പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട പട്ടികയിൽ എം.പിമാരില്ല. സിറ്റിങ് എം.എൽ.എമാരിൽ മൂന്നുപേർ ഒഴികെ എല്ലാവരും അതത് മണ്ഡലങ്ങളിൽ തന്നെ മത്സരിക്കും. 31 സ്ഥാനാർഥികളുടെ പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗം അംഗീകാരം നൽകിയെന്ന് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയാണ് അറിയിച്ചത്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും തൃപ്പൂണിത്തുറയിൽ മത്സരിക്കാനില്ലെന്ന് അറിയിച്ച കെ. ബാബുവിനെയും ഒഴിവാക്കി. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല. എൽദോസിനെതിരായ കേസിന്റെ വിശദാംശങ്ങൾ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷം അടുത്ത യോഗത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക.
തൃപ്പൂണിത്തുറ സിറ്റിങ് എം.എൽ.എ കെ.ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ച് സ്വയം മാറിനിൽക്കുകയായിരുന്നു. അമ്പലപ്പുഴയിൽ ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുകയും പിന്തുണക്കേണ്ട സാഹചര്യവുമുണ്ടായാൽ എം. ലിജുവിനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാനാണ് ആലോചന. അതേസമയം, തൃപ്പൂണിത്തുറയിൽ കെ. ബാബു ദീപക് ജോയിയെ നിർദേശിച്ചതായും സൂചനയുണ്ട്. ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയ സാഹചര്യത്തിലാണ് പാലക്കാട് പുതിയ സ്ഥാനാർഥിയെ പരിഗണിക്കുന്നത്. രണ്ട് വർഷം മുമ്പ് എൽദോസ് കുന്നപ്പള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതി പാർട്ടിയിലെ ഒരു വിഭാഗം പരാതിയായി അവതരിപ്പിച്ചതാണ് പെരുമ്പാവൂരിലെ സ്ഥാനാർഥി നിർണയത്തിൽ അനിശ്ചിതാവസ്ഥയുണ്ടാക്കിയത്.
വയനാട് ഡി.സി.സി ട്രഷറർ ആയിരുന്ന എൻ.എം. വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ ഒന്നാം പ്രതിയായ സാഹചര്യത്തിൽ ഐ.സി. ബാലകൃഷ്ണന് പകരം സുൽത്താൻ ബത്തേരിയിൽ മറ്റാരെയെങ്കിലും മത്സരിപ്പിക്കണമെന്ന നിർദേശം ഉയർന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചാലുടൻ അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം നോക്കി ആദ്യ പട്ടിക പുറത്തിറക്കാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. മത്സരിക്കാൻ കെ.സുധാകരനും അടൂർ പ്രകാശും അടക്കമുള്ള ചില എം.പിമാർ താത്പര്യം അറിയിച്ചിരുന്നെങ്കിലും ശക്തമായ എതിർപ്പിനെ തുടർന്ന് ആരേയും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനമാണ് തൽക്കാലം ദേശീയ നേതൃത്വം എടുത്തിരിക്കുന്നത്.
സീറ്റ് ഉറപ്പിച്ച സിറ്റിങ് എം.എൽ.എമാർ ഇവരാണ്: പേരാവൂർ- സണ്ണി ജോസഫ്, ഇരിക്കൂർ-സജീവ് ജോസഫ്, സുൽത്താൻ ബത്തേരി-ഐ.സി. ബാലകൃഷ്ണൻ, കൽപറ്റ-ടി. സിദ്ദിഖ്, വണ്ടൂർ-എ.പി. അനിൽകുമാർ, നിലമ്പൂർ-ആര്യാടൻ ഷൗക്കത്ത്, ചാലക്കുടി-സനീഷ് കുമാർ ജോസഫ്, അങ്കമാലി-റോജി എം. ജോൺ, ആലുവ-അൻവർ സാദത്ത്, പറവൂർ-വി.ഡി. സതീശൻ, എറണാകുളം-ടി.ജെ. വിനോദ്, തൃക്കാക്കര-ഉമ തോമസ്, മൂവാറ്റുപുഴ-മാത്യു കുഴൽനാടൻ, കോട്ടയം-തിരുവഞ്ചൂർ രാധാകൃഷ്ണൻ, പുതുപ്പള്ളി-ചാണ്ടി ഉമ്മൻ, ഹരിപ്പാട്-രമേശ് ചെന്നിത്തല, കരുനാഗപ്പള്ളി-സി.ആർ. മഹേഷ്, കുണ്ടറ-പി.സി. വിഷ്ണുനാഥ്, കോവളം-എം. വിൻസെന്റ്.
മറ്റു 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിലും ധാരണയായിട്ടുണ്ട്. വട്ടിയൂർക്കാവ്-കെ. മുരളീധരൻ, കുന്നത്തുനാട്-വി.പി. സജീന്ദ്രൻ, മണലൂർ-ടി.എൻ. പ്രതാപൻ, കൊടുങ്ങല്ലൂർ-ഒ.ജെ.ജനീഷ്, കൊട്ടാരക്കര-ഐഷ പോറ്റി, പത്തനാപുരം-ജ്യോതികുമാർ ചാമക്കാല, തൃത്താല-വി.ടി. ബൽറാം, കൊയിലാണ്ടി-കെ. പ്രവീൺകുമാർ, നാദാപുരം-കെ.എം. അഭിജിത്ത്, കോഴിക്കോട് നോർത്ത്-കെ. ജയന്ത്, എലത്തൂർ-വിദ്യ ബാലകൃഷ്ണൻ, പൊന്നാനി-കെ.നൗഷാദലി എന്നിവിടങ്ങളിലാണ് തീരുമാനമായതെന്നാണ് സൂചന. നേമത്ത് വൈഷ്ണ സുരേഷിനെ പരിഗണിക്കുന്നെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും തീരുമാനമായിട്ടില്ല.












Click it and Unblock the Notifications