പിണറായി 3.0 തന്നെ വരും, പക്ഷേ ആ മാജിക് നമ്പർ തൊടില്ല, ബിജെപിയുടെ സീറ്റ് ഒന്നിൽ ഒതുങ്ങില്ല, സർവ്വേ ഫലം
ഇടത് സര്‍ക്കാര്‍ സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ വന്നാല്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അതൊരു അപൂര്‍വ്വതയായി മാറും. ഭരിച്ച സര്‍ക്കാരിനെ തന്നെ വീണ്ടും ഭരണം ഏല്‍പ്പിക്കുന്ന പതിവ് മലയാളികള്‍ക്ക് പൊതുവേ ഇല്ല. എന്നിട്ടും 2021ല്‍ പിണറായി വിജയനെ തന്നെ വോട്ടര്‍മാര്‍ വീണ്ടും തിരഞ്ഞെടുത്തത് ചരിത്രമായി.
ഇപ്പോള്‍ പിണറായി 3.0 ആണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. അങ്ങനെ സംഭവിച്ചാല്‍ അതും ചരിത്രമാകും. തുടര്‍ച്ചയായി മൂന്ന് തവണ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നുവെന്ന റെക്കോര്‍ഡ് ഇടതുപക്ഷം എഴുതിച്ചേര്‍ക്കും. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ എല്‍ഡിഎഫിന് സാധിച്ചില്ല.
പ്രതീക്ഷിച്ചതിന് അപ്പുറത്തുളള വിജയം സ്വന്തമാക്കിയത് യുഡിഎഫിനാകട്ടെ വലിയ ആത്മവിശ്വാസം നല്‍കിയിട്ടുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ ഇടത് കേന്ദ്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ശക്തി കാണിക്കുന്നുമുണ്ട്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളിലൂന്നിയും പഴയ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ദുരവസ്ഥകള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് ഇടത് അനുയായികള്‍ കളം പിടിക്കുന്നത്.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നും ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യും എന്നുമാണ് എന്‍ഡിടിവി സര്‍വ്വേ പറയുന്നത്. പിണറായി വിജയനേക്കാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ജനപിന്തുണ ഉണ്ടെന്നും ഈ സര്‍വ്വേ പറയുന്നു. അതേസമയം ഏറ്റവും ഒടുവില്‍ പുറത്ത് വന്ന കേരള ലൈവ് ന്യൂ പോള്‍ സര്‍വ്വേ അനുസരിച്ച് സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് തന്നെ അധികാരത്തില്‍ വരും.
നിലവില്‍ ഉളളതിനേക്കാള്‍ സീറ്റ് നിലയില്‍ എല്‍ഡിഎഫിന് കുറവുണ്ടായേക്കാം. സംസ്ഥാനത്തെ 140 നിയമസഭാ സീറ്റുകളില്‍ 83 മുതല്‍ 95 വരെ നേടി ഇടതുപക്ഷം അധികാരം നിലനിര്‍ത്തും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫിന് 42 മുതല്‍ 57 സീറ്റുകള്‍ വരെ ലഭിക്കാനാണ് സാധ്യത. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ പോയ ബിജെപിക്ക് 0-3 സീറ്റ് വരെ ലഭിച്ചേക്കാം എന്നും ഈ സര്‍വ്വേ പ്രവചിക്കുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചിരിക്കുന്നത് പിണറായി വിജയന് തന്നെയാണ്. 31 ശതമാനം പേരാണ് മുഖ്യമന്ത്രിയായി പിണറായി തന്നെ തുടരണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണം എന്ന് പലരും ആഗ്രഹിക്കുന്ന കെകെ ശൈലജയാണ് പിണറായി തൊട്ട് പിന്നിലുളളത്. 24 ശതമാനം പേര്‍ കെകെ ശൈലജ കേരളത്തിന്റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്നു.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാവുന്നവരാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ സര്‍ക്കാരിന്റെ പ്രകടനം മികച്ചതാണെന്ന് 25 ശതമാനം പേരും വളരെ മികച്ചതാണെന്ന് 17 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 34 ശതമാനം പേരാണ്.












Click it and Unblock the Notifications