പിണറായിയുടേയും സ്വരാജിന്റെയും പ്രസംഗം കേള്‍ക്കാന്‍ ഇഷ്ടം; മനസ് തുറന്ന് ചിന്ത
കൊല്ലം: പ്രസംഗം കൊണ്ട് ഇടത് വേദികളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ആളാണ് ഡി വൈ എഫ് ഐ നേതാവും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ ചിന്ത ജെറോം. സ്‌കൂള്‍ കാലം തൊട്ടെ പ്രസംഗ മത്സരങ്ങളില്‍ പങ്കെടുക്കാറുള്ള ആളായിരുന്നു താന്‍ എന്ന് ചിന്ത പറയുന്നു. മാതൃഭൂമി ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം. സംസ്ഥാന മത്സരങ്ങളില്‍ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് എന്നും ചിന്ത പറഞ്ഞു.
ചെറുപ്പത്തിലൊക്കെ ഫാന്‍സി ഡ്രസ്സ്, നാടോടിനൃത്തം എന്നിവയിലൊക്കെയായിരുന്നു കൂടുതല്‍ താല്‍പര്യം എന്നും എന്നാല്‍ പിന്നീട് അധ്യാപകരായ മാതാപിതാക്കള്‍ പ്രസംഗത്തിന്റെ വഴിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു എന്നും ചിന്ത കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന സമയത്ത് മൈക്കുണ്ടായിരുന്നില്ല എന്നും ഉച്ചത്തില്‍ പറയണമായിരുന്നു എന്നതിനാലാണ് തന്റെ ഇപ്പോഴത്തെ പ്രസംഗ ശൈലി രൂപപ്പെട്ടത് എന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.

ട്രോളുകളില്‍ നിറഞ്ഞ ജിമിക്കി കമ്മല്‍ പ്രസംഗത്തെ കുറിച്ചും ചിന്ത മനസ് തുറന്നു. വളരെ ലൈറ്റ് ആയ വിഷയം എന്തിനാണ് ഇത്ര സീരിയസ് ആയി സംസാരിക്കുന്നതെന്ന് പലരും ചോദിച്ചിരുന്നു എന്നും ആ വീഡിയോ പലപ്പോഴും കാണുമ്പോള്‍ തനിക്കും ഇത് തോന്നിയിരുന്നു എന്നും ചിന്ത കൂട്ടിച്ചേര്‍ത്തു. കുറച്ചുകൂടി ലൈറ്റ് ആയി സംസാരിക്കണം എന്നൊക്കെ ചിന്തിക്കാറുണ്ട് എന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ സ്‌കൂള്‍കാലം തൊട്ടുള്ള ശൈലിയായതിനാല്‍ പെട്ടെന്ന് മാറില്ലെന്നും എങ്കിലും പൊതുയോഗങ്ങള്‍ക്കൊക്കെ പോകുമ്പോള്‍ സദസിന് അനുസരിച്ച് സംസാരിക്കാന്‍ ശ്രമിക്കാറുണ്ട് എന്നും ചിന്ത ജെറോം പറഞ്ഞു. രാഷ്ട്രീയ പ്രസംഗങ്ങളുടെ പ്രധാന ഉദ്ദേശ്യം അതിനകത്തെ ഉള്ളടക്കവും അത് ജനങ്ങളുമായി എങ്ങനെ സംവദിക്കുന്നു എന്നതുമാണ് എന്നും ചിന്ത പറഞ്ഞു. തന്റെ ഇഷ്ടപ്പെട്ട പ്രാസംഗികരെ കുറിച്ചും ചിന്ത മനസ് തുറന്നു.
അളന്ന് കുറിച്ച് വ്യക്തതയോടെയും സൂക്ഷ്മതയോടെയുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം വളരെ ശ്രദ്ധിക്കാറുണ്ട് എന്നും അതേത്തുടര്‍ന്ന് ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നൊക്കെ അഭിപ്രായ പ്രകടനങ്ങളുണ്ടായാലും പറഞ്ഞകാര്യങ്ങളിലുള്ള വ്യക്തതയില്‍ നിന്നു വിട്ടുമാറാറില്ല എന്നും ചിന്ത ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നാക്കുപിഴയോ പറയുന്നതില്‍ ക്ലാരിറ്റി കുറവോ കണ്ടിട്ടില്ല എന്നും ചിന്ത പറഞ്ഞു.
പുതിയ തലമുറയില്‍ എം സ്വരാജിന്റെ പ്രസംഗങ്ങള്‍ ഇഷ്ടമാണ്. അദ്ദേഹം നന്നായി തയ്യാറെടുത്ത് വന്ന് പ്രസംഗിക്കുമ്പോള്‍ പത്തിരുപത് പുസ്തകങ്ങള്‍ വായിച്ച പ്രതീതിയാണുണ്ടാവുക എന്നും രസകരമായി കേള്‍ക്കാവുന്ന രീതിയുള്ളതാണെങ്കില്‍ ഉഴവൂര്‍ വിജയന്‍ സാറിന്റെ പ്രസംഗങ്ങളും കേള്‍ക്കാനിഷ്ടമാണ് എന്നും ചിന്ത പറഞ്ഞു.












Click it and Unblock the Notifications