പിണറായി മാതൃകയാക്കുന്നത് കെജ്രിവാളിനെ: അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും കെ സുരേന്ദ്രന്‍
തിരുവനന്തപുരം: പണം കിട്ടാന്‍ മദ്യ നയത്തില്‍ മാറ്റം വരുത്താന്‍ പോകുന്ന പിണറായി വിജയന്‍ മാതൃകയാക്കുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് അടുത്തില്ലാത്തതുകൊണ്ട് കേജരിവാളിന് കോടതിയില്‍ നിന്ന് കിട്ടിയ ആനുകൂല്യമൊന്നും പിണറായി പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി നടത്താന്‍ മദ്യ നയത്തില്‍ മാറ്റം വരുത്താനായി യോഗം ചേരുകയും ബാറുടമകളില്‍ നിന്ന് പണപ്പിരിവ് തുടങ്ങുകയും ചെയ്തിട്ടും രണ്ടു മന്ത്രിമാര്‍ ഇതിനെ ന്യായീകരിക്കുകയാണ്. മദ്യനയത്തെക്കുറിച്ച് ചര്‍ച്ച നടന്നിട്ടേ ഇല്ലെന്നാണ് എക്‌സൈസ് മന്ത്രി പറയുന്നത്. ഇതുകൊണ്ടൊന്നും ജനത്തെ കബളിപ്പിക്കാന്‍ കഴിയില്ല. ഡല്‍ഹിയില്‍ മദ്യകുംഭകോണം നടത്തിയ എക്‌സൈസ് മന്ത്രി ഒന്നര വര്‍ഷമായ ജയിലില്‍ കിടക്കുന്ന കാര്യം മന്ത്രിമാരായ എം ബി രാജേഷും റിയാസും ഓര്‍ക്കണം.

ബാര്‍കോഴ അഴിമതി നടത്തിയ യു ഡി എഫുകാര്‍ക്ക് പിണറായി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ സംസാരിക്കാന്‍ എന്തവകാശമാണ് ഉള്ളത്? അഴിമതിക്കെതിരെയുള്ള ജനരോഷം തിരിച്ചുവിടാനുള്ള സേഫ്റ്റിവാള്‍വ് മാത്രമാണ് പ്രതിപക്ഷ നേതാവിന്റെ ഗീര്‍വാണ പ്രസംഗങ്ങള്‍. ഇതില്‍ ആത്മാർത്ഥതയുടെ കണിക പോലുമില്ല. കേരളത്തിലെ മദ്യനയ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
അതേസമയം വിവാദത്തിന് കാരണമായ വോയിസ് ക്ലിപ്പില്‍ വിശദീകരണവുമായി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ല പ്രസിഡന്റുമായ അനിമോൻ രംഗത്ത് വന്നിട്ടുണ്ട്. തന്റെ ഓഡിയോ എൽ ഡി എഫിനും സർക്കാരിനുമെതിരെ ആരോപണത്തിന് ഇടയാക്കിയെന്നും തെറ്റിദ്ധാരണയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ബാർ ഉടമകളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ അനിമോൻ പങ്കുവെച്ച സന്ദേശം.
'എന്റെ ആ സമയത്തെ മാനസികാവസ്ഥയിൽ പറഞ്ഞതൊന്നും ഉദ്ദേശിച്ചതു പോലെയായില്ല . എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഞാൻ മൂലം ഉണ്ടായ ബുദ്ധിമുട്ടിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. ഇന്നലെ നടന്ന യോഗത്തിൽ ഉണ്ടായ കാര്യങ്ങൾ എന്ന് പറഞ്ഞാൽ എല്ലാ ജില്ലകളും ബിൽഡിംഗ് ഫണ്ടിൽ നല്ല രീതിയിൽ സഹകരിച്ചു , ഇടുക്കി ജില്ലയാണ് ഈ വിഷയത്തിൽ തുടക്കം മുതൽ ഏറ്റവും മോശമായ നിലപാട് സ്വീകരിക്കുകയും സഹകരണക്കുറവ് കാണിക്കുന്നതെന്നും ഈ കാര്യങ്ങൾക്കെല്ലാം പ്രധാന കാരണം ഇടുക്കി ജില്ലാ പ്രസിഡന്റ് അനി മോന്റെ നിലപാടാണെന്നും പ്രസിഡന്റ് സുനില് യോഗത്തിൽ പരസ്യമായിട്ട് പറഞ്ഞു വിമർശിക്കുകയുണ്ടായി, തുടക്കം മുതൽ എന്നെ കോർണർ ചെയ്താണ് സംസാരിച്ചത്. ആ മാനസികാവസ്ഥയില്‍ നടത്തിയ പ്രതികരണമായിരുന്നു അത്' അനിമോന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറഞ്ഞു.












Click it and Unblock the Notifications