മലയാളം അധ്യാപകന്‍ എന്റെ നക്ഷത്രം ചോദിച്ചു; അമ്മയോട് അദ്ദേഹം പറഞ്ഞത്..; ഓര്‍മകളുമായി മുഖ്യമന്ത്രി
വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോഴാണ് ചെറുപ്പകാലത്ത് താന്‍ നേരിട്ട് സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബത്തില്‍ നിന്നുള്ള വെല്ലുവിളികളും പിണറായി വിജയന്‍ പറഞ്ഞത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച യങ് ഇന്നവേറ്റേഴ്‌സ് മീറ്റില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വീട്ടില്‍ അമ്മ എങ്ങനെയാണ് ഭക്ഷണത്തിനുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടതെന്നും പിണറായി വിജയന്‍ വെളിപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകള്‍: കോളജ് വിദ്യാഭ്യാസ കാലത്ത് രാവിലെ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ അമ്മ ചില ദിവസങ്ങളില്‍ ചെറിയ റൊട്ടി തരും. എന്റെ നാട്ടില്‍ ഒറോട്ടി എന്ന് പറയും. അരി കൊണ്ടുണ്ടാക്കിയ ഒരു പലഹാരമാണ്. ഒരു ഫയല്‍ ഞാന്‍ കയ്യിലെടുക്കും. അതില്‍ ഒറോട്ടി വയ്ക്കും. ഉച്ചയ്ക്ക് അത് കഴിക്കും. എല്ലാ ദിവസവും ഉണ്ടാകണമെന്നില്ല. ഇല്ലാത്ത ദിവസം ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലെന്നും വരും. അങ്ങനെയുള്ള കാലഘട്ടമായിരുന്നു കോളജ് വിദ്യാഭ്യാസ കാലം. ആ കാലത്തും ആരോടും ഞാന്‍ വിഷമങ്ങള്‍ പറയാറില്ല. നല്ല അഭിമാനിയായി ജീവിക്കാന്‍ കഴിഞ്ഞിരുന്നു. അക്കാലത്താണ് ഒറ്റ നിറമുള്ള വസ്ത്രം ധരിച്ചു തുടങ്ങിയത്. ഒരേ നിറമായതിനാല്‍ എത്ര ഡ്രസ് ഉണ്ടെന്ന് മനസിലാകില്ല. അങ്ങനെയുള്ള വെല്ലുവിളികള്‍ നേരിട്ടിരുന്നു. ഇതൊക്കെ സാധാരണ രീതിയില്‍ എടുത്താല്‍ മതി. നമ്മുടെ കഴിവിനനുസരിച്ച് ജീവിക്കുക എന്നതാണ് പ്രധാനം. തെറ്റായ വഴിയിലേക്ക് നീങ്ങാതിരുന്നാല്‍ മതി.

ഇന്നത്തെ തലമുറയില്‍ പെട്ട കുട്ടികള്‍ ജീവിച്ചിരുന്ന പോലുള്ള കാലത്തല്ല എന്റെ ചെറുപ്പകാലം. നിങ്ങളുടെ അച്ഛനമ്മമാര്‍ പഠിത്തത്തെ വലിയതോതില്‍ പിന്താങ്ങുന്നവരാണ്. നിങ്ങളേക്കാള്‍ കൂടുതല്‍ താല്പര്യമെടുക്കുന്നത് ഒരുപക്ഷേ മാതാപിതാക്കള്‍ ആയിരിക്കും. അങ്ങനെയാണ് നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ രീതി.
