കടയടപ്പിക്കാന്‍ എത്തി ഹര്‍ത്താല്‍ അനുകൂലികള്‍; പൂട്ടില്ലെന്ന് ഉടമ, വൈറലായി വീഡിയോ
കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഇന്നലെ നടത്തിയ ഹര്‍ത്താലിനിടെ കട അടപ്പിക്കാനെത്തിയവരെ ധീരമായി നേരിട്ട് യുവാവ്. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം. ഈ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ വൈറലായി. ഹര്‍ത്താല്‍ ദിനത്തില്‍ കട തുറക്കരുതെന്ന് അറിയില്ലേ എന്ന ചോദ്യവുമായിട്ടാണ് രണ്ട് ചെറുപ്പക്കാര്‍ ഇയാളുടെ കടയിലേക്ക് വന്നത്.
നിര്‍ബന്ധിച്ച് കട അടയ്ക്കാനാവില്ലെന്നും തനിക്ക് ജോലിയുണ്ടെന്നും പറഞ്ഞ് ഇയാള്‍ ചുട്ടമറുപടി നല്‍കുകയായിരുന്നു. ഇയാളുടെ ധീരതയെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നുണ്ട്. തളിപ്പറമ്പിലെ നാടുകാണിയില്‍ സിസ്റ്റം കെയര്‍ എന്ന സ്ഥാപനമാണ് ഉടമ ആഷാദാണ് ഹര്‍ത്താല്‍ അനുകൂലികളെ ധീരമായി നേരിട്ടത്.

ഇന്ന് ഹര്‍ത്താലാണെന്നറിയില്ലേ എന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ വന്ന് ചോദിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം വേറെ ഒരാളുമുണ്ടായിരുന്നു. പൂട്ടാനാണ് ഉദ്ദേശമെങ്കില്‍, വേഗം പൂട്ടണം എന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ തനിക്ക് കുറച്ച് പണിയുണ്ട്, കട പൂട്ടാന്‍ ഉദ്ദേശമില്ലെന്ന് ഉറപ്പിച്ച് പറയുകയായിരുന്നു ആഷാദ്.
ഷട്ടര്‍ അടയ്ക്കണമെന്ന ഭീഷണിയായിരുന്നു പിന്നീട്. അതിന് താന്‍ രഹസ്യമായി പണിയെടുക്കുന്നതല്ല എന്ന് യുവാവ് മറുപടി നല്‍കി. കട തുറക്കാന്‍ പാടില്ല എന്നാണെന്നും, ഹര്‍ത്താല്‍ എന്ന് പറഞ്ഞാല്‍ എന്താണെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ചോദിക്കുന്നുണ്ട്. ഹര്‍ത്താല്‍ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് കട അടപ്പിക്കാനാവില്ലെന്നും ആഷാദ് അറിയിക്കുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിട്ടും ഇയാള്‍ കട അടയ്ക്കാന്‍ തയ്യാറായില്ല. വാക്കേറ്റമുണ്ടായതോടെ. ആഷാദ് പോലീസിനെ വിളിക്കാന്‍ തുടങ്ങി. ഇതോടെ അത്രയും നേരെ ഭീഷണി മുഴക്കിയ പ്രവര്‍ത്തകന്‍ ക്ഷുഭിതനായി. കടയിലെ മോശയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ഇയാള്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഇവര്‍ മടങ്ങിപ്പോവുകയായിരുന്നു.
അതേസമയം കട അടപ്പിക്കാനെത്തിയ യുവാവിനെ കൂടെ ഉള്ളയാള്‍ മടങ്ങിപ്പോകാന്‍ വിളിക്കുന്നതായും വീഡിയോയില്‍ കാണാം. ആഷാദിന്റെ പരാതിയില്‍ അക്രമികള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. അതേസമയം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കണ്ണൂരില്‍ ഇതുപോലെ ഹര്‍ത്താല്‍ അനുകൂലികളെ ധീരമായി നേരിടുന്ന സംഭവം വേറെയും ഉണ്ടായിട്ടുണ്ട്. കട അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ പയ്യന്നൂരിലെ നാട്ടുകാര്‍ നേരിടുന്നതും, പോലീസില്‍ ഏല്‍പ്പിക്കുന്നതുമായ വീഡിയോയായിരുന്നു ഇത്. പയ്യന്നൂര്‍ സെന്റര്‍ ബസാറില്‍ തുറന്ന കടകള്‍ അടപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. കടക്കാര്‍ പൂട്ടാന്‍ വിസമ്മതിച്ചതോടെ ഇവര്‍ ബലം പ്രയോഗിച്ചതാണ് പ്രശ്‌നമായത്. നാട്ടുകാര്‍ ഇതോടെ അക്രമാസക്തമായി. ഇവര്‍ ഹര്‍ത്താല്‍ അനുകൂലികളെ വളഞ്ഞിട്ട് തല്ലി. നാട്ടുകാരും ഓട്ടോക്കാരും ചേര്‍ന്നായിരുന്നു കൈകാര്യം ചെയ്തത്. നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസിന് കൈമാറുകയും ചെയ്തു.












Click it and Unblock the Notifications