍ജ് , കെ.എം. സുരേഷ്, അബു എന്ന കെ അനില്‍ കുമാര്‍, ജിജിന്‍, കുട്ടു എന്ന ആര്‍ ശ്രീരാഗ്, അപ്പു എന്ന എ അശ്വിന്‍, മണിയെന്ന സുബീഷ് എന്നിവരാണ് ഒന്ന് മുതല്‍ എട്ട് വരേയുള്ള പ്രതികള്‍.
ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ. സുരേന്ദ്രന്‍, കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എം എല്‍ എ, സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ വി ഭാസ്കരൻ എന്നിവരാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മറ്റ് പ്രതികള്‍.












Click it and Unblock the Notifications