ഞാന്‍ പഠിക്കുന്ന കാലത്ത് എന്റെ ചുറ്റുപാടും പഠനത്തെ പിന്താങ്ങുന്ന അധികം ആളുകള്‍ ഇല്ലായിരുന്നു. പഴയ തലമുറയില്‍ ആ തലത്തില്‍ വിദ്യാഭ്യാസം ലഭിച്ചവര്‍ തന്നെ വളരെ കുറവായിരുന്നു. വിദ്യാര്‍ത്ഥിക്ക് പഠനത്തിനാവശ്യമായ പിന്തുണ ലഭിക്കുക എന്നുള്ളത് അന്ന് അത്ര പ്രായോഗികമല്ല. അങ്ങനെ വിദ്യാഭ്യാസപരമായി പിന്തുണ കിട്ടാത്ത ഒരു കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. അച്ഛന്‍ ഒരു ചെത്തുതൊഴിലാളിയായിരുന്നു. അമ്മ വീട്ടുജോലിയും കാര്‍ഷിക ജോലിയും ഒക്കെ ചെയ്യുന്ന ഒരു സാധാരണ നാടന്‍ സ്ത്രീ.
അഞ്ചാം തരം പഠനം കഴിഞ്ഞപ്പോള്‍ ആദ്യത്തെ വെല്ലുവിളി വന്നു. ഇനി പഠിക്കാന്‍ പോകണ്ട എന്ന് വീട്ടില്‍ നിന്ന് നിര്‍ദേശം വന്നു. പഠിച്ചിട്ട് എന്താ കാര്യം. ബീഡി കെട്ടാന്‍ പോയാല്‍ മതിയെന്ന് പറഞ്ഞു. എന്നെ പഠിപ്പിച്ച സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അമ്മയെ സ്‌കൂളിലേക്ക് വിളിപ്പിച്ചു. ഈ കുട്ടി തുടര്‍ന്ന് പഠിക്കണം. അതുകൊണ്ട് പഠിപ്പിക്കണം എന്നു പറഞ്ഞു. എന്നാല്‍ ബീഡി തൊഴിലാളിയാവുക എന്ന സമ്മര്‍ദ്ദത്തിനാണ് പ്രാധാന്യം ലഭിച്ചത്. തുടര്‍ന്ന് അകന്ന ബന്ധുവായ ബീഡി തൊഴിലാളിയുടെ അടുത്ത് ചെന്നു. ഇവനെ കൂടെക്കൂട്ടണം എന്നു പറഞ്ഞപ്പോള്‍ അവനെ കൂട്ടാനൊന്നും ആയിട്ടില്ല അവന്‍ പഠിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.
പിന്നീട് നാട്ടിലെ പ്രധാനിയായ ഒരു ബീഡി തൊഴിലാളിയുടെ അടുത്തുചെന്നു. പിന്നീട് എന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തായി വന്ന ഒരാളാണ്. അവന്‍ പണിക്കൊന്നും പോകണ്ട, പഠിക്കട്ടെ എന്നാണ് അദ്ദേഹവും പറഞ്ഞത്. അപ്പോള്‍ പിന്നെ അമ്മ പഠിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ യുപി സ്‌കൂളിലായി. അവിടെ ഒരു മലയാളം അധ്യാപകന്‍ ഉണ്ടായിരുന്നു. അദ്ദേഹം എന്നെ അടുത്ത് വിളിച്ചിട്ട് നിന്റെ നക്ഷത്രം എന്താണെന്ന് ചോദിച്ചു. ഞാന്‍ നക്ഷത്രം പറഞ്ഞു. അമ്മയോട് വരാന്‍ പറഞ്ഞു. അദ്ദേഹം ജ്യോതിഷ പണ്ഡിതനാണ്. നിങ്ങള്‍ പറയുന്നതല്ല ഇവന്റെ നക്ഷത്രം. മറ്റൊരു നക്ഷത്രമാണ്. ഇവന്റെ ജാതകം ഞാന്‍ എഴുതിത്തരാമെന്ന് അദ്ദേഹം പറഞ്ഞു.
ഇവന്‍ എവിടെയാണ് തോല്‍ക്കുന്നത് അവിടം വരെ പഠിപ്പിക്കണം ആ വാക്ക് തരണമെന്ന് അമ്മയോട് പറഞ്ഞു. അതാണ് തുടര്‍ പഠനത്തിന് സഹായിച്ചത് - മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications