ഇന്ന് പെട്രോള്‍ പമ്പ് സമരം; സംസ്ഥാനത്തെ പമ്പുകള്‍ അടച്ചിടും... ആറ് താലൂക്കില്‍ സമരമില്ല
കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും ഇന്ന് അടച്ചിടും. പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരിലാണ് സമരം. തര്‍ക്കം പരിഹരിച്ചെങ്കിലും സമരം തുടരാന്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെയാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുക.
അതേസമയം ഇന്നത്തെ സമരത്തില്‍ നിന്നും ആറ് താലൂക്കുകളെ ഒഴിവാക്കിയിട്ടുണ്ട്. റാന്നി, കോന്നി, കോഴഞ്ചേരി, അടൂര്‍, ചെങ്ങന്നൂര്‍, എരുമേലി, താലൂക്കുകളെ ആണ് ഒഴിവാക്കിയത്. സമരത്തില്‍ നിന്നും പത്തനംതിട്ട ജില്ലയെ ഒഴിവാക്കണം എന്ന് സി പി എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആവശ്യപ്പെട്ടിരുന്നു. സമരം ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് സി പി എം ചൂണ്ടിക്കാട്ടിയിരുന്നു.

ഇത് പ്രകാരമാണ് ആറ് താലൂക്കുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയത്. പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ച് ദിവസങ്ങളായി തര്‍ക്കമുണ്ട്. ചായ പൈസ എന്ന് വിളിക്കുന്ന തുകയുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. പെട്രോള്‍ പമ്പില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ചായ പൈസ എന്ന പേരില്‍ 300 രൂപ ഡീലര്‍മാര്‍ നല്‍കാറുണ്ട്. ഈ തുക വര്‍ധിപ്പിക്കണം എന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
എന്നാല്‍ ഈ ആവശ്യം ഡീലര്‍മാര്‍ നിഷേധിച്ചിരുന്നു. ഇതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഇതിനിടെ എലത്തൂര്‍ എച്ച് പി സി എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് പെട്രോള്‍ പമ്പ് അടച്ചിട്ടുള്ള സമരത്തിന് ആഹ്വാനം ചെയ്തത്.
ചൊവ്വാഴ്ച ഇരുമ്പനം എച്ച് പി സി എല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പമ്പുകള്‍ ശനിയാഴ്ച വൈകീട്ട് നാലുമുതല്‍ ആറുവരെ രണ്ട് മണിക്കൂര്‍ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. അതേസമയം തര്‍ക്കം ഞായറാഴ്ച കോഴിക്കോട് കളക്ടറുടെ ഇടപെടലില്‍ പരിഹരിച്ചിരുന്നു. കളക്ടറുടെ നിര്‍ദ്ദേശം പരിഗണിച്ച് തല്‍സ്ഥിതി തുടരാനാണ് തീരുമാനമായിരിക്കുന്നത്. ഓരോ പമ്പ് ഉടമയും ഇഷ്ടമുള്ള പാരിതോഷികം ടാങ്കര്‍ ലോറി ജീവനക്കാര്‍ക്ക് നല്‍കും എന്നാണ് ഡീലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications