'മോദിയുടെ പേരില്‍ പിണറായി ക്രെഡിറ്റെടുക്കാന്‍ ശ്രമിക്കുന്നു': സിന്തറ്റിക് ട്രാക്കിന്റെ പേരില്‍ വിവാദം
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ നിർമ്മിച്ച സിന്തറ്റിക്ക് ട്രാക്കിൻ്റെ ക്രെഡിറ്റ് അടിച്ച് മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരും ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബി ജെ പി. ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി 6.94 കോടി രൂപ ചെലവഴിച്ചാണ് പരിയാരം മെഡിക്കൽ കോളേജിൽ സിന്തറ്റിക്ക് ട്രാക്ക് നിർമ്മിച്ചത്. പൂർണ്ണമായും കേന്ദ്ര ഫണ്ടിൽ തയ്യാറാക്കിയിട്ടും, കേന്ദ്രത്തെ ഒഴിവാക്കി മുഖ്യമന്ത്രിയ്ക്ക് ക്രെഡിറ്റ് നൽകാനാണ് സംഘാടകർ ശ്രമിച്ചതെന്നും ബി ജെ പി സംസ്ഥാന നേതൃത്വം ആരോപിക്കുന്നു.
ഫ്ലക്സ് ബോർഡുകളിൽ പ്രധാനമന്ത്രി ഉൾപ്പെടയുള്ളവരെ ഉൾപ്പെടുത്താനോ, കേന്ദ്ര മന്ത്രിമാരെ ഉദ്ഘാടനത്തിന് ക്ഷണിക്കാനോ സംഘാടകർ തയ്യാറായില്ല. ഇതിനെതിരെ ബി ജെ പിയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയും ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിനെയും ഉൾപ്പെടുത്തി ഫ്ലക്സ് ബോർഡുകൾ സ്ഥാപിയ്ക്കാൻ സംഘാടകർ നിർബന്ധിതരായതെന്നും ബി ജെ പി അവകാശപ്പെടുന്നു.

പുനർഗേഹം പദ്ധതിയില്‍ സർക്കാർ വാക്ക് പാലിച്ചില്ലെന്നും ബി ജെ പി കുറ്റപ്പെടുത്തുന്നു. തീരദേശത്തെ വേലിയേറ്റ മേഖലയ്ക്ക് സമീപം കഴിയുന്നവരെ മാറ്റി പാർപ്പിക്കുന്ന ഫിഷറീസ് വകുപ്പിന്റെ പദ്ധതിയാണ് പുനർഗേഹം. സർക്കാർ പണം നൽകും എന്നു വിശ്വസിച്ച് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് വീടും പറമ്പും റെജിസ്റ്റർ ചെയ്തുകൊടുത്ത ജനങ്ങൾ ഇപ്പോൾ വഴിയാധാരമായിരിക്കുകയാണ്. 5 മാസം പിന്നിട്ടിട്ടും ഇവർക്ക് ഇപ്പോഴും സർക്കാരിൽ നിന്ന് പണം ലഭിച്ചിട്ടില്ല.
കൊല്ലം ജില്ലയിൽ മാത്രം ഇത്തരത്തിൽ കൊടുക്കാനുള്ളത് ഒന്നര കോടി രൂപയാണ്. ആധാരം റെജിസ്റ്റർ ചെയ്താൽ ഏഴോ അല്ലെങ്കിൽ പതിനഞ്ചോ ദിവസത്തിനകം പണം ലഭിക്കും എന്നു പറഞ്ഞാണ് ഫിഷറീസ് വകുപ്പ് ജനങ്ങളെ കബളിപ്പിച്ചത്. കേരളം ഇന്നുവരെ കാണാത്ത അഴിമതിയും ധൂർത്തുമാണ് പിണറായി സർക്കാർ കാഴ്ച്ചവയ്ക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പരമാവധി കൊള്ളയടിച്ച് സ്വന്തം ജീവിതവും കുടുംബവും സുരക്ഷിതമാക്കാനാണ് നേതാക്കളുടെ ശ്രമമെന്നും ബി ജെ പി നേതൃത്വം ആരോപിച്ചു.
അർഹരായ ആളുകൾ തൊഴിൽ അന്വേഷിച്ച് പുറത്ത് നിൽക്കുമ്പോൾ സർക്കാർ വകുപ്പുകളിൽ ഇഷ്ടക്കാരെ തള്ളിക്കയറ്റുകയാണ് ഇടതുപക്ഷ സർക്കാർ. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി കഴിഞ്ഞ ഒരു വർഷത്തിൽ മാത്രം കാൽ ലക്ഷം നിയമനങ്ങളാണ് നടത്തിയത്. സംവരണവും, മുൻഗണനാ ക്രമവുമെല്ലാം അട്ടിമറിച്ചാണ് പാർട്ടിക്കാരെ വകുപ്പുകളിൽ തിരുകികയറ്റുന്നത്. മാസം ഒരു ലക്ഷം രൂപയിൽ അധികം ശമ്പളം ലഭിയ്ക്കുന്ന പോസ്റ്റുകളിലേയ്ക്കു പോലും ഇത്തരത്തിലാണ് നിയമനം നടക്കുന്നതെന്നും ബി ജെ പി കുറ്റപ്പെടുത്തി.












Click it and Unblock the Notifications