വര്‍ഗീയതയെ എതിര്‍ക്കുമ്പോള്‍ ഏതെങ്കിലും മതത്തിന് എതിരല്ല; മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: വര്‍ഗീയതയെ എതിര്‍ത്ത് പറയുമ്പോള്‍ അത് ഏതെങ്കിലും മതവിഭാഗത്തിനെതിരെയല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെതിരെ പറയുമ്പോള്‍ ഹിന്ദുക്കളെയോ, ജമാഅത്തെ ഇസ്ലാമിക്കെതിരെയോ എസ്ഡിപിഐക്കെതിരെയോ പറയുമ്പോള്‍ മുസ്ലിങ്ങളെയോ അല്ലല്ലോ എതിര്‍ക്കുന്നത്. എല്ലാ മതവിഭാഗങ്ങളിലുമുള്ള മഹാഭൂരിപക്ഷവും മതനിരപേക്ഷ ചിന്താഗതിക്കാരാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മതനിരപേക്ഷത ശക്തിപ്പെടുത്തിയാലേ വര്‍ഗീയതയെ നേരിടാനാകൂ. അപരമതവിദ്വേഷം വളര്‍ത്തുന്നവരെ തുറന്നുകാണിക്കണം. നാട്ടില്‍ മതനിരപേക്ഷതയും സമാധാനവും പുലരുക എന്നത് പ്രധാനമാണ്. യുഡിഎഫിന്റെ നിലപാടുകളുടെ ഭാഗമായാണ് കേരളത്തില്‍ വര്‍ഗീയപ്രശ്‌നങ്ങള്‍ ആളിക്കത്തുന്ന നിലയുണ്ടായത്. വര്‍ഗീയ സംഘര്‍ഷങ്ങളെ നേരിടുന്നതില്‍ കൃത്യതയാര്‍ന്ന നിലപാട് യുഡിഎഫ് സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

വര്‍ഗീയശക്തികള്‍ കേരളം വിട്ടുപോയിട്ടൊന്നുമില്ല. പക്ഷേ, അവര്‍ക്ക് ഇപ്പോള്‍ അഴിഞ്ഞാടാന്‍ കഴിയുന്നില്ല. വര്‍ഗീയ ശക്തികള്‍ തലപൊക്കാന്‍ ശ്രമം നടത്തിയാല്‍ കര്‍ശനമായ നടപടികളിലൂടെ നേരിടുന്നതാണ് ഇന്നത്തെ സര്‍ക്കാരിന്റെ രീതി. അതാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലെ വ്യത്യാസം എന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
യുഡിഎഫിനെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ് എന്ന എകെ ബാലന്റെ പ്രതികരണത്തില്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കി. ബിജെപിയുടെ രാജീവ് ചന്ദ്രശേഖര്‍ പറയുന്നതും ഞങ്ങള്‍ പറയുന്നതും ഒരേ ശബ്ദമല്ല. ഞങ്ങള്‍ പറയുന്നത് മതനിരപേക്ഷത ശക്തിപ്പെടുത്താനാണ്. മതനിരപേക്ഷത ശക്തിപ്പെടുന്നതില്‍ ബിജെപിക്ക് താല്‍പ്പര്യമില്ലെന്ന് നമുക്ക് അറിയാമല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയത വച്ച് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരുണ്ട്. ഞങ്ങള്‍ ആ ഗണത്തില്‍പ്പെട്ടവരല്ല. മുമ്പ് മുഖ്യമന്ത്രിയായിരിക്കെ എകെ ആന്റണി എന്തെല്ലാം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ സംഘടിതരാണ് എന്ന് പറഞ്ഞ് വിദ്വേഷം ജനിപ്പിക്കുന്ന കാര്യങ്ങളാണ് പറഞ്ഞത്. ന്യൂനപക്ഷങ്ങള്‍ വിലപേശല്‍ നടത്തുന്നു എന്ന് ആന്റണി പറഞ്ഞു. മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റ് നല്‍കരുത് എന്ന് സികെ ഗോവിന്ദന്‍ നായര്‍ പറഞ്ഞുവെന്ന് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരിക്കെ പറഞ്ഞില്ലേ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം വിവാദമായ വേളയില്‍ വിഡി സതീശന്റെ സ്വരം എങ്ങനെയായിരുന്നു. അപക്വമായ തീരുമാനങ്ങളാണ് നാം എടുത്തത് എന്ന് സതീശന്‍ പറഞ്ഞു. മലബാറില്‍ 33 സ്‌കൂളുകള്‍ അനുവദിച്ചപ്പോള്‍ സതീശന്‍ പറഞ്ഞത് എന്താണ്. ഭൂരിപക്ഷത്തിന്റെ ഏകീകരണം ഉണ്ടാക്കുമെന്ന് സതീശന്‍ പറഞ്ഞില്ലേ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് തരാതരം പോലെ നിലപാട് മാറ്റുന്നു. ഞങ്ങള്‍ക്ക് സ്ഥായിയായ നിലപാടാണ്. വര്‍ഗീയതുമായി യാതൊരു ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications