കുറ്റം ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടും!! അന്വേഷണം തുടരുമെന്ന് പിണറായി
പോലീസ് ഇപ്പോഴും അന്വേഷണത്തിന്‍റെ വഴിയില്‍
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നന്നായെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആദ്യത്തെ പ്രതികരണം. കുറ്റം ചെയ്യുന്നുണ്ടെങ്കില്‍ ആരായാലും പോലീസിന്റെ പിടിയില്‍പ്പെടും. നിയമത്തിന്റെ കരങ്ങളില്‍ കുറ്റവാളികള്‍ പെടുക തന്നെ ചെയ്യും. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അറസ്റ്റ് നടന്നയുടന്‍ തന്നെ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. അതിവേഗതയിലാണ് കേസിലെ പ്രതികളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. അന്നുതന്നെ അന്വേഷണം തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴും അന്വേഷണത്തിന്റെ വഴിയില്‍ത്തന്നെയാണ് പോലീസ്. ഇനി കേസില്‍ ആരൊക്കെ പെടേണ്ടതുണ്ടോ അവരൊക്കെ നിയമങ്ങളുടെ കരങ്ങളില്‍പ്പെടുമെന്ന് ഉറപ്പിക്കാവുന്നതാണെന്ന് പിണറായി പറഞ്ഞു.

അറസ്റ്റ് നടന്നയുടന്‍ ഗൂഡാലോചനക്കാരുടെ പിറകെ പോവാന്‍ കഴിയില്ല. ആദ്യം വേണ്ടത് ഇതുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടുകയായിരുന്നു. ആ പ്രതികളെ പിടികൂടുന്ന ഘട്ടത്തില്‍ ഗൂഡാലോചനയെക്കുറിച്ച് പറയുമ്പോള്‍ പോലീസ് അന്വേഷണം തുടരുമെന്ന് അന്നുതന്നെ താന്‍ പറഞ്ഞിരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. ആ അന്വേഷണം തന്നെയാണ് ഇപ്പോഴും തുടരുന്നത്. നേരത്തേയുള്ള ഡിജിപിയായാലും ഇപ്പോഴത്തെ ഡിജിപിയായാലും ഇവരോടും അന്വേഷണ ടീമിനോടും കൃത്യമായി അന്വേഷണം നടത്തണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. കുറ്റവാളികള്‍ ആരാണോ അവരെ പിടികൂടാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications