അതിവേഗം കുതിച്ച് ഇന്ധനവില; പെട്രോളിനും ഡീസലിനും ഇന്നും വിലകൂടി
പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയും ഇന്ന് കൂടി
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വർധനവ് തുടരുന്നു. മെയ് നാലിന് ശേഷം എട്ടാം തവണയാണ് പെട്രോളിനും ഡീസലിനും വില വർധിക്കുന്നത്. പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയും ഇന്ന് കൂടി. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 94.32 രൂപയായി ഉയർന്നു. ഡീസലിന് 89.18 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 92.52 രൂപയും ഡീസലിന് 87.52 രൂപയുമാണ് വില.

കേരളമുൾപ്പടെ അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ തുടർച്ചയായ ദിവസങ്ങളിൽ എണ്ണ കമ്പനികൾ ഇന്ധനവില വർധിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിച്ച മേയ് രണ്ടിന് ശേഷം ഇത് എട്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. തിരഞ്ഞെടുപ്പുകൾക്ക് മുൻപ് ഇന്ധനവില സർവ്വകാല റെക്കോർഡിലേക്കും എത്തിയിരുന്നു.
ഒരു വർഷത്തിനിടെ ലിറ്ററിന് 20 രൂപയിലധികമാണ് പെട്രോളിനും ഡീസലിനും വർധിച്ചത്. അതേസമയം അടിസ്ഥാന വിലയിലുണ്ടായത് നാല് രൂപയുടെ മാത്രം വർധനവാണെന്നതാണ് മറ്റൊരു വാസ്തവം. 2020 മെയ് 1ന് ഡൽഹിയിലെ പമ്പുകളിൽ പെട്രോളിന് 69.59 രൂപയായിരുന്നു വില. ഡിസൽ ലിറ്ററിന് 62.29 രൂപയും ജനങ്ങളിൽ നിന്ന് ഈടക്കിയിരുന്നു. ഈ സമയം യഥാക്രമം 27.95 രൂപയും 24.85 രൂപയുമാണ് പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വില. 2021 മെയ് 1ലേക്ക് എത്തുമ്പോൾ പെട്രോൾ ലിറ്ററിന് അടിസ്ഥാന വില 3.53 രൂപ വർധിച്ച് 31.48 രൂപയാകുകയും ഡീസൽ 4.17 രൂപ വർധിച്ച് 29 രൂപയാകുകയും ചെയ്തു. അതേസമയം റീട്ടെയിൽ വിലയിലുണ്ടായത് 20 രൂപയിലധികം വർധനവാണ്.
രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്. അമേരിക്കയിൽ എണ്ണ ആവശ്യകത വർധിച്ചതും രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതും കാരണം ക്രൂഡ് ഓയിൽ വില വീണ്ടും വർധിക്കുമെന്നാണ് അധികൃതർ പറയുന്നത്. എല്ലാ ദിവസവും രാവിലെ ആറു മണിക്കാണ് പുതുക്കിയ വില നിലവിൽ വരുന്നത്.
സ്റ്റൈലിഷായി നടി പ്രിയ ആനന്ദ്, ചിത്രങ്ങൾ












Click it and Unblock the Notifications