പേട്ട തട്ടിക്കൊണ്ടുപോകല്‍; പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്, ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ
തിരുവനന്തപുരം: പേട്ടയില്‍ നാടോടി കുടുംബത്തിലെ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി ഹസന്‍കുട്ടിയെന്ന കബീര്‍ സ്ഥിരം കുറ്റവാളിയാണ് എന്ന് പൊലീസ്. നൂറിലേറെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചും കൃത്യമായ തെളിവുകള്‍ കണ്ടെത്തിയുമാണ് ഹസന്‍കുട്ടിയെ പിടികൂടിയത് എന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷന്‍ സി എച്ച് നാഗരാജു പറഞ്ഞു.
പോക്സോ അടക്കം നിരവധി കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ട്. എട്ടോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്നും കമ്മീഷണര്‍ പറഞ്ഞു. ജനുവരി 12 നാണ് ഇയാള്‍ കൊല്ലം ജയിലില്‍ നിന്നിറങ്ങിയത്. 2022-ല്‍ പെണ്‍കുട്ടിക്ക് മിഠായി നല്‍കി വിളിച്ച് ഉപദ്രവിച്ച സംഭവമുണ്ടായിട്ടുണ്ട് എന്നും ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് ഹസന്‍കുട്ടി എന്നും സി എച്ച് നാഗരാജു വിശദീകരിച്ചു.

ഭവനഭേദനം, ഓട്ടോ മോഷണം തുടങ്ങിയ കേസുകളിലും കേസ് രേഖപ്പെടുത്താത്ത ചില സംഭവങ്ങളിലും ഇയാള്‍ പ്രതിയാണെന്ന് വ്യക്തമായിട്ടുണ്ട്. കൃത്യമായ വിലാസം ഇല്ലാത്തതിനാല്‍ തന്നെ ഇയാളെ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രണ്ട് വയസുകാരിയെ കൊണ്ട് തൊട്ടടുത്ത റെയില്‍വേ ട്രാക്കിനടുത്തേക്കാണ് ഹസന്‍കുട്ടി പോയത്.
തുടര്‍ന്ന് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോള്‍ വായപൊത്തിപ്പിടിച്ചതോടെ ബോധം നഷ്ടപ്പെട്ടു. കുട്ടിക്ക് അനക്കില്ലാതായപ്പോള്‍ പേടിയായെന്നും തുടര്‍ന്ന് ഉപേക്ഷിച്ചെന്നുമാണ് ഹസന്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത് എന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഇയാള്‍ പലസ്ഥലങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു എന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
തമ്പാനൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് മുതല്‍ കൊല്ലം വരെയുള്ള ഇടങ്ങളില്‍ നിരവധി സി സി ടി വി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. കാണുമ്പോള്‍ മലയാളിയെ പോലെയാണ് തോന്നുന്നത് എന്നും എന്നാല്‍ താന്‍ ഗുജറാത്തിലായിരുന്നു ചെറുപ്രായത്തിലെന്നും അവിടെ നിന്ന് കേരളത്തിലേക്കെത്തിയതാണെന്നും ഇയാള്‍ പറയുന്നുണ്ട് എന്നും പൊലീസ് പറഞ്ഞു. ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ട് എന്നും കമ്മീഷണര്‍ പറഞ്ഞു.
ഫെബ്രുവരി 18 ന് അര്‍ദ്ധരാത്രിയോടെയാണ് പേട്ടയില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ ഇയാള്‍ തട്ടിക്കൊണ്ട് പോയത്. അര്‍ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായത് അറിഞ്ഞ് കരഞ്ഞ് നിലവിളിച്ച മാതാപിതാക്കളുടെ ശബ്ദം കേട്ട് വന്ന നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിക്കുന്നത്. പിന്നീട് 20 മണിക്കൂറിന് ശേഷം കുട്ടിയെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications