ഫോണുകൾ സ്വച്ച് ഓഫ്, പെരുമ്പാവൂരിലും കാണാനില്ല, എൽദോസ് കുന്നപ്പിള്ളി ഒളിവിൽ?
എറണാകുളം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഒളിവിലെന്ന് സൂചന. എംഎൽഎയുടെ രണ്ട് ഫോണുകളും നിലവിൽ സ്വിച്ച് ഓഫാണ്. പൊതുപരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. പരാതി ഉയർന്നതോടെയാണ് രണ്ട് ദിവസം മുമ്പ് വരെ പെരുമ്പാവൂരിൽ സജീവമായിരുന്ന എൽദോസ് കുന്നപ്പിള്ളി അപ്രത്യക്ഷനായത് എന്നാണ് റിപ്പോർട്ടുകൾ .
ഫോണുകൾ രണ്ടും ഓഫായതോടെ നിലവിൽ എംഎൽഎയെ ബന്ധപ്പെടാൻ മാർഗങ്ങൾ ഇല്ല. സജീവമായിരുന്ന എംഎൽഎയെ പൊതുപാരിപാടികളിൽ ഉൾപ്പടെ രണ്ട് ദിവസമായി കണ്ടിട്ടില്ലന്നാണ് വിവരം. പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ എംഎൽഎ എൽദോസ് കുന്നപ്പിള്ളി എവിടെയെന്ന് അറിയില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ പരിഗണിക്കുന്നത് വരെ മാറി നിൽക്കാനാണ് എംഎൽഎയുടെ തീരുമാനമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

അതേസമയം പരാതിക്കാരിയായ അധ്യാപിക ആരോപിക്കുന്ന പെരുമ്പാവൂരിലെ വനിത കോൺഗ്രസ് നേതാവും നിലവിൽ വീട്ടിൽ ഇല്ല. എൽദോസിന്‍റെ നിർദ്ദേശപ്രകാരം ഫോണിൽ വിളിച്ച് ഇവർ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ബ്ലോക്ക് പഞ്ചായത്തിലെ മുൻ മെമ്പറാണ് വനിത നേതാവ്. ഇവരുടെ ഭർത്താവിന്റെ ഫോണുകളും ഓഫ് ആണ്. എൽദോസ് കുന്നപ്പിള്ളിലിന്റെ പെരുമ്പാവൂർ ഇരിങ്ങോളിലെ ഓഫീസിലേക്ക് കഴിഞ്ഞ രണ്ട് ദിവസമായി പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. സ്ഥലത്തെ കോൺഗ്രസ് പ്രവർത്തകരും ഈ ഓഫിസിലേക്ക് നിലവിൽ വരുന്നില്ല.
ഇതിനിടെ എം എൽ എയുടെ ഭാര്യ പരാതിക്കാരിയായ യുവതിക്കെതിരെ പരാതി നൽകി. എൽദോസിന്‍റെ ഫോൺ ഇവർ മോഷ്ടിച്ചെന്നാണ് പരാതി. ഈ ഫോൺ ഉപയോഗിച്ച് സമൂഹ മാധ്യങ്ങളിൽ ഇവർ എംഎൽഎയ്ക്ക് എതിരെ അപകീർത്തികരമായ വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നുവെന്നും പരാതിയിലുണ്ട്. അതേസമയം കേസിൽ മൊഴി നൽകാൻ എം എൽ എയുടെ ഭാര്യ വിസമ്മതിച്ചു.












Click it and Unblock the Notifications