കുടുംബത്തിന് 35 കിലോ അരി മാറും; വ്യക്തിക്ക് 7 കിലോ, റേഷന്‍ അട്ടിമറിക്കാന്‍ ശ്രമം എന്ന് പിണറായി
തിരുവനന്തപുരം: അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം റേഷന്‍ വിഹിതം നല്‍കുന്നതില്‍ മാറ്റം വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഗുണഭോക്തൃ മാനദണ്ഡം കുടുംബത്തിന് പകരം വ്യക്തിഗത അടിസ്ഥാനത്തിലേക്ക് മാറ്റുകയാണ് കേന്ദ്രം. ഒരു കുടുംബത്തിന് 35 കിലോ ധാന്യം എന്നത് വ്യക്തിക്ക് ഏഴ് കിലോ എന്ന രീതിയിലേക്ക് മാറും. ഇത് ചെറിയ കുടുംബങ്ങള്‍ക്ക് വിഹിതം കുറയാന്‍ ഇടയാക്കുമെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ കുടുംബത്തിന് 35 കിലോ ആണ് കണക്ക്. ഇതാണ് വ്യക്തിക്ക് ഏഴ് കിലോ എന്നാക്കുന്നത്. ഒരു കുടുംബത്തിന് പരമാവധി 35 കിലോയാക്കി നിശ്ചയിക്കുകയും ചെയ്തിരിക്കുകയാണ്. കുടുംബാസൂത്രണം മികച്ച രീതിയില്‍ നടപ്പാക്കിയ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വിഹിതം കുറയാന്‍ ഇത് കാരണമാകും. കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി റേഷന്‍ സംവിധാനത്തെ തകര്‍ക്കാനാണ് കേന്ദ്ര നീക്കം എന്നും പിണറായി ആരോപിക്കുന്നു.

പിണറായി വിജയന്റെ കുറിപ്പ് വായിക്കാം: ''നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്റ്റിൽ അന്ത്യോദയ അന്നയോജന (AAY) പദ്ധതിയുടെ ഗുണഭോക്തൃ മാനദണ്ഡം കുടുംബത്തിന് പകരം വ്യക്തിഗത അടിസ്ഥാനത്തിലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പാവപ്പെട്ടവരുടെ റേഷൻ വിഹിതം ഘട്ടംഘട്ടമായി വെട്ടിക്കുറയ്ക്കാനും ഫുഡ് സെക്യൂരിറ്റി നിയമത്തെ തന്നെ അട്ടിമറിക്കാനുമുള്ള കേന്ദ്രത്തിന്റെ ഗൂഢശ്രമമാണ് ഈ ഭേദഗതി നിർദേശത്തിൽ കാണുന്നത്.
ഒരാൾക്ക് 7 കിലോഗ്രാം എന്ന പുതിയ ഭേദഗതി നിർദേശം വഴി നിലവിൽ ഒരു കുടുംബത്തിന് ഉറപ്പുനൽകുന്ന 35 കിലോഗ്രാം ഭക്ഷ്യധാന്യം, ചെറിയ കുടുംബങ്ങൾക്ക് വലിയ തോതിൽ നഷ്ടമാകുന്ന നിലയാണ്. അതേസമയം കുടുംബാംഗങ്ങളുടെ എണ്ണം എത്രതന്നെയായാലും അവർക്ക് ലഭിക്കുന്ന ആകെ വിഹിതം പ്രതിമാസം 35 കിലോഗ്രാം ആയി പരിമിതപ്പെടുത്തിയിരിക്കുകയുമാണ്.
കുടുംബാസൂത്രണവും ജനസംഖ്യാ നിയന്ത്രണവും മികച്ച രീതിയിൽ നടപ്പാക്കിയ കേരളം പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന രീതിയിലാണ് കേന്ദ്രത്തിന്റെ ഈ പുതിയ നീക്കം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മൊത്തം ഭക്ഷ്യധാന്യ വിഹിതം ഇല്ലാതാക്കാനാണ് കേന്ദ്രം നോക്കുന്നത്. 2011 ലെ സെൻസസ് പ്രകാരമുള്ള ഗുണഭോക്തൃ പട്ടിക പുതുക്കി അർഹരായ ലക്ഷക്കണക്കിന് ആളുകളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു പകരം കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വഴങ്ങി റേഷൻ സംവിധാനത്തെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
സാധാരണക്കാരന്റെ റേഷൻ അവകാശം കവർന്നെടുക്കുന്ന ഈ ഭേദഗതി അടിയന്തരമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം. കേന്ദ്രത്തിനെതിരെ ജനദ്രോഹ നടപടിക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതുമുണ്ട്. ഈ വിഷയത്തിൽ കേരളത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കാനും റേഷൻ അവകാശം സംരക്ഷിക്കാനും സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം.''















Click it and Unblock the Notifications