ഫിലിപ്പ് മമ്പാട് കസ്റ്റഡിയില്‍; പോലീസ് വീട്ടിലെത്തിയത് രാത്രി, കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മലപ്പുറം: പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോലീസ് കസ്റ്റഡിയില്‍. മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. ഇന്നലെ രാത്രി മമ്പാടുള്ള വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റിഡിയില്‍ എടുത്തത്. കേരളത്തിലും വിദേശത്തുമായി നിരവധി മോട്ടിവേഷണല്‍ പ്രോഗ്രാം നടത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. ലഹരി വിരുദ്ധ പ്രചാരണത്തിനും അദ്ദേഹം മുന്നിലുണ്ടായിരുന്നു.
ഫിലിപ്പ് മമ്പാടിനെതിരെ പോക്‌സോ വകുപ്പ് ചുമത്തുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം. പെണ്‍കുട്ടിയെ മമ്പാടുള്ള വീട്ടില്‍ രക്ഷിതാക്കള്‍ കൊണ്ടുവന്നിരുന്നു. കാസര്‍കോഡ് കാഞ്ഞങ്ങാടുള്ള ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ഇവിടെ ഒരു ദിവസം തങ്ങിയിരുന്നു എന്നും പറയപ്പെടുന്നു.

നേരത്തെ പോലീസ് സേനയുടെ ഭാഗമായിരുന്നു ഫിലിപ്പ് മമ്പാട്. ഈ വേളയില്‍ തന്നെ അദ്ദേഹം മോട്ടിവേഷണല്‍ പ്രോഗ്രാമില്‍ പങ്കെടുത്തിരുന്നു. സ്‌കൂളുകളിലും ക്ലബ്ബുകളുടെയും വിവിധ സംഘടനകളുടെയും പരിപാടികളിലും ഇദ്ദേഹം സംസാരിക്കാറുണ്ട്. ഫിലിപ്പ് മമ്പാടിന്റെ പല പ്രസംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇത്തരമൊരു വ്യക്തി ആരോപണ വിധേയനായത് പലരും ആശ്ചര്യത്തോടെയാണ് കാണുന്നത്.
പോലീസ് സേനയില്‍ നിന്ന് വോളണ്ടറി റിട്ടര്‍മെന്റ് വാങ്ങി പൂര്‍ണമായും മോട്ടിവേഷണല്‍ സ്പീക്കറായി മാറുകയായിരുന്നു ഫിലിപ്പ് മുമ്പാട്. ഇദ്ദേഹത്തിനെതിരെ കോഴിക്കോട് ചേവായൂര്‍ പോലീസിലാണ് പരാതി ലഭിച്ചത്. സംഭവം നടന്നത് മമ്പാട് ആയതിനാല്‍ നിലമ്പൂര്‍ പോലീസിന് പരാതി കൈമാറുകയായിരുന്നുവത്രെ.
നിലമ്പൂര്‍ പോലീസ് ആണ് ഫിലിപ്പ് മമ്പാടിനെ കസ്റ്റഡിയില്‍ എടുത്തത്. പരാതിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത് എന്ന് പോലീസ് പറയുന്നു. ഇനി വിശദമായ അന്വേഷണം നടക്കും. പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് എങ്കില്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല.
കോഴിക്കോട് സ്വദേശിനിയാണ് പെണ്‍കുട്ടി. മാനസികമായ ചില പ്രശ്‌നങ്ങള്‍ കാരണം കൗണ്‍സലിങിന് വേണ്ടി കുടുംബം ഫിലിപ്പ് മമ്പാടിനെ സമീപിച്ചിരുന്നുവത്രെ. പിന്നീടാണ് ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ നടന്നത് എന്ന് പരാതിയില്‍ പറയുന്നു.
സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. വിവരം ചൈല്‍ഡ് ലൈനിലേക്കും അവിടെ നിന്ന് ചേവായൂര്‍ പോലീസിലേക്കുമെത്തി. ശേഷം നിലമ്പൂര്‍ പോലീസിന് പരാതി കൈമാറി. പോലീസ് വ്യാഴാഴ്ച രാത്രി ഫിലിപ്പിന്റെ വീട്ടിലെത്തിയ വേളയില്‍ ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications