കേന്ദ്ര അവഗണന; മുഖ്യമന്ത്രിയും മന്ത്രിമാരും സമരം ചെയ്യാന്‍ ഡല്‍ഹിയിലേക്ക്, ഇന്ത്യാകക്ഷി നേതാക്കള്‍ക്കും ക്ഷണം
തിരുവനന്തപുരം: സംസ്ഥാനത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ സമരത്തിനിറങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. ഇത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന് എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനമായി. ഫെബ്രുവരി എട്ടിന് ജന്തര്‍ മന്തറിലാണ് സമരം. സമരത്തില്‍ ജനപ്രതിനിധികളെ അടക്കം പങ്കെടുപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
കേരള ഹൗസില്‍ നിന്ന് രാവിലെ 11.30 ന് ജാഥയായാണ് ജന്തര്‍ മന്തറിലേക്ക് എത്തുക. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിക്കും. ബി ജെ പി സമരത്തിന് ക്ഷണമുണ്ടായിരിക്കും. അതേസമയം ഇടത് സര്‍ക്കാരിന്റെ ജനപ്രീതി ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുകയാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപിച്ചു.

പണം അനുവദിക്കാതെ കേരളത്തില്‍ വികസന മുരടിപ്പ് ഉണ്ടാക്കുകയാണ്. ഡല്‍ഹിയിലെ സമര ദിവസം കേരളത്തില്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ച് വൈകിട്ട് 4 മുതല്‍ 6 മണിവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തും എന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. യു ഡി എഫ് എം പിമാരും എം എല്‍ എമാരും കൂടി പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്നും ഇ പി ജയരാജന്‍ പറഞ്ഞു.
കേരള ജനതയുടെ വികാരമായി പ്രതിഷേധം മാറണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എല്ലാ മേഖലയിലെയും എല്ലാ വിഭാഗം ആളുകളെയും അണിചേര്‍ക്കുന്നതായിരിക്കും പ്രക്ഷോഭം. കേരളമാകെ ഡല്‍ഹി പ്രക്ഷോഭ സന്ദേശം എത്തിക്കും എന്നും വിപുലമായ ക്യാമ്പയിന്‍ നടത്തുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് എന്നാണ് കേരളം പറയുന്നത്.
സുപ്രീംകോടതിയിലും ഈ നിലപാടാണ് കേരളം കൈക്കൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. കേന്ദ്രത്തിന്റേത് പ്രതികാര സമീപനമാണെന്ന് ഇ പി പറഞ്ഞു. അര്‍ഹതപ്പെട്ട പണം പോലും നല്‍കാതെ സംസ്ഥാനത്ത് വികസന മുരടിപ്പ് സൃഷ്ടിക്കുകയാണ് കേന്ദ്രം എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്ന കാര്യം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു. നേരത്തെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും എല്‍ ഡി എഫ് ഡല്‍ഹിയിലെത്തി അന്നത്തെ കേന്ദ്ര സര്‍ക്കാരിന് എതിരെ സമരം നടത്തിയിരുന്നു.












Click it and Unblock the Notifications