'സയണിസവും ആര്‍എസ്എസും ഇരട്ട സഹോദരങ്ങള്‍'; വിമര്‍ശിച്ച് പിണറായി, പ്രതികരിച്ച് രാജീവ്
ഇസ്രായേലിലെ സയണസിവും ഇന്ത്യയിലെ ആര്‍എസ്എസും ഇരട്ട സഹോദരങ്ങള്‍ ആണ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ ബിജെപി. കണ്ണൂരില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങള്‍ പങ്കുവച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രേേശഖരിന്റെ പ്രതികരണം.
ഗാസയിലെ കൂട്ടക്കൊലയില്‍ ഇസ്രായേലിനെതിരെ ലോകവ്യാപക പ്രതിഷേധം തുടരുകയാണ്. ഈ വേളയിലാണ് സയണിസത്തെയും ആര്‍എസ്എസിനെയും സഹോദരങ്ങള്‍ എന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചത്. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തില്‍ 100 രൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കിയ നരേന്ദ്ര മോദിയുടെ നടപടിയെയും പിണറായി വിജയന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇതിനെതിരെയാണ് രാജീവ് ചന്ദ്രശേഖരന്റെ പ്രതികരണം.

രാജീവ് ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''മുസ്ലീം പ്രീണനത്തിനായി പിണറായി വിജയനും രാഹുല്‍ ഗാന്ധിയും പോലുള്ള രാഷ്ട്രീയക്കാര്‍ നിരാശാജനകമായ നുണകളും വാചാടോപങ്ങളും നടത്തുകയാണ്. എന്നാല്‍, സത്യം തിരിച്ചറിയേണ്ടതുണ്ട്. സ്റ്റാലിനെയും മാവോയെയും പോലുള്ള ഏകാധിപതികള്‍ ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കാന്‍ ഉപയോഗിച്ച വിദേശ പ്രത്യയശാസ്ത്രമായ മാര്‍ക്‌സിസത്തിലാണ് പിണറായി വിജയനും സിപിഎമ്മും വിശ്വസിക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തെ ഭരണം കൊണ്ട് പിണറായി വിജയനും സിപിഎമ്മും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തു. സംസ്ഥാനത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും വര്‍ധിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, സഹകരണ മേഖലകളെയും സര്‍ക്കാര്‍ നശിപ്പിച്ചു. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ പിണറായി സര്‍ക്കാര്‍, ഭരണനേട്ടങ്ങള്‍ ചര്‍ച്ചയാവാതിരിക്കാന്‍ മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ്.
അഴിമതി, കുടുംബവാഴ്ച, നുണകള്‍, ചൂഷണം എന്നിവയുടെ കാര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരേ ആശയക്കാരാണ്. അവരെ അഴിമതിയുടെയും കുടുംബവാഴ്ചയുടെയും ഇരട്ടകള്‍ എന്ന് വിളിക്കാം. പതിറ്റാണ്ടുകളായി പിണറായി വിജയന്‍ ആര്‍എസ്എസിനെയും ബിജെപിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. നിങ്ങളുടെ അക്രമരാഷ്ട്രീയം കൊണ്ട് അവരെ ഇല്ലാതാക്കാന്‍ നോക്കി. ഞങ്ങളുടെ എം.പി സദാനന്ദന്‍ മാഷ് താങ്കളുടെ ഈ മൂന്നാംകിട രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ഇരയാണ്.
ശക്തമായ ഭാരതത്തിനുവേണ്ടി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് ആര്‍എസ്എസ്. കടമെടുത്ത ആശയങ്ങളെ ആശ്രയിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്ന നിങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ആര്‍എസ്എസ് എല്ലാ ഭാരതീയര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ നുണയുടെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയം കാലഹരണപ്പെട്ടു. അത് അംഗീകരിച്ച്, ഇത്തരം പ്രസ്താവനകളിലൂടെ ഇനിയും സ്വയം നാണംകെടരുത്.''












Click it and Unblock the Notifications