പെരുമ്പാവൂര്‍ സ്‌പെഷ്യല്‍ പോലീസ്; പ്ലാറ്റൂണ്‍ സേന അനുവദിച്ചു, ഓപറേഷന്‍ തൂഫാന്റെ ഭാഗം
കൊച്ചി: ലഹരിക്കെതിരായ സംസ്ഥാനത്തിന്റെ പോരാട്ടം പുതിയ ദിശയിലേക്ക്. ഓപറേഷന്‍ തൂഫാന്‍ ജാഗരണ പരിപാടിയില്‍ ഉന്നയിക്കപ്പെട്ട ആവശ്യത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പച്ചക്കൊടി. പെരുമ്പാവൂരിനെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പ്ലാറ്റൂണ്‍ പോലീസിനെ അനുവദിച്ചു. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യം പരിഗണിച്ചാണിത് എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പെരുമ്പാവൂരിലെ ജനസംഖ്യ വളരെ വലുതാണ്. ഒരു പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റുന്നതിലും അധികമാണിത്. ദൈനദിന കാര്യങ്ങള്‍ക്ക് പുറമെയാണ് പെരുമ്പാവൂര്‍ പോലീസ് ഓപറേഷന്‍ തൂഫാന്റെ ഭാഗമായി മികച്ച സേവനം നടത്തുന്നത് എന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. മേഖലയിലെ പോലീസ് സേവനം കൂടുതല്‍ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സേനയെ അനുവദിച്ചിരിക്കുന്നത്.

ഓപറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ലഹരി പിടികൂടുന്നുണ്ട്. സാംസ്‌കാരിക നായകരെയും സെലിബ്രിറ്റികളെയുമെല്ലാം ലഹരി വിമുക്ത പോരാട്ടത്തിന്റെ ഭാഗമാക്കിയാണ് ആഭ്യന്തര വകുപ്പ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ പദ്ധതി വന്‍ വിജയമാണ് എന്നാണ് വിലയിരുത്തല്‍. ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
രമേശ് ചെന്നിത്തലയുടെ വാക്കുകള്‍: ''പെരുമ്പാവൂരില്‍ തൂഫാന്‍ ജാഗരണ്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ജനപ്രതിനിധികളും നാട്ടുകാരും പോലീസ് സേനാംഗങ്ങളും ഒരേ വിഷയം ചൂണ്ടിക്കാട്ടി. പെരുമ്പാവൂരിനെ നാര്‍ക്കോ ഹണ്ട് ഫലപ്രദമാകാന്‍ നിശ്ചയമായും ചെയ്യേണ്ട കാര്യം എന്ന നിലയിലാണ് എനിക്കത് ബോധ്യപ്പെട്ടത്.
അതിഥി തൊഴിലാളികളും തദ്ദേശവാസികളും ചേര്‍ന്ന പെരുമ്പാവൂരിലെ ജനസംഖ്യയുടെ വലിപ്പം ഒരു പോലീസ് സ്റ്റേഷനിലെ നിശ്ചിത സേനയ്ക്ക് കൈകാര്യം ചെയ്യു നാവു ന്നതിലും വലുതാണ്. ദൈനംദിന സേവനങ്ങള്‍ക്കു പുറമെയാണ് പെരുമ്പാവൂരിലെ പോലീസ് സേന നമ്മുടെയെല്ലാം അഭിനന്ദനം ഏറ്റുവാങ്ങുന്ന തൂഫാന്‍ നാര്‍ക്കോ ഹണ്ടുകള്‍ നടത്തുന്നത്.
പെരുമ്പാവൂരിലെ ലഹരി മാഫിയയുടെ വേരറുക്കാന്‍ പോലീസ് സേനയുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം ആഭ്യന്തരവകുപ്പ് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുകയാണ്. പെരുമ്പാവൂരിലെ തൂഫാന്‍ ജാഗരണില്‍ വെച്ച് ഈ നാടിന് നല്‍കിയ ഉറപ്പ് പാലിക്കുന്നു. പെരുമ്പാവൂരിന് ഒരു പ്ലാറ്റുണ്‍ പോലീസിനെ പ്രത്യേകമായി നല്‍കുകയാണ്. നാര്‍ക്കോ ഹണ്ടിന്റെ പുതിയ അധ്യായമാകും ഇനി പെരുമ്പാവൂരില്‍ കാണാന്‍ പോകുന്നത്.
നാര്‍ക്കോ മാഫിയയുടെ വേരറുക്കാനും മരണ വ്യാപാരത്തിന്റെ അന്ത്യം കുറിക്കാനും കൂടുതല്‍ കരുത്ത് പെരുമ്പാവൂരിന് നല്‍കുകയാണ്. ലഹരി മുക്ത പെരുമ്പാവൂര്‍... ലഹരി മുക്ത കേരളം സാധ്യമാക്കിയിരിക്കും. ഇത് എന്റെ ഉറപ്പ്, കേരള സര്‍ക്കാരിന്റെയും.''


Click it and Unblock the Notifications