ശക്തനായ മുഖ്യമന്ത്രി; പിണറായിയെ പുകഴ്ത്തി വീണ്ടും വെള്ളാപ്പള്ളി
തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് കേസില്‍ വിജിലന്‍സ് അന്വേഷണം ശക്തമായി മുന്നോട്ടുപോകവെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ ശക്തനായ മുഖ്യമന്ത്രിയാണെന്നും ഇപ്പോഴാണ് കേരളത്തിന് ഒരു മുഖ്യമന്ത്രി ഉണ്ടായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എത്തി ചര്‍ച്ച നടത്തിയശേഷമാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. എസ്.എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് എത്തിയതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ട്രസ്റ്റിന് കീഴിലെ സ്ഥാപനങ്ങളില്‍ 200 ഓളം തസ്തികകള്‍ വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നു.

മാറിവരുന്ന സര്‍ക്കാരുകളുടെ മെല്ലെപ്പോക്കാണ് നിയമനം വൈകിപ്പിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിയെ കണ്ടതില്‍ രാഷ്ട്രീയനീക്കമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴും ശക്തനായിരുന്നു. മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം ശക്തനാണെന്നും വെള്ളാപ്പള്ളി പുകഴ്ത്തി.
ശത്രുക്കള്‍ക്ക് പോലും കുറ്റംപറയാനാകാത്താവിധം ഭരണപരമായ മികവാണ് അദ്ദേഹം കാണിക്കുന്നത്. നേരത്തേ ഓരോ മന്ത്രിയും മുഖ്യമന്ത്രി ആയ സാഹചര്യമായിരുന്നു. ഇന്ന് കേരളത്തിന് കരുത്തനായ ഒറ്റമുഖ്യമന്ത്രി മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട ചോദ്യത്തിന് തനിക്ക് ഒന്നും സംഭവിക്കില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.












Click it and Unblock the Notifications